തിരുവനന്തപുരം: രണ്ടര ഏക്കർ ഭൂമിയിൽ പരിസ്ഥിതിക്ക് കൂട്ടായി 52 വീടുകൾ. ടാർ ചെയ്യാത്ത, ഭൂമിക്ക് ശ്വാസം പകരുന്ന ചെമ്മൺ പാത. വീടുകളെ വേർതിരിക്കാൻ മതിലുകളോ, വേലികളോ ഇല്ല. മരങ്ങൾ നിറഞ്ഞ, മരുന്ന് ചെടികളുടെ മണം കിനിയുന്ന ഗ്രാമം. ഇത് എറണാകുളം കുറുമശേരിയിൽ ചാലക്കുടി പുഴയോരത്തെ മൂഴിക്കുളംശാല ജൈവകാമ്പസ്. സ്ഥിരതാമസക്കാരായി 30 കുടുംബങ്ങൾ ഇപ്പോഴുണ്ട്. സർക്കാർ ജീവനക്കാർ അടക്കമുള്ള ഇടത്തരക്കാരാണ് താമസക്കാർ. കുട്ടികൾ അടക്കം നൂറിലേറെപ്പേരുണ്ട്.
മണ്ണിനും മരങ്ങൾക്കുമൊപ്പം പച്ചപ്പിൽ ജീവിക്കുന്ന കമ്മ്യൂണിറ്റി ലിവിംഗ് എന്ന തനതുസംസ്‌കാരം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയത് ടി.ആർ. പ്രേംകുമാർ. ഡി.സി ബുക്ക്സിൽ ജോലിചെയ്യവേ വായിച്ച സ്വാമി രാമയുടെ 'ലിവിംഗ് വിത്ത് ദി ഹിമാലയൻ മാസ്റ്റേഴ്സ്" എന്ന പുസ്‌തകമാണ് പരിസ്ഥിതി സൗഹൃദഗ്രാമം എന്ന ആശയത്തിന് പിറവിയേകിയത്. സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ചാലക്കുടി പുഴയോരത്തെ 2.40 ഏക്കർ സ്ഥലം എല്ലാവരും ചേർന്ന് വാങ്ങി. വൃക്ഷങ്ങളെ ചേർത്തുനിറുത്തി വീടുകൾ ഒരുങ്ങി. അഞ്ചുസെന്റ് പ്ളോട്ടുകളിൽ 23 വീടുകൾ. ഒറ്റമുറിയും അടുക്കളയും അടങ്ങുന്ന 29 വീടുകൾ ഓരോ സെന്റിലാണ്.
നിർമ്മാണരീതിയാകട്ടെ കഴിയുന്നത്ര പ്രകൃതി വിഭവങ്ങൾ കുറച്ചുകൊണ്ടുള്ള ലാറി ബേക്കർ ശൈലിയിൽ.
സാമഗ്രികളുടെ വില കൂടിയപ്പോൾ വീട് പണി ഞെരുക്കത്തിലായെങ്കിലും കൂടെ ഇറങ്ങിയവരെ പാതി വഴിയിലാക്കിയില്ല. സ്വന്തമായി ഉണ്ടായിരുന്ന 12 സെന്റ് സ്വന്തം സ്ഥലം വിറ്റ് പ്രശ്‌നം പരിഹരിച്ചു.
2011 മേടം ഒന്നിന് മൂഴിക്കുളംശാലയിൽ അവർ താമസമായി.
അത്തി, ഇത്തി ,അരയാൽ, പേരാൽ, പ്ലാവ്, മാവ് , മുരിങ്ങ, മുള ,ഔഷധ സസ്യങ്ങളടക്കം തണൽ വിരിക്കുന്ന മൂഴിക്കുളംശാല ജൈവ കാമ്പസിൽ കിളികളും പൂമ്പാറ്റകളും പാറിപ്പറക്കുകയാണ്. വിദേശികളടക്കം നിരവധി പേരാണ് കാഴ്ചകൾ കാണാനെത്തുന്നത്.
മതിലില്ലാത്ത മനസുകൾ
കാമ്പസിലേക്കുള്ള പ്രവേശന കവാടം അടയ്ക്കാറില്ല. ആർക്കും എപ്പോഴും കടന്നുവരാം. ഗ്രാമത്തിലുള്ളവർ എല്ലാമാസവും വിശാലമായ മുറ്റത്ത് ഒത്തുചേർന്ന് ഭക്ഷണമുണ്ടാക്കി കഴിച്ച് സൗഹൃദത്തിന് കരുത്തുപകരും. പല മതവിശ്വാസികളാണിവർ. നട്ടുവളർത്തുന്ന പഴങ്ങളും പച്ചക്കറികളും എല്ലാവർക്കുമുള്ളതാണ്. ഞാറ്റുവേല, ഇക്കോഷോപ്പ്, പരിസ്ഥിതി സൗഹൃദ ജീവിതം, പൗർണ്ണമിക്കൂട്ടായ്മകൾ, ഋതുചര്യ, വയൽയാത്ര, വഞ്ചിയാത്ര, കാർബൺ ന്യൂട്രൽ പൊതുഅടുക്കള, നാട്ടുചന്തകൾ... എന്നിങ്ങനെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പതിവായി നടക്കുന്നു.
മൂഴിക്കുളത്തിന്റെ പൗരാണിക പ്രാധാന്യം
എ.ഡി 820 ൽ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) തലസ്ഥാനമാക്കി കുലശേഖര വർമ്മനാണ് ചേരസാമ്രാജ്യം സ്ഥാപിച്ചത്. അതിന്റെ കീഴിലെ പാഠശാലകളിലൊന്നായിരുന്നു മൂഴിക്കുളംശാല. കാന്തള്ളൂർ ശാല (തിരുവനന്തപുരം വലിയശാല), പാർത്ഥിവപുരം ശാല (മാർത്താണ്‌ഡത്തിന് സമീപം) , തിരുവല്ല ശാല എന്നിവയാണ് മറ്റുള്ളവ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |