ആഡംബര ട്രെയിനുകൾ ഇറക്കി ഇന്ത്യൻ റെയിൽവേ ലോകനിലവാരത്തിലേക്ക് ഉയർന്നെന്ന് അഭിമാനിക്കുമ്പോഴും സുരക്ഷയുടെ കാര്യത്തിൽ നമ്മുടെ റെയിൽവേ ഏറെ പിന്നിലാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഒഡിഷ ദുരന്തം. കവച് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ വിപുലീകരിക്കാനുള്ള ശ്രമം റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കവച് ഫലപ്രദമായി ഉപയോഗിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.
റെയിൽവേയിൽ ലക്ഷക്കണക്കിന് തസ്‌തികകൾ ഒഴിഞ്ഞു കിടക്കുമ്പോൾ അതൊന്നും നികത്താൻ നടപടിയെടുക്കുന്നതിന് പകരം ഉള്ള ജീവനക്കാർക്ക് അധികജോലിഭാരം അടിച്ചേൽപ്പിക്കുകയാണ് റെയിൽവേ. സംവിധാനത്തിന്റെ പ്രവർത്തനത്തെ തന്നെ താളം തെറ്റിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ട്രെയിനുകളിൽ സിസിടിവി ,പാനിക് ബട്ടൺ എന്നിവ സ്ഥാപിക്കുമെന്ന് ആഘോഷത്തോടെ പ്രസ്താവിച്ച റെയിൽവേയുടെ ആ പദ്ധതിയും ഇനിയും ഏറെദൂരം എത്തിയിട്ടില്ല എന്നത് യാഥാർത്ഥ്യം. സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക, ആർഭാട ട്രെയിനുകൾ ഇറക്കി യാത്രാസൗകര്യം വർദ്ധിപ്പിക്കുക എന്നിവ ആവശ്യമാണെങ്കിലും ട്രെയിൻ യാത്രയിലെ സുരക്ഷാ വർദ്ധിപ്പിക്കുന്നതിലാകണം ഇന്ത്യൻ റെയിൽവേ മുഖ്യ പരിഗണന നൽകേണ്ടത്.
അജയ്.എസ്.കുമാർ
പ്ലാവോട്, തിരുവനന്തപുരം
ആ സാധുജീവിയെ
ഇനി ദ്രോഹിക്കരുത്
രണ്ട് മിഷനുകളിലൂടെ കടന്നുപോയ അരിക്കൊമ്പന്റെ സ്ഥിതി വേദനയുളവാക്കുന്നു. തുമ്പിക്കൈയ്ക്ക് പരിക്കേറ്റു, ക്ഷീണിതനുമായ ആ ജീവിയെ ഇനി ദ്രോഹിക്കരുത്. തമിഴ്നാട് അരിക്കൊമ്പനെ പിടികൂടി മോചിപ്പിച്ചിട്ടുണ്ട്. കാട്ടിലെ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറുന്ന മനുഷ്യൻ ഒരു ദയയുമില്ലാതെയാണ് വന്യമൃഗങ്ങളോട് പെരുമാറുന്നത്. അവരുടെ സ്വൈരജീവിതം ഉറപ്പാക്കേണ്ടത് പരിഷ്കൃത ജീവിയെന്ന് അഭിമാനിക്കുന്ന മനുഷ്യന്റെ കടമയല്ലേ. വനത്തിൽത്തന്നെ സ്വസ്ഥമായി ജീവിക്കാൻ അവയ്ക്ക് അവസരം ഒരുക്കുന്നതിനൊപ്പം അവ നാട് കൈയേറി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകാതിരിക്കാൻ ഭരണകൂടങ്ങൾ മുൻകരുതൽ സ്വീകരിക്കണം.
വേണുഗോപാലൻ
കണ്ണൂർ
മരക്കൊമ്പുകൾ
വെട്ടിമാറ്റണം
മൺസൂൺ അല്പം വൈകുന്നുണ്ടെങ്കിലും അതിശക്തമായ രീതിയിൽ പെയ്യാനാണ് സാദ്ധ്യത. പലയിടങ്ങളിലും റോഡുകളോട് ചേർന്നുള്ള വൻമരങ്ങൾ വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും വൻഭീഷണിയാണ്. മിക്കയിടങ്ങളിലും റോഡരികുകളിലെ മരക്കൊമ്പുകളും അപകടഭീഷണിയുയർത്തുന്ന മരങ്ങളും മുറിച്ചുനീക്കാൻ അധികൃതർ തയാറായിട്ടില്ല. അതിശക്തമായ കാറ്റും മഴയും വരാനിരിക്കെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ കാണിക്കുന്ന അലംഭാവം ആളുകളുടെ ജീവന് തന്നെ അപകടമാണ്. മുൻപും ഇത്തരത്തിൽ പല അപകടങ്ങളും സംഭവിച്ചിട്ടുമുണ്ട്. അതിനാൽ ഈ വിഷയത്തിൽ അധികൃതരുടെ അടിയന്തരശ്രദ്ധ പതിയണം.
റാണി ജ്യോതിഷ്
തിരുവല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |