കണ്ണൂർ: 'ഹരീഷ് മദ്യപാനിയായിരുന്നില്ല", കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ സുഹൃത്തുക്കളുടെ ഈ ഓർമ്മപ്പെടുത്തൽ മലയാളികൾ തിരിച്ചറിയണമെന്ന് ഡോക്ടർമാർ. ഹരീഷിനെ ബാധിച്ച കൊഴുപ്പ് അടിഞ്ഞുള്ള കരൾരോഗം (നോൺ ആൾക്കഹോളിക് ഫാറ്റിലിവർ) മലയാളികളിൽ വ്യാപകമാണ്. 1000 പേരെ പരിശോധിക്കുമ്പോൾ, 400 പേർക്കും ഫാറ്റി ലിവറുണ്ടെന്ന് അടുത്തിടെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുമാരുടെ സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സ്ത്രീകളിലും രോഗം വ്യാപകമാണ്.
അമിത വണ്ണമുള്ളവരിൽ 50 മുതൽ 80 ശതമാനം പേർക്കും രോഗമുണ്. അമിത വണ്ണമുള്ള അറുപതു ശതമാനം കുട്ടികൾക്കും ഫാറ്റിലിവറുണ്ടെന്നും പഠനങ്ങളിലുണ്ട്. കഴിഞ്ഞ നാഷണൽ ഹെൽത്ത് സർവേ റിപ്പോർട്ടിൽ പഞ്ചാബ് കഴിഞ്ഞാൽ കുട്ടികളുടെ പൊണ്ണത്തടിയിൽ മുന്നിൽ കേരളമാണ്.
ഫാറ്റി ലിവർ
1. ആഗോള ജനസംഖ്യയിൽ 25 ശതമാനം പേർക്കും മദ്യപാനവുമായി ബന്ധമില്ലാത്ത ഫാറ്റിലിവർ രോഗമുണ്ട്.
2. കരളിൽ അഞ്ച് ശതമാനത്തിലേറെ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണിത്.
3. 40 പിന്നിട്ട പുരുഷൻമാരിലും 55 കഴിഞ്ഞ സ്ത്രീകളിലുമാണ് കണ്ടുവരുന്നത്.
4. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, അമിതവണ്ണം, പ്രമേഹം, വ്യായാമമില്ലായ്മ, ഭക്ഷണരീതി, ലഹരി ഉപയോഗം എന്നിവ രോഗത്തിന് കാരണമാവാം
5. സിറോസിസ് വന്നവരിൽ രണ്ടു മുതൽ അഞ്ചു ശതമാനം പേരിൽ ലിവർ കാൻസറിന് സാദ്ധ്യതയുണ്ട്.
അമിത മരുന്നും വില്ലൻ
അമിതമായി മരുന്ന് ഉപയോഗിക്കുന്ന മലയാളി കരൾ രോഗവും ക്ഷണിച്ചു വരുത്തുകയാണ്. മരുന്നുകളിലെ രാസപദാർത്ഥങ്ങൾ കരളിനെ സാരമായി ബാധിക്കും.
പരിഹാരം ജീവിത ശൈലി മാറ്റം
1. മതിയായ പ്രോട്ടീൻ നൽകിയാൽ പേശികളുടെ ബലക്ഷയം തടയാം. ഭക്ഷണം വയർ നിറച്ച് കഴിക്കാതെ,
പല തവണയായി കഴിക്കണം. പഞ്ചസാരയുള്ള പാനീയങ്ങൾ, പ്രോസസ് ചെയ്ത ആഹാരങ്ങൾ ഒഴിവാക്കണം.
2. ആഹാരത്തിൽ കൂടുതലായി ധാന്യങ്ങളും പച്ചക്കറികളും മത്സ്യവും ആരോഗ്യകരമായ കൊഴുപ്പും ഉൾപ്പെടുത്തണം. ചിട്ടയോടെയുള്ള വ്യായാമവും വേണം.
എങ്ങനെ കണ്ടുപിടിക്കാം
ലിവർ ഫംഗ്ഷൻ ടെസ്റ്റ്, വയറിന്റെ അൾട്രാസൗണ്ട് സ്‌കാനിംഗിലൂടെ കണ്ടുപിടിക്കാം. തുടർച്ചയായ പരിശോധനകളിലൂടെ രോഗം സങ്കീർണമാവാതെ ഒരു പരിധിവരെ തടയാൻ കഴിയും.
'നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം. രോഗം ഹൃദയം, വൃക്ക എന്നിവയെയും ബാധിക്കും. കാൻസർ വരെയായി മാറാം".
- ഡോ. കെ.ജി. സാബു,
ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ്, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |