ശ്രീനാരായണ ഗുരുദേവന്റെ സന്യസ്‌ത ശിഷ്യപരമ്പരയിൽ സേവനത്തേയും ത്യാഗത്തേയും പാരസ്പര്യപ്പെടുത്തിയ സന്യാസിവര്യനായിരുന്നു ശ്രീമദ് സദ്‌രൂപാനന്ദ സ്വാമികൾ. നാല് പതിറ്റാണ്ടിലേറെയായി ഗുരുവിന്റെ കർമ്മധർമ്മ വീഥിയിലൂടെ നിർമ്മമനായി സഞ്ചരിച്ചുകൊണ്ടിരുന്ന സ്വാമിജിയുടെ സന്ന്യസ്‌ത ജീവിതം ഒരു നിലവിളക്കുപോലെ വിശുദ്ധവും വിശ്വസ്തവുമായിരുന്നു. സൗമ്യതയെ ധ്യാനമാക്കി ജീവിതത്തെ സ്വയം പ്രകാശിപ്പിച്ച സ്വാമി സദ്‌രൂപാനന്ദ കഴിഞ്ഞ 20 കൊല്ലത്തിലേറെയായി ധർമ്മസംഘം ട്രസ്റ്റിന്റെ ബോർഡ് അംഗമായിരുന്നു.
15ാം വയസ്സിൽ കൗമാരത്തിന്റെ വിടുതൽ കാലത്ത് തന്നെ ഗുരുദർശനത്തിന്റെ മഹിമയും മഹത്വവും അറിയാൻ ചേർത്തലയിലെ ചാരമംഗലത്തുനിന്നും ശിവഗിരി മഠത്തിലെത്തിയ ചന്ദ്രനാണ് ബ്രഹ്മവിദ്യാലയത്തിലെ പഠനാനന്തരം സന്യാസദീക്ഷ സ്വീകരിച്ച് സദ്‌രൂപാനന്ദ സ്വാമിയായത്. ആരിലും വിദ്വേഷത്തെ ജനിപ്പിക്കാത്ത അദ്ദേഹത്തിന്റെ അദ്വൈതാധിഷ്ഠിത നിലപാടുകൾ പ്രശംസനീയവും മാതൃകാപരവുമായിരുന്നു.
ഗുരുദേവൻ സന്യാസത്തെ പരോപകാരപരതയോട് ഉപമിച്ചിട്ടുണ്ട്. ആ ഉപമയെ തന്റെ ജീവിതത്തിന്റെ ആധാരവും അലങ്കാരവുമാക്കിയ സ്വാമി സദ്‌രൂപാനന്ദ സമഭാവനയുടേയും സമബുദ്ധിയുടേയും സമഭക്തിയുടേയും സമന്വയമായിരുന്നു. വലിപ്പചെറുപ്പങ്ങളില്ലാതെ, വിവേചനത്തിന്റെ പെരുപ്പങ്ങളില്ലാതെ, ഭേദങ്ങൾ അടയാളപ്പെടുത്തുന്നതായ യാതൊന്നിന്റേയും വ്യവഹാരങ്ങളില്ലാതെ മനുഷ്യരേയും സമൂഹത്തേയും നോക്കിക്കാണുവാൻ സ്വാമിക്ക് കഴിഞ്ഞിരുന്നു. ത്യാഗത്തിൽ അധിഷ്ഠിതമായ കർമ്മങ്ങളെ ജീവിതത്തിന്റെ യജ്ഞമാക്കിത്തീർത്ത സ്വാമി എപ്പോഴും സ്വജീവിതം ചുറ്റിലുമുള്ളവർക്ക് അനുഭവമാക്കി കൊടുക്കുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്.
നാല് പതിറ്റാണ്ടായി സ്വാമിയുടെ ജീവിതം തമിഴകത്തായിരുന്നു. ശിവഗിരി മഠത്തിന്റെ അനുബന്ധ ആശ്രമമായ കാഞ്ചീപുരത്തെ ശ്രീനാരായണ സേവാശ്രമമായിരുന്നു സ്വാമിയുടെ കർമ്മരംഗം. ഗുരുദേവന്റേയും ഗുരുവിന്റെ സന്യസ്തശിഷ്യന്മാരായിരുന്ന ഗോവിന്ദാനന്ദ സ്വാമികളുടേയും ആത്മാനന്ദ സ്വാമികളുടേയും ചിന്താസ്വാധീനം കൊണ്ട് അപരനുവേണ്ടി അഹർനിശം പ്രയത്നിക്കുവാൻ വാക്കും വിചാരവും പ്രവൃത്തിയും ഉഴിഞ്ഞുവച്ച സ്വാമിജി സേവാശ്രമത്തെ കാഞ്ചീപുരത്തിന്റെ ആദ്ധ്യാത്മിക കാന്തിയാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ആശ്രമത്തിലെ വൈദ്യശാലയേയും പാരമ്പര്യചികിത്സയേയും ആയൂർവേദ ഔഷധ നിർമ്മാണത്തേയും കാഞ്ചീപുരത്തെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിൽ പ്രധാന കണ്ണിയാക്കി മാറ്റുവാൻ സ്വാമിജിക്ക് അനായാസം കഴിഞ്ഞിരുന്നു.
17 കൊല്ലം മുമ്പ് 700 ഓളം വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ശ്രീനാരായണഗുരു മെട്രിക്കുലേഷൻ ഹയർ സെക്കന്ററി സ്‌കൂളിനെ 4000ത്തോളം കുട്ടികൾ പഠിക്കുന്ന കാഞ്ചീപുരത്തെ മുൻനിരവിദ്യാലയങ്ങളിലൊന്നാക്കി മാറ്റുവാനും സ്വാമിജിക്ക് കഴിഞ്ഞു. ധനത്തെ വിദ്യയാക്കണമെന്നും വിദ്യയെ സേവനമാക്കണമെന്നുമുള്ള ഗുരുദേവ സന്ദേശത്തെ അതേവിധം പ്രയോഗത്തിലെത്തിക്കാൻ ഒരുപക്ഷേ മറ്റാരെക്കാളും സ്വാമിജിക്ക് കഴിഞ്ഞിട്ടുണ്ട്. ആരെയും അന്യരാക്കാത്ത സ്വാമിയുടെ പ്രകൃതവും പ്രയത്നവും ആർക്കും ഒരിക്കലും വിസ്മരിക്കാനാവില്ല.
ഇനിയും ത്യാജ്യത്തിന്റേയും ത്യാഗത്തിന്റേയും വലിയ ആശയങ്ങൾ പ്രകാശിപ്പിക്കേണ്ടിയിരുന്ന ആ ധന്യജീവിതം പെട്ടെന്ന് മറഞ്ഞുപോയത് നിയതിയുടെ നിശ്ചയമാണെങ്കിലും മനസ്സിന് അതുമായി പൊരുത്തപ്പെട്ടുവരുവാൻ ഉടനെയാവില്ല തന്നെ. അത്രത്തോളം എല്ലാവരേയും തന്നിലേക്കും തന്നെ എല്ലാവരിലേക്കും പകർത്തിയെഴുതി ജീവിതം മുഴുമിപ്പിച്ച സദ്‌രൂപാനന്ദ സ്വാമികൾ നമുക്കെന്നും ഗുരുദർശനത്തിന്റെ കൈത്തിരിനാളമായി പ്രകാശിക്കുമാറാകട്ടെ. ആ ധ്യാനമഹിമക്ക് മുന്നിൽ സാദരം പ്രണാമങ്ങളർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |