തിരുവനന്തപുരം: പിതൃതർപ്പണത്തിന് മുന്നോടിയായി മനസും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കൽ ഇന്ന്. പിതൃപരമ്പരകളുടെ മോക്ഷപ്രാപ്‌തിക്കും പ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് നാളെയാണ്. സസ്യാഹാരവും ഒരുനേരം മാത്രം നെല്ലരി ആഹാരവും കഴിച്ചുള്ള വ്രതമാണ് ഒരിക്കൽ. പതിനായിരക്കണക്കിന് പേർ പിതൃതർപ്പണത്തിനെത്തുന്ന ജില്ലയിലെ എല്ലാ തീർത്ഥഘട്ടങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തിരുവല്ലം,വർക്കല എന്നിവിടങ്ങളിൽ തിലഹോമം,പിതൃപൂജ എന്നിവയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കന്യാകുമാരി സാഗരസംഗമത്തിലും കുഴിത്തുറയിൽ താമ്രപർണി നദിയിലും തീരത്തെ ക്ഷേത്രങ്ങളിലും നിരവധിപ്പേർ ബലിതർപ്പണം നടത്തും.
തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിക്കും. ക്ഷേത്രത്തിലെ രണ്ട് സ്ഥിരം ബലിമണ്ഡപങ്ങൾക്ക് പുറമെ ഏഴെണ്ണം കൂടി തയ്യാറാക്കിയിട്ടുണ്ട്. 25 പുരോഹിതന്മാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വർക്കല പാപനാശം കടപ്പുറത്ത് ഇന്ന് രാത്രി 10.25 മുതൽ ബലിതർപ്പണം ആരംഭിക്കും. കടപ്പുറത്തെ ദേവസ്വം ബോർഡ് ബലിമണ്ഡപത്തിലും താത്കാലിക മണ്ഡപങ്ങളിലും ബോർഡ് നിയോഗിച്ചിട്ടുള്ള പുരോഹിതന്മാർ കാർമ്മികത്വം വഹിക്കും. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവധിപ്പേർ ബലിതർപ്പണത്തിനെത്തും.
ശിവഗിരി മഠം,ചെമ്പഴന്തി ഗുരുകുലം,ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം,കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും.
അരുവിപ്പുറത്ത് ഒരേസമയം 1000 പേർക്ക് തർപ്പണം നടത്താം. നെയ്യാറ്റിൻകരയ്ക്ക് സമീപം രാമേശ്വരം മഹാദേവക്ഷേത്രം, നെയ്യാറിന് തീരത്തുള്ള ക്ഷേത്രക്കടവുകൾ, വിവിധ ക്ഷേത്രക്കുളങ്ങൾ, പൂവാർ കടപ്പുറം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് സൗകര്യമുണ്ട്. അരുവിക്കര ഡാമിന് സമീപത്തെ ക്ഷേത്രക്കടവ്,കരകുളം ഏണിക്കര മുദിശാസ്താംകോട് ക്ഷേത്രം,വാമനപുരം നദിയിൽ മീൻമുട്ടി കടവ്,പാലോട് ചിപ്പഞ്ചിറക്കടവ്,കാട്ടാക്കടയിൽ ചെമ്പനാകോട് ഹനുമാൻ ക്ഷേത്രം,കൊല്ലോട് തമ്പുരാൻ ഭദ്രകാളിക്ഷേത്രം,മണ്ഡപത്തിൻകടവ് കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും.
ശംഖുംമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം
തീരശോഷണത്തിന്റെ പശ്ചാത്തലത്തിൽ ശംഖുംമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണത്തിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമതി നൽകി. വടക്കേ കൊട്ടാരത്തിനടുത്തുള്ള കൽമണ്ഡപത്തിന് സമീപമുള്ള കുറച്ചുഭാഗത്താണ് ബലിതർപ്പണം നടക്കുക. കൽമണ്ഡപത്തിന് ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിക്കും. ബലിയിടുന്നവരെ മാത്രമേ ഒഴുക്കുന്നതിന് തീരത്തേക്ക് കടത്തിവിടൂ.
ഒരു സമയം ടോക്കൺ വഴി പരമാവധി 30 പേരെ മാത്രമേ ബലിതർപ്പണത്തിന് അനുവദിക്കൂ. കടലിലെ മുങ്ങിക്കുളി അനുവദിക്കില്ല. ഇത് തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. പൊലീസ്,ഫയർഫോഴ്സ്,മെഡിക്കൽ സംഘം എന്നിവരുടെ സേവനമുണ്ടാകും. തിരക്ക് നിയന്ത്രിക്കാൻ ആൾസെയിന്റ്സ്, വേളി,എയർപോർട്ട്,വലിയതുറ എന്നീ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ജനങ്ങളെ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. റെഡ്,ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായാലോ നിലവിലുള്ള തീരത്തിന് എന്തെങ്കിലും ശോഷണം സംഭവിച്ചാലോ ബലിതർപ്പണത്തിനുള്ള അനുമതി റദ്ദാക്കുമെന്നും കളക്ടർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |