കോഴിക്കോട്: നാടെങ്ങും എം.ടിയുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷമാക്കുമ്പോൾ കൊട്ടാരം റോഡിലെ 'സിത്താര"യിൽ ആഘോഷമൊന്നുമില്ലാതെ കഥാപുരുഷൻ. ചെറിയ പനിക്കോളുള്ളതിനാൽ അതിരാവിലെയുള്ള എഴുനേൽപ്പും ഉണ്ടായില്ല. വീട്ടുവളപ്പിലെ നടത്തവുമില്ല. അച്ഛന് പിറന്നാൾ അന്നും ഇന്നും ഇല്ലെന്ന് മകൾ അശ്വതി. പിറന്നാളിന് ക്ഷേത്രത്തിൽപോവുക, കേക്ക് മുറിക്കുക, പുതുവസ്ത്രം ധരിക്കുക തുടങ്ങിയവയൊന്നും പണ്ടേ ഇല്ല. എങ്കിലും ചെറിയ സദ്യവട്ടങ്ങളൊക്കെ ഒരുക്കാറുണ്ടെന്ന് അശ്വതി പറഞ്ഞു.
എം.ടിക്ക് ആഘോഷമില്ലെങ്കിലും ഇന്നലെ സിത്താരയിൽ പ്രമുഖരുടെ ഒഴുക്കായിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘാവൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തോട്ടത്തിൽ രവീന്ദ്രൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ്കുമാർ, ജില്ല സെക്രട്ടറി പി.മോഹനൻ, സെക്രട്ടേറിയറ്റംഗം എം.ഗിരീഷ് തുടങ്ങി നിരവധി പേരെത്തി. ഒരുപാട് പേർ ഫോണിൽ വിളിച്ചു. എല്ലാം ഒരു ചെറുപുഞ്ചിരിയോടെ സ്വാഗതംചെയ്ത് മലയാളത്തിന്റെ മെഗാ നോവലിസ്റ്റ് എം.ടി.വാസുദേവൻനായർ.
പതിവ് പിറന്നാൾ വേളകളിലൊന്നും എത്താതിരുന്ന അതിഥിയായതിനാലാവാം അവശതകളെല്ലാം മറന്നാണ് യെച്ചൂരിയുമായി എം.ടി സംസാരിച്ചത്. രാജ്യം ഇന്ന് നേരിടുന്ന മഹാവിപത്തിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് യെച്ചൂരി തുടങ്ങിയത്. എം.ടി തലയാട്ടി. ഏകസിവിൽ കോഡ് വിഷയത്തിലെ സെമിനാറിനു വേണ്ടിയാണ് എത്തിയതെന്നും, ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരായുള്ള സമരമാണിതെന്നും യെച്ചൂരി തുടർന്ന് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് രാജ്യാന്തര അക്ഷരോത്സവത്തിന് വന്നപ്പോൾ തമ്മിൽ കണ്ടത് എം.ടി അനുസ്മരിച്ചു. അപ്പോൾ യെച്ചൂരി സ്വന്തം ഫോണിൽ അന്നെടുത്ത ഫോട്ടോ കാണിച്ചു.
പുതിയ നോവൽ പണിപ്പുരയിൽ
മേശപ്പുറത്തുള്ള പുസ്തകങ്ങളിലേക്ക് കണ്ണോടിച്ച യെച്ചൂരി വോൾസോയിങ്കയുടെ കൃതി വായിക്കുന്നുണ്ടല്ലേ എന്ന് ചോദിച്ചു. നോബൽ സമ്മാനം നേടിയ എഴുത്തുകാരൻ വോൾസോയിങ്കയുടെ 'ക്രോണിക്കിൾസ് ഫ്രം ദ ലാൻഡ് ഓഫ് ദ ഹാപ്പിയസ്റ്റ് പീപ്പിൾ ഓൺ എർത്ത്'നെക്കുറിച്ചായി തുർന്ന് ചർച്ച. കണ്ണിന്റെ പ്രശ്‌നം മൂലം വായന കുറഞ്ഞതിലുള്ള സങ്കടവും എം.ടി പങ്കിട്ടു. പുതിയ നോവൽ എഴുതിത്തുടങ്ങിയതായും പറഞ്ഞു. കാലാവസ്ഥ, ആരോഗ്യം ഇവയൊക്കെ എഴുത്തിന് തടസ്സമാകുന്നുണ്ടെന്ന്
പറഞ്ഞപ്പോൾ പറഞ്ഞുകൊടുത്ത് എഴുതിച്ചുകൂടേ എന്നായി യെച്ചൂരി. അത് അബദ്ധമാകുമെന്നാണ് അനുഭവം. പറയുന്നതാകില്ല എഴുതിയിട്ടുണ്ടാവുക. പറഞ്ഞെഴുതിച്ചാൽ രചനയുടെ സർഗസുഖം കൈമോശം വരുമെന്നും എം.ടി പറഞ്ഞു. രണ്ടാമൂഴത്തെക്കുറിച്ചും സിനിമാപ്രവർത്തനത്തെപ്പറ്റിയും യെച്ചൂരി തിരക്കി. വിവിധ ഭാഷകളിൽ രണ്ടാമൂഴത്തിന് പരിഭാഷ വന്നു. സിനിമാപദ്ധതി മുന്നോട്ടുപോയില്ലെന്നും അത് യാഥാർത്ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും എം.ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |