ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബോർഡ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി അദ്ദേഹം അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടയിലാണ് സിബിഐ അന്വേഷണമുണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ് തന്നെ അറിയിച്ചത്. ട്രെയിൻ അപകടത്തിൽ റെയിൽവേയുടെ ആഭ്യന്തര അന്വേഷണത്തിന് പുറമേ മറ്റ് ഏജൻസികളെ പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ സൂചന നൽകിയിരുന്നു.
ട്രെയിൻ അപകടമുണ്ടായ ബാലസോറിലെ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ ഇന്നത്തോടെ പൂർത്തിയാകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചിരുന്നു. എല്ലാം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞു. 'അപകടത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. ട്രാക്കിന്റെ പണി ഇന്ന് തന്നെ തീർക്കും. ബുധനാഴ്ച രാവിലെയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.'- മന്ത്രി പറഞ്ഞു.
ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ തീവ്ര ശ്രമത്തിലാണ് റെയിൽവേ. രാവും പകലും ആയിരത്തിലധികം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും, ക്രെയിനുകളുമൊക്കെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അതേസമയം ട്രെയിനപകടത്തിലെ മരണസംഖ്യ 275 ആയി ഉയർന്നിരുന്നു. ഇനിയും 88 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. ബന്ധുക്കൾക്ക് തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ചിത്രം ഒഡീഷ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |