SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.54 PM IST

ഗുസ്‌തി സമരം നിറുത്തിയതിൽ അമിത് ഷായുടെ തിരക്കഥ

Increase Font Size Decrease Font Size Print Page
amit-shah

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ബി.ജെ.പി എം.പിയും ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പ് നൽകാതെ ഗുസ്‌തിതാരങ്ങളുടെ സമരം തൽക്കാലം അവസാനിപ്പിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ നീക്കങ്ങളിലൂടെയും സമ്മർദ്ദ തന്ത്രങ്ങളിലൂടെയും.

ഏപ്രിൽ 23ന് തുടങ്ങിയ രണ്ടാം ഘട്ട സമരത്തിന് കോൺഗ്രസിന്റെയും കർഷക സംഘടനകളുടെയും ഖാപ്പ് പഞ്ചായത്തിന്റെയും പിന്തുണ അപകടമാണെന്നും കർഷക സമരം പോലെ കുരുക്കാകുമെന്നും കേന്ദ്രത്തിന് ബോദ്ധ്യപ്പെട്ടു.

ഉത്തർപ്രദേശിലെ താക്കൂർ സമുദായാംഗമായ ബ്രിജ്ഭൂഷണും ഹരിയാനയിലെ ജാട്ട് സമുദായക്കാരായ താരങ്ങളും തമ്മിലുള്ള പോരാട്ടമായി സമരത്തിന് ജാതിയുടെ നിറവും വന്നു. താക്കൂർ സമുദായാംഗമായ ബ്രിജ്ഭൂഷണിനെ ബി.ജെ.പി സർക്കാർ സംരക്ഷിക്കുകയാണെന്നും ജാട്ട് സമുദായക്കാരായ താരങ്ങളെ അപമാനിക്കുകയാണെന്നും പ്രചാരണം ശക്തമായി. രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ അടക്കം ഇത് തിരിച്ചടിക്കുമെന്നും ബി.ജെ.പി കണ്ടു. പ്രായപൂർത്തിയാകാത്ത താരത്തിന്റേതടക്കം ലൈംഗിക പരാതിയുമായി സമരം ശക്തിപ്പെട്ടതോടെ ബ്രിജ്ഭൂഷണിനെതിരെ പൊലീസിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടിവന്നതും അടിയന്തരമായി പരിഹാരമുണ്ടാക്കാൻ പ്രേരിപ്പിച്ചു.

കർണാടക തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞാണ് അമിത് ഷാ നേരിട്ട് ഇടപെട്ടത്. പുതിയ പാർലമെന്റ് ഉദ്ഘാടന ദിവസം താരങ്ങളുടെ പ്രതിഷേധം ഒഴിവാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ ബ്രിജ്ഭൂഷണിനെതിരെ ഉടൻ നടപടിയെടുത്ത് താക്കൂർ സമുദായത്തെ പിണക്കാൻ ബി.ജെ.പി ആഗ്രഹിച്ചില്ല. അതിനാൽ താരങ്ങളോട് സമയം ആവശ്യപ്പെട്ടു. അത് അംഗീകരിക്കാത്ത താരങ്ങളുടെ പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. താരങ്ങൾ ഗംഗയിൽ മെഡൽ ഒഴുക്കാനൊരുങ്ങിയത് കേന്ദ്രത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

തുടർന്നുള്ള ദിവസങ്ങളിൽ നടത്തിയ അണിയറ നീക്കങ്ങളിലാണ് പ്രായപൂർത്തിയാകാത്ത താരത്തിന്റെ പിതാവ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. ബ്രിജ്ഭൂഷൺ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മകളുടെ അവസരം നഷ്‌ടപ്പെടുത്തിയതിലെ ദേഷ്യത്തിൽ പരാതി നൽകിയെന്നുമാണ് പിതാവ് വിശദീകരിച്ചത്. അതേസമയം തന്നെ പലരും ഭീഷണപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലൈംഗിക പരാതി പിൻവലിച്ചതോടെ ബ്രിജ്ഭൂഷണിനെതിരായ പോക്‌സോ കേസ് ദുർബലമായി.

സമരമുഖത്തുള്ള സാക്ഷി മാലിക്ക് സ്‌പോർട്സ് മന്ത്രാലയത്തിൽ സ്‌പോർടസ് ഒാഫീസറാണ്. ബജ്‌റംഗ് പൂനിയയും വിനേഷ് ഫോഗട്ടും റെയിൽവേയിൽ ഒാഫീസർ ഒാൺ സ്‌പെഷ്യൽ ഡ്യൂട്ടി (സ്‌പോർട്ട്സ് ) തസ്‌തികയിലുമാണ്. സമരകാലത്ത് വിട്ടു നിന്നതിന് റെയിൽവേയിൽ നിന്ന് സമ്മർദ്ദമുണ്ടായി. ഇതോടെ ഇവർ ജോലിക്ക് ഹാജരായി. തുടർന്നാണ് സമരക്കാർ സർക്കാരിന് വഴങ്ങുന്നുവെന്ന സൂചന വന്നത്.

കഴിഞ്ഞ ശനിയാഴ്ച അമിത് ഷാ നേരിട്ട് താരങ്ങളുമായി ചർച്ച നടത്തി.

പിന്നീട് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കായിക മന്ത്രി അനുരാഗ് താക്കൂർ നടത്തിയ ചർച്ചയിലാണ് സമരം തത്‌ക്കാലം പിൻവലിച്ചത്. കർഷക നേതാക്കളുടെയും രാഷ്‌ട്രീയ കക്ഷികളുടെയും സ്വാധീനമില്ലാതെ താരങ്ങളെ വിശ്വാസത്തിലെടുക്കാനാണ് കേന്ദ്രം ശ്രമിച്ചത്.

TAGS: AMIT SHAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY