ന്യൂഡൽഹി : ഇന്ത്യയിലും വിദേശത്തും മത്സരങ്ങൾക്കിടെ 2012 മുതൽ 2022 വരെ ഗുസ്‌തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗിക അതിക്രമം കാട്ടിയെന്നാരോപിച്ചാണ് ഗുസ്‌തി താരങ്ങൾ രംഗത്തെത്തിയത്. പ്രായപൂർത്തിയാകാത്ത വനിത താരം അടക്കം ഏഴ് പേർ ഇരകളായെന്നും, അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ജനുവരി 18ന് തുടങ്ങിയ സമരത്തിൽ കേന്ദ്രസർക്കാരിന് കാര്യക്ഷമമായി ഇടപെടാൻ ജൂൺ ഏഴ് വരെ വേണ്ടി വന്നു.
ജനുവരി 18 - ജന്തർ മന്ദറിൽ സമരം തുടങ്ങി
ജനുവരി 19 - കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായി ഗുസ്‌തി താരങ്ങളുടെ കൂടിക്കാഴ്ച. സമവായമായില്ല.
ജനുവരി 21 - വീണ്ടും കേന്ദ്ര കായികമന്ത്രിയുമായി ചർച്ച. ആരോപണങ്ങൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ച് താരങ്ങൾ മടങ്ങി
ജനുവരി 23 - അന്വേഷണത്തിന് മേരി കോമിന്റെ അഞ്ചംഗ സമിതി
ഏപ്രിൽ 16 - ഗുസ്‌തി ഫെഡറേഷനിൽ തിരഞ്ഞെടുപ്പിന് തീരുമാനം. മൂന്ന് ടേം പൂർത്തിയാക്കിയതിനാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് ബ്രിജ്ഭൂഷൺ. അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് കായിക മന്ത്രാലയം പരസ്യമാക്കാത്തതിൽ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം.
ഏപ്രിൽ 23 - താരങ്ങൾ രണ്ടാംഘട്ട സമരവുമായി ജന്തർ മന്ദറിൽ. പ്രായപൂർത്തിയാകാത്ത താരമുൾപ്പെടെ ഏഴ് പേർ ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപണം
ഏപ്രിൽ 25 - താരങ്ങൾ സുപ്രീംകോടതിയിൽ. ഡൽഹി പൊലീസിന് കോടതിയുടെ നോട്ടീസ്.
ഏപ്രിൽ 27 - താരങ്ങൾ അച്ചടക്കം പാലിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ
ഏപ്രിൽ 28 - ബ്രിജ് ഭൂഷണെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സുരക്ഷയൊരുക്കാൻ കോടതി നിർദ്ദേശം.
മേയ് 3 - സമരപ്പന്തലിലെത്തിയ പി.ടി. ഉഷയ്ക്കെതിരെ പ്രതിഷേധം
മേയ് 23 - ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി തെളിച്ച് താരങ്ങൾ. കർഷകരും, വിദ്യാർത്ഥികളും അടക്കം ആയിരങ്ങളുടെ ഐക്യദാർഢ്യം
മേയ് 28- പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം പൊലീസ് താരങ്ങളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. സമരപന്തൽ പൊളിച്ചു
മേയ് 30- മെഡലുകൾ ഗംഗയിലൊഴുക്കാൻ താരങ്ങൾ ഹരിദ്വാറിൽ. കർഷക നേതാക്കൾ പിന്തിരിപ്പിച്ചു. ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാൻ അഞ്ച് ദിവസം നൽകി പിന്മാറ്റം
ജൂൺ 2 - ബ്രിജ് ഭൂഷനെതിരെയുളള എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. ജൂൺ ഒൻപതിനകം അറസ്റ്റ് ചെയ്യണമെന്ന് കർഷകരുടെ അന്ത്യശാസനം.
ജൂൺ 3- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താരങ്ങളുടെ ചർച്ച
ജൂൺ 7 - കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങളുടെ ആറ് ചർച്ച. ജൂൺ 15 വരെ സമരം മരവിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |