വിദ്യാഭ്യാസ പരിഷ്കാര നടപടികളിൽ കേരളം എപ്പോഴും ഒരുപടി പിന്നിലായിരിക്കും. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയമനുസരിച്ച് പല സംസ്ഥാനങ്ങളും മൂന്നുവർഷ ബിരുദകോഴ്‌സ് അവസാനിപ്പിച്ച് നാലുവർഷ കോഴ്സിലേക്കു കടന്നിരുന്നു. കേരളമാകട്ടെ മുന്നൊരുക്കങ്ങളൊന്നും പൂർത്തിയാക്കാത്തതിനാൽ മാറ്റം അടുത്ത അദ്ധ്യയന വർഷത്തിൽ മതിയെന്നു തീരുമാനിച്ചിരിക്കുകയാണ്. സർവകലാശാലകൾക്ക് താത്‌പര്യമുണ്ടെങ്കിൽ ഏതാനും നാലുവർഷ കോഴ്സുകളെങ്കിലും ഈ വർഷം തന്നെ തുടങ്ങാമെന്നാണ് സർക്കാർ നിലപാട്. അതനുസരിച്ച് കേരള സർവകലാശാല ഇക്കൊല്ലം തന്നെ ഏതാനും കോഴ്സുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. ത്രിവത്സര ബിരുദകോഴ്സുകൾ ഈ വർഷം കൂടിയേ ഉണ്ടാവൂ. അടുത്ത അദ്ധ്യയനവർഷം മുതൽ നാലുവർഷ ബിരുദ കോഴ്സാകും സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും കീഴിലുള്ള കോളേജുകളിൽ. നാലുവർഷ കോഴ്സിന്റെ അവസാനം ഓണേഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കും. അഥവാ മൂന്നാം വർഷാവസാനം പഠിപ്പുനിറുത്താൻ ആഗ്രഹിക്കുന്നവർക്ക് അതുമാകാം. ഇവർക്ക് താത്‌പര്യമുള്ളപക്ഷം പിന്നീട് ഇതേ കോഴ്സിൽ തുടർ പഠനത്തിനുള്ള സൗകര്യവും ഉണ്ടാവും. അതുപോലെ ഈ വർഷം ത്രിവത്സര ബിരുദ കോഴ്സിനു ചേരുന്നവർക്ക് രണ്ടുവർഷം കഴിഞ്ഞ് ഓപ്‌ഷൻ നല്‌കി നാലുവർഷ കോഴ്സിലേക്കു മാറാനും അവസരമുണ്ടാകും. നാലാംവർഷം പ്രധാനമായും ഗവേഷണത്തിനാണു പ്രാധാന്യം നല്‌കുന്നത്. തൊഴിൽ പരിശീലനത്തിനുള്ള സൗകര്യവും നല്‌കും.
വിദേശരാജ്യങ്ങളിൽ ഇന്ത്യയിലെ ത്രിവത്സര ബിരുദ കോഴ്സിന് അംഗീകാരമില്ല. വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിനു പോകുന്ന കുട്ടികൾ നേരിടുന്ന പ്രയാസങ്ങളിലൊന്ന് ഇതാണ്. പഠനശേഷം വിദേശത്തുതന്നെ മെച്ചപ്പെട്ട തൊഴിലവസരങ്ങളാണ് പലരുടെയും ലക്ഷ്യം. നാലുവർഷ ബിരുദ കോഴ്സ് വിജയവുമായി വിദേശത്ത് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങളും പ്രതീക്ഷിക്കാം. നാലുവർഷ കോഴ്സിന് സവിശേഷതകളും ഏറെയാണ്. ആദ്യ രണ്ടു സെമസ്റ്ററിനുശേഷം കൂടുതൽ മെച്ചമെന്നു തോന്നുന്ന മറ്റൊരു വിഷയത്തിലേക്കു മാറാനാകും. സയൻസ് വിഷയങ്ങൾക്കൊപ്പം താത്‌പര്യമുള്ള ആർട്സ് വിഷയങ്ങളും തിരഞ്ഞെടുക്കാം. തൊഴിൽ മേഖലകളിൽ പ്രായോഗിക പരിശീലനം കൂടി ഉറപ്പാക്കും വിധത്തിലാണ് കോഴ്സുകളുടെ ഘടന. നിലവിലുള്ള പരമ്പരാഗത ബിരുദ വിദ്യാഭ്യാസത്തിൽ ഇതിന് യാതൊരു സൗകര്യവുമില്ല. സർവകലാശാലകളെ ബിരുദ ഉത‌്‌പാദന ഫാക്ടറികളായി വിശേഷിപ്പിക്കുന്നതു അതുകൊണ്ടാണ്.
നാലുവർഷ ബിരുദ പഠനത്തിൽ ഓപ്ഷണൽ വിഷയങ്ങൾക്കു പുറമെ നിത്യജീവിതവുമായി ബന്ധപ്പെട്ട പലതുറകളിലും ഉപയോഗപ്പെടുത്താവുന്ന പ്രായോഗിക പരിശീലനം നല്‌കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിദേശ ഭാഷാപഠനം ഇതിന്റെ അവിഭാജ്യ ഭാഗമാക്കാൻ പ്രത്യേക ഉൗന്നൽ നല്‌കണം. ഇംഗ്ളീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനു പുറമെ ജർമ്മൻ, സ്പാനിഷ്, ഇറ്റാലിയൻ തുടങ്ങിയ ഭാഷാജ്ഞാനം കരസ്ഥമാക്കുന്നത് വിദേശത്തു തൊഴിൽ തേടുന്നവരെ ഗണ്യമായി സഹായിക്കും. ആശയവിനിമയത്തിൽ മുന്നിട്ടുനിന്നാലേ തൊഴിൽ വിപണിയിൽ മേൽക്കൈ നേടാനാവൂ. അഭിരുചിക്കനുസരിച്ച് ഓരോ കുട്ടിക്കും കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകണം. സർവകലാശാലകളും അദ്ധ്യാപകരും മാത്രമല്ല കുട്ടികളും പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |