വടക്കഞ്ചേരി: ചിന്നക്കനാലിന്റെ പുത്രനായ അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അഷ്ടദ്രവ്യ ഗണപതി ഹോമവും നടന്നു. രാവിലെ 7 മണിയോടെ ആരംഭിച്ച പൂജ 9ന് സമാപിച്ചു.
ചിന്നക്കനാലിൽ നിന്ന് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ മേഖലയിൽ കൊണ്ടുവിടുകയായിരുന്നു. പിന്നീട് തമിഴ്നാട് വനംവകുപ്പ് പിടികൂടി കന്യാകുമാരി വന്യജീവി സങ്കേതത്തിൽ കൊണ്ടു വിട്ടു. തമിഴ്നാട് വനംവകുപ്പ് പിടികൂടിയ സമയത്ത് ആനയുടെ തുമ്പിക്കൈയ്ക്ക് പരിക്കേറ്റത് കണ്ടതോടെയാണ് അരിക്കൊമ്പൻ പ്രേമികൾ വിശേഷാൽ പൂജകൾക്ക് ഒരുങ്ങിയത്. രണ്ടു തവണ മയക്കുവെടിയേറ്റതോടെ അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ടെന്നാണ് പ്രവർത്തകർ പറയുന്നത്. എറണാകുളത്ത് മൃഗസ്‌നേഹികളുടെ കൂട്ടായ്മ കൊച്ചി മറൈൻ ഡ്രൈവിൽ അരിക്കൊമ്പന്റെ സംരക്ഷണത്തിനായി പ്രതിഷേധ പരിപാടി നടത്തിയിരുന്നു. വടക്കഞ്ചരി സ്വദേശിയും, നിലവിൽ കർണ്ണാടകയിൽ താമസിക്കുകയും ചെയ്യുന്ന ഭക്തയാണ് വഴിപാടായി അഷ്ടദ്രവ്യ ഗണപതിഹോമം നടത്തിയത്. നൂറ് കണക്കിന് ആനപ്രേമികൾ പ്രധാന പൂജയിൽ പങ്കെടുക്കാനും പ്രസാദം വാങ്ങാനും എത്തി. ചടങ്ങുകൾക്ക് എടമല ഇല്ലം ഹർഷൻ തിരുമേനിയും ജിതേന്ദ്ര തിരുമേനിയും കാർമ്മികത്വം വഹിച്ചു. ആദ്യമായാണ് ഒരു കാട്ടാനയ്ക്ക് വേണ്ടി അഷ്ടദ്രവ്യ ഗണപതിഹോമം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |