തിരുവനന്തപുരം: മത്സ്യത്തിനും കോഴിയിറച്ചിക്കും പിന്നാലെ പച്ചക്കറിക്കും പഴവർഗ്ഗങ്ങൾക്കും ക്രമാതീതമായി വില ഉയർന്നതോടെ സാധാരണക്കാന്റെ കുടുംബ ബഡ്‌ജറ്റ് അവതാളത്തിലായി. ഒരു മാസത്തിനിടെയാണ് നിത്യോപയോഗ സാധന വില കുത്തനെ ഉയർന്നത്. പൊതുവിപണിയിൽ വില നിയന്ത്രിക്കാൻ ബാദ്ധ്യതയുള്ള ഹോർട്ടികോർപ്പിൽ രണ്ടാഴ്ചയ്ക്കിടെ വഴുതനയുടെ വില 49 ൽ നിന്നു 75 ആയി ഉയർന്നു. പൊതുവിപണിയിൽ 85 രൂപ വരെ നൽകണം. 120 രൂപയായിരുന്ന ഇഞ്ചിക്ക് പൊതുവിപണിയിൽ 240 രൂപയായി. മുളകിന് പൊതുവിപണിയിൽ 110 ഉം ഹോർട്ടികോർപ്പിൽ 96 രൂപയുമാണ്. ചെറിയ ഉള്ളിക്കും രണ്ടാഴ്ചയ്ക്കിടെ 21 രൂപവരെ വർദ്ധിച്ചു. പച്ചക്കറി കിറ്റിൽ സൗജന്യമായി കിട്ടിയിരുന്ന മല്ലിയിലയ്ക്കു പോലും പണം നൽകേണ്ട അവസ്ഥയാണ്. അയൽ സംസ്ഥാനങ്ങളിൽ വേനൽമൂലം വ്യാപകമായി കൃഷിനശിച്ചതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
ട്രോളിംഗ് തുടങ്ങിയതോടെയാണ് മീനിന് കൊള്ളവിലയായത്. നേരത്തെ നൽകിയിരുന്നതിന്റെ ഇരട്ടി വിലകൊടുത്താലും പലയിനം മീനുകളും കിട്ടാനുമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനിൽ ഭൂരിപക്ഷവും പഴകിയതും മാരകമയ വിഷം ചേർന്നതുമാണ്. കൂടിയ വില നൽകി വാങ്ങി വീട്ടിലെത്തിച്ച ശേഷമാണ് ചീഞ്ഞ മീനാണെന്ന് പലരും തിരിച്ചറിയുന്നത്. ഇതൊന്നും പരിശോധിക്കാനും ആരുമില്ലാത്ത സ്ഥിതിയാണ്. രണ്ടാഴ്ച മുൻപ് 100 രൂപയ്‌ക്ക് കിട്ടിയിരുന്ന നെത്തോലിക്ക് 200 രൂപ കൊടുക്കണം. ചൂര കിലോയ്ക്ക് 500 രൂപ, നവര -360 , അയല- 400, കൊഞ്ച്- 600 രൂപ എന്നിങ്ങനെയാണ് വില.
പച്ചക്കറികൾക്ക് ഹോർട്ടികോർപ്പ് താരതമ്യേന വിലക്കുറവിൽ വിൽക്കുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളുടെ പൊതുവിപണി വില പിടിച്ചുനിറുത്താനാവുന്നില്ല. സർക്കാരിന്റെ വിപണി ഇടപെടൽ ഫലപ്രദമാകാത്തതാണ് വില പിടിച്ചുനിറുത്താൻ കഴിയാത്തതിന് കാരണമെന്ന് ആക്ഷേപമുണ്ട്. പച്ചക്കറികളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിച്ചുവെന്ന് കൃഷിവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനവും പൊതുവിപണിയിൽ ദൃശ്യമല്ല.
പച്ചക്കറി വില (കിലോയ്ക്ക്)
ഇന്നലത്തെ ഹോർട്ടികോർപ്പ് വില(ഒരു മാസം മുമ്പുള്ള ഹോർട്ടികോർപ്പ് വില ബ്രാക്കറ്റിൽ) ---- പൊതുവിപണി വില
കത്തിരി - 65 (47 )----70മുതൽ 75 വരെ
വഴുതന: 75 (49 ) ---75 -78
വെണ്ട : 43 (23 ) ----55-58
പാവയ്‌ക്ക :82(79 ) ----90-95
ചെറിയഉള്ളി: 69(48 ) ---90 -92
വലിയ മുളക്: 96 (55 )--- 110-115
ഇഞ്ചി: 198(120 )---240-260
കാരറ്റ് :99(55 )--- 110-130
വെള്ളരി :35 (22 ) -----,55-65
തക്കാളി :49(27 ) ---55 -60
ക്വളിഫ്‌ളവർ:79(57 ) --82-85
മുരിങ്ങക്ക :79(37 )-----80 -85
ബീറ്റ്‌റൂട്ട് :42 (27 ) ----60 -65
മല്ലിയില : 127(69 ) ---155-160
ഏത്തൻ : 62(49 ) ----64-68
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |