SignIn
Kerala Kaumudi Online
Thursday, 18 April 2024 5.56 PM IST

ഫഹദ് ഫാസിലിനൊപ്പം അപർണ ബാലമുരളിയും, ആകാംക്ഷയുണർത്തി 'ധൂമം' ട്രയിലർ; ഈ മാസം ഇരുപത്തിമൂന്നിന് റിലീസ്

dhoomam-movie

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തന്നെ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ ആദ്യ മലയാള ചിത്രം 'ധൂമത്തിന്റെ' ട്രെയിലർ പുറത്തിറക്കി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ ഒരു സസ്‌പെൻസ് ത്രില്ലറാണ്.

'A few Souls leave behind at rail (er) of Smoke and Mirrors' എന്ന ടാഗ്‌ലൈനോടുകൂടിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. എന്താണ് ചിത്രത്തിലുള്ളത് എന്നറിയാൻ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

'ലൂസിയ', 'യുടേൺ' തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെ പേരുകേട്ട പവൻ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുകയും ചെയ്യുന്നു.ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമ്മിക്കുകയും ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, അപർണ ബാലമുരളി, അച്യുത് കുമാർ എന്നിവരുൾപ്പെടെയുള്ളയുള്ള താരനിര അണിനിരക്കുന്നു.ഇവരെ കൂടാതെ റോഷൻ മാത്യു, വിനീത് രാധാകൃഷ്ണൻ, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

'ധൂമം' ഹോംബാലെ ഫിലിംസിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും, രാജകുമാര, 'കെജിഎഫ്' സീരീസ്, 'കാന്താര' എന്നിവയുടെ വൻ വിജയത്തിന് ശേഷമുള്ള അടുത്ത വലിയ റിലീസുമാണ്. മലയാളം, തമിഴ,് തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നു. ദക്ഷിണേന്ത്യയിലുടനീളം ഗുണനിലവാരമുള്ള സിനിമ എത്തിക്കുന്നതിനുള്ള ഹോംമ്പാലെ പ്രൊഡക്ഷൻ ഹൗസിന്റെ പ്രതിബദ്ധതകൂടിയാണ് ഈ സിനിമയുടെ വൈഡ് റിലീസ് എടുത്തുകാണിക്കുന്നത്.

'ധൂമ'ത്തിൽ, അവിയും (ഫഹദും) ദിയയും (അപർണ) സമയത്തിനെതിരായ ഒരു നീക്കത്തിൽ കുടുങ്ങിപോകുന്നു. അപകടം എല്ലാ കോണിലും പതിയിരിക്കുന്നത് അവർ അറിയുന്നു.ഭൂതകാലത്തിൽ നിന്നുള്ള ആത്മാക്കൾ അവരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുന്നതിനായി പിന്നിലുണ്ട്. നായകന്മാരും വില്ലന്മാരും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞു തുടങ്ങുമ്പോൾ, അവർ അവരുടെ അഗാധമായ ഭയത്തെ അഭിമുഖീകരിക്കുകയും അവരുടെ സുരക്ഷിതത്വബോധം വീണ്ടെടുക്കാൻ സങ്കൽപ്പിക്കാനാവാത്ത ത്യാഗങ്ങൾ ചെയ്യുകയും വേണം എന്ന അവസ്ഥ വരുന്നു.

'വിക്രം', 'പുഷ്പ,' 'കുമ്പളങ്ങി നൈറ്റ്സ്' തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം ഫഹദ് ഫാസിൽ തന്റെ അഭിനയ സാന്നിധ്യത്താൽ പ്രേക്ഷകമനസ്സ് കീഴടക്കും., 'സൂരറൈ പോട്രു' ഫെയിം നായിക അപർണ ബാലമുരളിയും ഫഹദിനോപ്പം ചേരുന്നു. അപർണ്ണയുടെ കഥാപാത്രത്തിന്റെ പ്രത്യേകത പ്രേക്ഷകരിൽ കൗതുകമുണർത്തുന്നു. ട്രെയിലർ വളരെ വ്യത്യസ്തവും കാഴ്ചക്കാരെ അവരുടെ ഇരിപ്പിടങ്ങളിൽ നിർത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഒന്നാണ്.

'ധൂമ'ത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രതിഭാധനനായ പൂർണചന്ദ്ര തേജസ്വിയാണ്. നമ്മെ വേട്ടയാടുന്ന അദ്ദേഹത്തിന്റെ മെലഡികളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മൊത്തത്തിൽ ആഴവും തീവ്രതയും നൽകുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹക പ്രീത ജയറാം, താൻ ഒരുക്കിയ സിനിമകളിലെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾകൊണ്ട് പേരുകേട്ടയാളാണ്. തന്റെ ചാരുതയാർന്ന ഛായാഗ്രഹണ മികവ് കൊണ്ട് 'ധൂമ'ത്തിന്റെ ദൃശ്യങ്ങൾ പകർത്തി, സിനിമയുടെ മൂഡിനോട് ഇഴുകിചേർന്ന് ആഴത്തിലുള്ള ഒരു ലോകം തന്നെ സൃഷ്ടിക്കുന്നു. മുമ്പ് നിരൂപക പ്രശംസ നേടിയ 'യു ടേൺ' എന്ന സിനിമയിൽ പവനുമായി സഹകരിച്ച് പരിചയസമ്പന്നനായ എഡിറ്ററായ സുരേഷ് തന്റെ അസാധാരണമായ എഡിറ്റിംഗ് വൈദഗ്ധ്യം 'ധൂമ'ത്തിന് ഒരു മുതൽക്കൂട്ട് ആണ്.

ദേശീയ അവാർഡ് ജേതാക്കളുടെ ഒരു മികച്ച ടീമും 'ധൂമ ത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് . തന്റെ മികച്ച പ്രൊഡക്ഷൻ ഡിസൈനിലൂടെ അംഗീകരിക്കപ്പെട്ട അനീസ് നാടോടി, സിനിമയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് തന്റെ വൈദഗ്ധ്യമേറിയ പ്രവർത്തന പാടവം സംഭാവന ചെയ്തിട്ടുണ്ട്.

വസ്ത്രലങ്കാര വിദഗ്ദ്ധ പൂർണ്ണിമ രാമസ്വാമി, ഓരോ കഥാപാത്രത്തിന്റെയും വസ്ത്രധാരണം അവരുടെ വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി സ്‌ക്രീനിൽ അവരുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്ന തരത്തിൽ വളരെ സൂക്ഷ്മമായി തന്നെ തയ്യാറാക്കിയിട്ടുണ്ട്.

'ഒരു ദശാബ്ദത്തിലേറെയായിട്ടുള്ള എന്റെ സ്വപ്ന പദ്ധതിയാണ് ധൂമം. ഇപ്പോഴുള്ള മികച്ച തിരക്കഥ ലഭിക്കാൻ, വർഷങ്ങളായി ഈ കഥയും തിരക്കഥയും പലതവണ പുനർനിർമ്മിച്ചു. ഈ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്ന ഒരു മികച്ച പ്രൊഡക്ഷൻ ഹൗസ്, കൂടാതെ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച കലാകാരന്മാരുമായും സാങ്കേതിക വിദഗ്ദ്ധരുമായും സഹകരിച്ചു. ഇനി ചിത്രത്തിന്റെ റിലീസിനായി ഞാൻ കാത്തിരിക്കുകയാണ്, ഈ കഥയോടും പ്രമേയത്തോടും പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.'പവൻ കുമാർ പറഞ്ഞു.

ട്രെയിലർ റിലീസ് ചെയ്തപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത സൃഷ്ടിച്ചു മുന്നേറുകയാണ്.ആരാധകരും സിനിമാ പ്രേമികളും വളരെ ആവേശത്തോടെയാണ് ട്രെയിലർ സ്വീകരിച്ചത്. കൗതുകമുണർത്തുന്ന ദൃശ്യങ്ങളും ഹൃദയസ്പർശിയായ പശ്ചാത്തല സംഗീതവും ചടുലമായ എഡിറ്റിംഗും ഒക്കെയായി നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഇപ്പോൾ തന്നെ ഒരുപോലെ പ്രശംസ നേടിയ 'ധൂമം' ജൂൺ 23 ന് റിലീസ് ചെയ്യും. ഇത് ഡ്രാമയുടെയും ത്രില്ലറിന്റെയും ഘടകങ്ങൾ സമന്വയിപ്പിക്കുന്ന ഒരു മികച്ച സിനിമാറ്റിക് അനുഭവമായിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുന്നതെന്നുറപ്പാണ്.

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോം ബാലെ ഫിലിംസിന്റെ കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ്' ധൂമം '.

കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ: കബീർ മാനവ്, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിഷ് : ജോഹ കബീർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീകാന്ത് പുപ്പല. സ്‌ക്രിപ്റ്റ് അഡ്വൈസർ: ജോസ്‌മോൻ ജോർജ്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു.പി ആർ ഒ: മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ്: ബിനു ബ്രിങ് ഫോർത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHOOMAM MOVIE, FAHAD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.