മത്സ്യത്തൊഴിലാളികൾക്ക് മരണക്കെണിയൊരുക്കുന്ന മുതലപ്പൊഴിയിലെ അപകടസാഹചര്യങ്ങൾ പഠിക്കാനായി കേന്ദ്ര വിദഗ്ദ്ധസംഘം വരികയാണ്. തിങ്കളാഴ്ച പുലർച്ചെ മീൻപിടിക്കാനായി പുറപ്പെട്ട തൊഴിലാളികളുടെ ബോട്ട് ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലിടിച്ചു തകർന്നുണ്ടായ അപകടത്തിൽ നാലുപേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. അവിടെ പതിവാകുന്ന അപകടങ്ങൾ ഇതിനകം എഴുപതോളം പേരുടെ ജീവൻ അപഹരിച്ചെന്നാണ് കണക്ക്.
2006ലാണ് മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി മത്സ്യബന്ധന തുറമുഖവും പുലിമുട്ടും നിലവിൽവന്നത്. എന്നാൽ രക്ഷ നല്‌കേണ്ട പുലിമുട്ട് ഫലത്തിൽ അവരുടെ അന്തകനായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ചയുണ്ടായ അപകടം വലിയ സംഘർഷത്തിനു കാരണമായതിൽ അത്ഭുതമില്ല. നിരവധി പ്രതികൂല സാഹചര്യങ്ങളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് പുലിമുട്ടു കൂടി ഭീഷണിയായി മാറുമ്പോഴുണ്ടാകുന്ന രോഷവും നിസഹായതയും ഉൗഹിക്കാവുന്നതേയുള്ളൂ. നൂറുകണക്കിനു പേർക്ക് അപകടങ്ങളിൽ പരിക്കേറ്റിട്ടുമുണ്ട്. ഇത്രയൊക്കെയായിട്ടും മുതലപ്പൊഴിയിലെ പ്രശ്നം ആഴത്തിൽ പഠിക്കാനോ പ്രതിവിധി കാണാനോ മാറിവന്ന സർക്കാരുകൾ കൂട്ടാക്കാത്തതിലാണ് തീരദേശവാസികൾക്ക് അമർഷവും പ്രതിഷേധവും. തിങ്കളാഴ്ചത്തെ അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രിമാർ നേരിടേണ്ടിവന്ന രോഷപ്രകടനത്തിനു പിന്നിലെ വികാരവും അതുതന്നെയാണ്.
മുതലപ്പൊഴിയിൽ പുലിമുട്ട് നിർമ്മിച്ച കാലം മുതലേ അവിടെ അപകടങ്ങളും പതിവാണ്. അപകടങ്ങൾ പതിവായപ്പോഴാണ് വർഷങ്ങൾക്കു മുൻപ് സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തിയത്. വിദഗ്ദ്ധസംഘം സ്ഥലത്തെത്തി വിശദമായി പഠനം നടത്തി. മത്സ്യത്തൊഴിലാളികളുടെയും സ്ഥലവാസികളുടെയും അഭിപ്രായങ്ങൾ കേട്ടു. ഈ മേഖലയിലെ വിദഗ്ദ്ധരുമായി വിശദമായി ആശയവിനിമയം നടത്തി. അതിനുശേഷം തയ്യാറാക്കി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് ഇപ്പോഴും സെക്രട്ടേറിയറ്റിൽ പൊടിപിടിച്ചു കിടപ്പുണ്ടാകും. പല വിദഗ്ദ്ധ സമിതികളുടെയും റിപ്പോർട്ടുകൾക്കുണ്ടാകാറുള്ള ഗതികേട് മുതലപ്പൊഴി റിപ്പോർട്ടിനും ഉണ്ടായെന്നു കരുതിയാൽമതി. കടലിൽ അപകടത്തിൽ മരണമടയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഏതാനും ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‌കിയാൽ എല്ലാമായെന്നാണ് വിചാരം. മുതലപ്പൊഴിയിലെ അപകടഭീഷണി ഇല്ലാതാക്കാൻ ശാസ്‌ത്രീയവും പ്രായോഗികവുമായ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനു പകരം താത്‌കാലിക ആശ്വാസ നടപടികളിലാണ് സർക്കാരിന് താത്‌പര്യം. ഇനിയും മത്സ്യത്തൊഴിലാളികളെ കുരുതികൊടുത്താലേ ഉണരൂ എന്നാണെങ്കിൽ കണ്ണിൽച്ചോരയില്ലാത്ത നിലപാടാകും അത്.
മുതലപ്പൊഴിയിലെ അപകട സാഹചര്യങ്ങൾ പഠിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ വേണ്ടിയാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് വിദഗ്ദ്ധരുടെ സമിതിയെ ഇങ്ങോട്ട് അയയ്ക്കുന്നത്. അവർ എത്തി പഠനം നടത്തുകയും കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തുകൊള്ളട്ടെ. എന്നാൽ അതിനുവേണ്ടി കാത്തിരിക്കാതെ സംസ്ഥാനത്തിനു ചെയ്യാവുന്ന കുറെ കാര്യങ്ങളുണ്ട്. പുലിമുട്ടിന്റെ ദൈർഘ്യം കൂട്ടുക, തുറമുഖ കവാടത്തിൽ അടിഞ്ഞുകൂടുന്ന മണൽ അപ്പപ്പോൾ നീക്കം ചെയ്യുക, ബോട്ടുകൾക്ക് കടലിൽ പോകാനും വരാനും അപകടഭീതിയൊഴിഞ്ഞ വാർഫുകൾ ഒരുക്കുക തുടങ്ങിയവ മുൻഗണനാടിസ്ഥാനത്തിൽ സംസ്ഥാനത്തിനു ചെയ്യാവുന്ന കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട പല വിലപ്പെട്ട നിർദ്ദേശങ്ങളും വർഷങ്ങൾക്കു മുൻപ് പഠനം നടത്തിയ വിദഗ്ദ്ധസംഘം ശുപാർശ ചെയ്തിട്ടുള്ളതാണ്. കേന്ദ്രസമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കാതെ ആ പഴയ റിപ്പോർട്ട് തപ്പിയെടുത്ത് വായിച്ചാൽ കാര്യങ്ങൾ ഏകദേശം പിടികിട്ടും. അതിൻപ്രകാരം ചെയ്താൽമതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |