തിരുവനന്തപുരം: മികച്ച ഭക്ഷണശാലകളെ കണ്ടെത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് `ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്ലിക്കേഷൻ' പുറത്തിറക്കി. മാസ്കോട്ട് ഹോട്ടലിൽ നടന്ന ലോക ഭക്ഷ്യസുരക്ഷാ ദിനാചരണ ചടങ്ങിൽ മന്ത്രി വീണാ ജോർജാണ് ഉദ്ഘാടനം നിർവഹിച്ചത്.
നിലവാരമുള്ള ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും മൊബൈൽ ആപ്പിലൂടെ അറിയാം. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ ഇടംപിടിച്ചത്. ഭക്ഷണനിലവാരം,പൊതുവായ ശുചിത്വം തുടങ്ങിയവ സംബന്ധിച്ച് എഫ്.എസ്.എസ്.എ.ഐയുടെ മാനദണ്ഡങ്ങൾ എത്രമാത്രം പാലിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ശേഷമാണ് സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകി ആപ്പിൽ ഉൾപ്പെടുത്തിയത്. ഭക്ഷണസ്ഥാപനങ്ങളുടെ ചിത്രങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടൂതൽ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതിൽ ഉൾപ്പെടുത്തുവാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ഇതിലൂടെ പൊതുജനങ്ങൾക്കും പരാതിയും അറിയിക്കാം.
എല്ലാ ഭക്ഷണശാലകളും ആപ്പിന്റെ ഭാഗമാകണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രീവൻസ് പോർട്ടലിലൂടെ രണ്ടര മാസംകൊണ്ട് തന്നെ 336 പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ലഭിച്ചു. അതിൽ 230 എണ്ണം പരിഹരിച്ചു.106 പരാതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ അന്നദാനം നടത്തുന്ന ആരാധനാലയങ്ങൾക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. ഭക്ഷ്യ സുരക്ഷാ ജോ. കമ്മിഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മിഷണർ മഞ്ജുദേവി, സതേൺ റെയിൽവേ ഭക്ഷ്യ സുരക്ഷാ ഓഫീസർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |