വ്യക്തിഗത വിവരങ്ങൾ ചോരുന്നതിന്റെ ആപത്തിനെക്കുറിച്ച് സാമാന്യജനങ്ങൾ വേണ്ടത്ര ബോധവാന്മാരല്ല. പലർക്കും നഷ്ടപ്പെടാൻ വലിയ സമ്പാദ്യമൊന്നുമില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ വികസിത രാജ്യങ്ങളിൽ ജനങ്ങൾ വ്യക്തിഗത വിവരങ്ങൾക്ക് പരമപ്രാധാന്യമാണ് നൽകുന്നത്. നമ്മുടെ വ്യക്തിഗതവിവരങ്ങൾ മറ്റൊരാളിന്റെ പക്കലെത്തിയാൽ അത് പലവിധ തട്ടിപ്പുകൾക്ക് ഉപയോഗിക്കാനും ബാങ്കിലുള്ള നിക്ഷേപം കവരാനും വഴിയൊരുങ്ങാം. അതിനാൽ വ്യക്തിഗത വിവരങ്ങളുടെ ചോർച്ച അതീവ ഗുരുതരമായ പ്രശ്നമാണ്.
കൊവിഡ് വാക്‌സിൻ നല്‌കിയ സമയത്ത് രാജ്യത്തെ ജനങ്ങളുടെ ആധാർ നമ്പരും ഫോൺ നമ്പരും മറ്റും കൊവിൻ പോർട്ടലിൽ ശേഖരിച്ചിരുന്നു. ഇതിൽനിന്ന് ഒട്ടേറെപ്പേരുടെ വിവരങ്ങൾ ചോർന്നിരിക്കുന്നതായാണ് ആദ്യം പുറത്തുവന്ന വിവരം. മെസേജിംഗ് ആപ്പായ ടെലിഗ്രാമിലൂടെയാണ് ഇത് പുറത്തുവന്നത്. കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, ഉയർന്ന ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരുടെ നമ്പരുകൾ നല്‌കിയപ്പോൾ ടെലിഗ്രാമിൽ അവരുടെ വിവരങ്ങൾ മുഴുവനും ലഭ്യമായിരുന്നു. കൊവിൻ പോർട്ടലിൽ നല്‌കിയതിന് സമാനമായ വിവരങ്ങളാണ് ടെലിഗ്രാമിൽനിന്ന് ലഭ്യമായത്. എന്നാൽ വിവര ചോർച്ച കൊവിൻ പോർട്ടലിൽ നിന്നല്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ കൊവിൻ പോർട്ടലിൽ നിന്നല്ല വിവരങ്ങൾ ചോർന്നതെന്ന് വെളിപ്പെടുത്തിയെങ്കിലും എവിടെ നിന്നാണത് ചോർന്നതെന്ന് പറഞ്ഞിട്ടില്ല. അതിനാൽ വിവരങ്ങൾ പുറത്തുവന്നതിന്റെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം കേന്ദ്രസർക്കാർ നടത്തേണ്ടതാണ്. ഇത്രയും വലിയ വിവര ചോർച്ച സംഭവിച്ചിട്ടും പൊലീസ് കേസെടുത്തിട്ടുമില്ല.
കൊവിൻ പോർട്ടൽ ഹാക്ക് ചെയ്ത് കോടിക്കണക്കിനാളുകളുടെ വിവരങ്ങൾ ചോർത്തിയതായി രണ്ടുവർഷം മുമ്പ് ഒരു ഹാക്കർ ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ അത് ശരിയല്ലെന്നാണ് അന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചത്. എന്തായാലും ഈ വിവരചോർച്ചയുടെ അടിസ്ഥാനത്തിൽ ഡേറ്റാ ശേഖരണത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കൂടുതൽ നടപടികൾക്ക് തയ്യാറാകേണ്ടതാണ്. ആധാർ ഇന്ന് വിവിധ ഉപയോഗങ്ങൾക്കുള്ള അടിസ്ഥാനരേഖയാണ്. ആധാർ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരുമായി ബന്ധിപ്പിച്ചതോടെ ആധാർ നമ്പർ മനസിലാക്കിയാൽ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ വരെ ഹാക്കർമാർക്ക് അറിയാനാകും. ഇത്തരം വിവരങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ച് തട്ടിപ്പുകൾ നടത്താനും കഴിയും. തട്ടിപ്പിൽ പ്രതിയായതിന് ശേഷമാകും യഥാർത്ഥ വ്യക്തി വിവരമറിയുക. അതിനാൽ ഈ വിവര ചോർച്ചയെ നിസാരമായി കാണാനാകില്ല. വ്യക്തിവിവരങ്ങൾ പ്രത്യേക ആവശ്യത്തിനായി ശേഖരിച്ചവയാണെങ്കിൽ ആ ആവശ്യം കഴിഞ്ഞതിനുശേഷം ഒരു നിശ്ചിത കാലാവധിയ്‌ക്കകം അത് നീക്കം ചെയ്യാനും നടപടിയുണ്ടാകണം. ഇക്കാലത്ത് ഡേറ്റാ നല്‌കിയാൽ പണം നല്‌കാൻ നിരവധി ബാഹ്യശക്തികൾ തയ്യാറാണ്. ലോകത്താകെ മാർക്കറ്റിംഗിന്റെ ഒരു പ്രധാന കരുവായി ഉപയോഗിക്കുന്നത് ഡേറ്റായാണ്. അതിനാൽ ജനങ്ങളുടെ വൻ ഡേറ്റാ ശേഖരം കൈയിലുള്ള കേന്ദ്രസർക്കാർ അതിന്റെ സുരക്ഷ ഉറപ്പാക്കാൻ ബാദ്ധ്യസ്ഥമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |