തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഉദ്യോഗസ്ഥർക്കു സഞ്ചരിക്കാൻ സംസ്ഥാന സർക്കാർ 21 പുതിയ വാഹനങ്ങൾ വാങ്ങുന്നു. കൃത്യമായി പറഞ്ഞാൽ 20 കാറുകളും ഒരു ഇരുചക്രവാഹനവും. ഇതിൽ 15 കാറുകൾക്കു മാത്രമായി ചെലവ് 1.42 കോടി. ബാക്കി ആറു വണ്ടികൾക്ക് ആയിരം രൂപയുടെ ടോക്കൺ തുകയാണ് തത്കാലം വകയിരുത്തിയിരിക്കുന്നത്. ഈ വാഹനങ്ങളുടെ വില കൂടി കണക്കാക്കുമ്പോൾ മൊത്തം ചെലവ് രണ്ടു കോടിയോളം.
ബഡ്ജറ്റിലെ പുതിയ പദ്ധതികൾക്കും അടിയന്തര സ്വഭാവമുള്ള മറ്റു പദ്ധതികൾക്കുമുള്ള തുകകളാണ്
ഉപധനാഭ്യർത്ഥനയിൽ വകകൊള്ളിക്കേണ്ടത് എന്നിരിക്കെയാണ് ധനമന്ത്രി കഴിഞ്ഞ ദിവസം ഈ ധൂർത്തിനുള്ള തുക കൂടി ഉപധനാഭ്യർത്ഥനയിൽ ഉൾക്കൊള്ളിച്ചത്.
ആയിരം രൂപ വീതം ടോക്കൺ തുക അനുവദിച്ചിരിക്കുന്നത് വാറ്റ് ജുഡിഷ്യൽ അംഗങ്ങൾക്കുള്ള രണ്ട് കാറുകൾക്കും പാരിപ്പള്ളി മെഡിക്കൽ കോളേജിനും (ഒരു കാറും ഒരു ടൂവീലറും) ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർക്കും (സ്കോഡ ഒക്ടേവിയ) കെൽപാം ചെയർമാനും (കാർ) ആണ്.
ഇതിനു പുറമേ, നിലവിലില്ലാത്ത വി.എച്ച്.എസ്.ഇ ഡയറക്ടർക്കും കാറിന് എട്ടു ലക്ഷം രൂപ വകകൊള്ളിച്ചിട്ടുണ്ട്. ഖാദർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഏകീകരണത്തിന്റെ ഭാഗമായി ഡയറക്ടർ ഒഫ് ജനറൽ എഡ്യുക്കേഷൻ എന്ന തസ്തിക രൂപീകരിച്ചിരിക്കെയാണ് വി.എച്ച്.എസ്.ഇ ഡയറക്ടറുടെ പേരിൽ തുക വകകൊള്ളിച്ചത്. വിവിധ വകുപ്പു സെക്രട്ടറിമാർക്ക് ടൂറിസം വകുപ്പിൽ നിന്നാണ് വാഹനങ്ങൾ അനുവദിക്കുന്നതെന്നിരിക്കെ, തൊഴിൽ- നൈപുണ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് 17 ലക്ഷം രൂപ തൊഴിലാളിക്ഷേമം എന്ന ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി വകകൊള്ളിച്ചിട്ടുണ്ട്.
മൊത്തം 658.05 കോടിയുടെ ഉപധനാഭ്യർത്ഥനയിൽ 573.48 കോടി പദ്ധതിയിനത്തിലും 84.57 കോടി പദ്ധതിയേതര വിഭാഗത്തിലുമാണ്.
'കോടി' പുതച്ച കാറുകൾ
സംസ്ഥാന വിവരാവകാശ കമ്മിഷൻ അംഗങ്ങൾക്കായി 4 കാറുകൾ - 40 ലക്ഷം
കേരള ജുഡിഷ്യൽ അക്കാഡമി - 13.99 ലക്ഷം (ഇന്നോവ)
സബോർഡിനേറ്റ് ജുഡിഷ്യറി ജഡ്ജസിന് 5 കാറുകൾ - 31.25 ലക്ഷം (സ്വിഫ്റ്റ് ഡിസയർ)
ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ- 8.06 ലക്ഷം (സ്വിഫ്റ്റ് ഡിസയർ)
സംസ്ഥാന സഹകരണ ട്രിബ്യൂണലിൽ- 9.88 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |