ഒരു പുതിയ അദ്ധ്യയന വർഷംകൂടി ആരംഭിക്കുകയാണെല്ലോ, ഈ അവസരത്തിൽ കുട്ടികൾക്ക് ഈ വർഷം എങ്ങനെ ഫലപ്രദമാക്കാം എന്നതിനെ ആസ്പദമാക്കി ചില കാര്യങ്ങൾ സൂചിപ്പിക്കാം. കൊവിഡിനും ലോക്‌ഡൗണിനും ശേഷം വിദ്യാർത്ഥികൾ കൂടുതൽ സങ്കീർണമായ പ്രതിസന്ധികൾ ആണ് അഭിമുഖീകരിക്കുന്നത്. പല മാതാപിതാക്കളും അവ എങ്ങനെ കൈകാര്യം ചെയ്യണം എന്നോർത്തു ആശങ്കപ്പെടാറുണ്ട്.
മാനസികാരോഗ്യപരമായി ചിന്തിക്കുമ്പോൾ ആധുനിക സമൂഹം മുന്നോട്ടു വയ്ക്കുന്ന പല ആശയങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ മിക്കവാറും കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇവ താല്കാലികമായും ഹ്രസ്വകാല അടിസ്ഥാനത്തിലും കൗമാരക്കാരെ പെട്ടെന്ന് ആകർഷിക്കുകയും വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ അവയിൽ പെട്ടുപോകയും ചെയ്യുന്നത് ഇന്ന് സർവസാധാരണമായ സംഭവങ്ങൾ ആണ്. അപക്വമായ പ്രണയ ബന്ധങ്ങൾ, മയക്കുമരുന്ന് ഉപയോഗം, മൊബൈൽ-ഇന്റർനെറ്റ് - ജങ്ക് ഫുഡ് അടിമത്തം, വാശി തുടങ്ങിയവ കുട്ടികളിൽ വളരെ ദോഷകരമായ രീതിയിൽ കൂടിവരുന്നു.
1. ഫാമിലി ടൈം കണ്ടെത്തുക
പല മാതാപിതാക്കളും പല കാര്യങ്ങളിൽ തിരക്കുമായി നടക്കുന്നവരാണ്. അവർ സാധാരണ പറയുന്നത് കുട്ടികൾക്കുവേണ്ടുന്നതെല്ലാം വാങ്ങി കൊടുക്കുന്നു എന്നാണ്. എന്നാൽ കുട്ടികൾക്ക് എന്ത് വാങ്ങികൊടുക്കുന്നതിലും പ്രധാനം അച്ഛനും അമ്മയും അവരോടൊപ്പം സമയം ചിലവഴിക്കുക എന്നതാണ്. എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനും കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും സമയം കണ്ടെത്തണം. അവിടെ ആണ് ജീവിതം ഉണ്ടാകുന്നത്; അല്ലാതെ എന്തിനോ വേണ്ടി എപ്പോഴും ഓടി നടക്കുന്നതിൽ അല്ല. കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാനും ജീവിതമൂല്യങ്ങൾ പറഞ്ഞുകൊടുക്കാനും ഉള്ള ഒരു വേദികൂടിയാണ് ഇത്. മാതാപിതാക്കൾ ഇതുചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും അത് ഏറ്റെടുക്കുകയും കുട്ടികളെ വഴിതെറ്റിക്കുകയും ചെയ്യും.
2. കുട്ടികളുടെ പ്രത്യേകതകൾ അറിയുക
കൗമാരക്കാരായ കുട്ടികൾ കൂടുതലും വളരെയേറെ ഊർജസ്വലരും ആവേശം കൂടുതൽ ഉള്ളവരും വലിയ ജിജ്ഞാസ ഉള്ളവരും എടുത്തുചാടി കാര്യങ്ങൾ ചെയ്യുന്നവരും ആണ്. യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേരുമ്പോൾ അപകടകരമായ സാഹചര്യത്തിലേക്ക് ആണ് എത്തുക. ഇവ നമുക്ക് പൂർണ്ണമായും കണ്ടില്ല എന്ന് നടിക്കാനോ പൂർണമായും വിലക്കാനോ സാധിക്കുക ഇല്ല. ആയതിനാൽ, മാതാപിതാക്കൾ വിവേകപൂർണമായി കുട്ടികളെ അറിഞ്ഞു ഇടപെടേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ കുട്ടികളുടെ കഴിവുകൾ കൂടുതൽ ക്രിയേറ്റീവ് ആണോ ഇന്റലിജന്റ് ആണോ എന്ന് കഴിവതും നേരത്തെ മനസിലാക്കാൻ വേണ്ടി ശ്രമിക്കുക. കാരണം, ക്രിയേറ്റീവ് ആയകുട്ടികൾ മത്സരപരീക്ഷകളിൽ പിന്നോക്കം പോകാൻ സാദ്ധ്യത ഉണ്ട്. അവർക്ക് അനുയോജ്യമായ മറ്റു മേഖലകൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുക. അല്ലാതെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക.
3. കൂട്ടുകാരെ അറിയുക
കുട്ടികളെ സംബന്ധിച്ചടത്തോളം സാമൂഹിക ഇടപെടലുകളും ബന്ധങ്ങളും അത്യാവശ്യമാണ്. ആയതിനാൽ, മക്കളുടെ കൂട്ടുകാർ ആരൊക്കെയെന്ന് അറിയാൻ വേണ്ടി ശ്രമിക്കുക. പ്രത്യേകിച്ച് ഏറ്റവും അടുത്ത കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും കുറിച്ച് അറിയുകയും അവരുമായി സംസാരിക്കുകയും ഒരു നല്ല ബന്ധം നിലനിർത്താനും വേണ്ടി ശ്രമിക്കുക. ഇത് തെറ്റായ കൂട്ടുകെട്ടുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് സാധിക്കും.
4. മൊബൈലും ഇന്റർനെറ്റും
സ്കൂളിൽ പഠിക്കുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി മൊബൈൽ ഫോണിന്റെ ആവശ്യം ഇല്ല. സ്‌കൂളിലെ വിവരങ്ങൾ അറിയാൻ മാതാപിതാക്കളുടെ ഫോൺ വഴി അറിയുന്നത് ആണ് നല്ലത്. കമ്പ്യൂട്ടർ, ടാബ് തുടങ്ങിയ ഉപകരണങ്ങൾ എല്ലാവർക്കും കാണും വിധം ഹാളിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കുക. രാത്രി സ്ഥിരമായി വൈകി ഉറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
5. വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുക
കുട്ടികളെ കൊണ്ട് സ്വന്തമായി വസ്ത്രം പോലും അലക്കിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കാറില്ല. എപ്പോഴും പഠിക്കൂ പഠിക്കൂ എന്ന് പറഞ്ഞുകൊണ്ടിരിക്കും. വീട്ടിൽ ചെയ്യേണ്ട ജോലികളും സ്വന്തം കാര്യങ്ങളും പരമാവധി ചെയ്യിപ്പിക്കുക. ഇവ കുട്ടികളിൽ ജീവിതത്തെ കുറിച്ച് ഒരു യാഥാർഥ്യ ബോധം ഉളവാകുന്നതിനു കാരണമാകും.
മാതാപിതാക്കൾ നല്ല മാതൃകയും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവർ ആണെങ്കിൽ മാത്രമേ കുട്ടികളെയും നല്ല രീതിയിൽ വളർത്താൻ സാധിക്കുകയുള്ളു. പിതാവും മാതാവും തമ്മിൽ നല്ല ഐക്യവും ബന്ധവും അത്യാവശ്യമാണ്. കുട്ടികളെ ശരിയായി എത്ര നേരത്തെ അച്ചടക്കത്തോടെ പരിശീലിപ്പിക്കുന്നുവോ അത്രയും നല്ല കുട്ടികൾ ആവാനുള്ള സാദ്ധ്യത കൂടുതൽ ആണ്. ഓർക്കുക, കുട്ടികളെ നല്ല ജീവിത മൂല്യങ്ങൾ പരിശീലിപ്പിക്കേണ്ടത് സമൂഹമോ സ്കൂളോ ഗവണ്മെന്റോ അല്ല. അത് മാതാപിതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യമാണ്. കുട്ടികൾക്ക് നല്ല ഒരു അദ്ധ്യായന വർഷം നേരുന്നു.
നിതിൻ എ എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് SUT ഹോസ്പിറ്റൽ പട്ടം തിരുവനന്തപുരം. Mob: 9496341841 Email: nithinaf@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |