
മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര അറുപതിലേക്ക്. ചിത്തിരയാണ് ചിത്രയുടെ ജന്മ നക്ഷത്രം. ജന്മദിനം 27 നാണ്. ഈ വേളയിൽ ചിത്രയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്
ചിത്ര പാടിയ ഒരു പാട്ടെങ്കിലും കേൾക്കാതെ നമ്മുടെ ഒരു ദിനവും കടന്നു പോകാറില്ല.പാട്ടുമായി ശ്രോതാക്കൾക്കു മുന്നിൽ ചിരിതൂകി നിൽക്കുന്ന കെ.എസ്.ചിത്രയ്ക്ക് അറുപതു വയസാകുന്നു. ഈ വേളയിൽ കേരളകൗമുദിയുമായി നടത്തിയ ദീർഘ സംഭാഷണമാണിവിടെ. ചിത്രയുടെ ജീവിതത്തിൽ നിർണായക സ്ഥാനമുള്ള ചില വ്യക്തികളെക്കുറിച്ചുള്ള ചിത്രയുടെ പ്രതികരണത്തോടെയാണ് തുടക്കം.
അച്ഛൻ (കൃഷ്ണൻ നായർ)
അച്ഛനാണെന്റെ ആദ്യ ഗുരു. ഞാനൊരു ഗായികയാവണമെന്ന് എന്നേക്കാൾ കൂടുതൽ ആഗ്രഹിച്ചിരുന്നത് എന്റെ അച്ഛനാണ്. അച്ഛനൊരു ഗായകനായിരുന്നു. പക്ഷേ ഗായകനെന്ന നിലയിൽ അച്ഛന് ഒരുപാട് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ആ സമയത്ത് സ്കൂളിലൊരുപാട് കലാപരിപാടികളൊക്കെ അച്ഛൻ മുൻകൈയെടുത്ത് ചെയ്തിട്ടുണ്ട്. എന്റെ ബാക്ക് ബോൺ അച്ഛനായിരുന്നു. അസുഖങ്ങളൊക്കെ ഉള്ള സമയത്തും, ആ വേദനയൊക്കെ സഹിച്ച് അച്ഛൻ റെക്കോഡിംഗിനും എല്ലാം എന്റെ കൂടെ വന്നിരിക്കുമായിരുന്നു. അപ്പോൾ എനിക്ക് വേണ്ടി എത്ര വേദന അച്ഛൻ അനുഭവിച്ചിരുന്നു എന്ന് ആലോചിക്കുമ്പോൾ എനിക്ക് ഒരുപാട് സങ്കടമുണ്ട്. അച്ഛന്റെ ത്യാഗത്തിന്റെ ഫലമാണ് ദൈവം എനിക്കിപ്പോൾ തന്നിരിക്കുന്ന ഈ ജീവിതം എന്ന് ഞാൻ വിശ്വസിക്കുന്നു.
അമ്മ (ശാന്തകുമാരി)
എല്ലാ അമ്മമാരെയും പോലെ എന്റെ അമ്മയും വളരെ സ്ട്രിക്ട് ആയിട്ടുള്ള ഒരു അമ്മയായിരുന്നു. എല്ലാ കാര്യങ്ങളും ഒരു ചിട്ടയിൽ തന്നെ പോകണമെന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു. ജീവിതത്തിൽ ചിട്ട പഠിപ്പിച്ചത് അമ്മ തന്നെയായിരുന്നു. ജീവിതത്തിന്റെ മൂല്യങ്ങൾ ഏറ്റവും കൂടുതൽപഠിപ്പിച്ച് തന്ന ഒരാളാണ് അമ്മ.
ചേച്ചി
ചേച്ചി കെ.എസ്.ബീന ആണ് എന്നെക്കാൾ കൂടുതൽ സംഗീതം അഭ്യസിച്ചതും ഒരു ഗായിക എന്ന നിലയിൽ ഫീൽഡിലേക്ക് ആദ്യം വന്നതും. ചേച്ചിയെ പാട്ട് പഠിപ്പിക്കുന്നത് കേട്ടാണ് ഞാൻ പാടി തുടങ്ങിയത്. പിന്നെ ചേച്ചിയാണ് സദസ്സിലിരുന്ന് എന്നെ സപ്പോർട്ട് ചെയ്യുന്നതും, എന്നെ കറക്ട് ചെയ്യുന്നതും. ചേച്ചി ഓക്കെ പറഞ്ഞാൽ, കൊള്ളാമെന്ന് പറഞ്ഞാൽ അതെനിക്കൊരു കോൺഫിഡൻസാണ്. അതാണ് ചേച്ചി.
അനുജൻ
അനിയൻ മഹേഷ് .അവൻ ചെറുതിലെ മൃദംഗം പഠിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് വലുതായപ്പോൾ ഗിറ്റാർ ആണ് വായിക്കുന്നത്. ചെറുതിലെ ഭയങ്കര കുറുമ്പും ഒക്കെയായിരുന്നു. വലുതായപ്പോൾ വളരെ പാവമായി. വളരെ പാവമായുള്ള ഒരു അനിയനാണ്. എന്താപറയണ്ടേ, അനിയനും എനിക്ക് സപ്പോർട്ടാണ്. അവരുടെയൊക്കെ പ്രാർത്ഥനകൊണ്ടാണ് നമ്മളൊക്കെ ഇപ്പോഴും ഇങ്ങനെ ജീവിച്ച് പോവുന്നതെന്ന് പറയണം.
വിജയ് ശങ്കർ
എല്ലാവർക്കും അറിയുന്നതുപോലെ എന്റെ സംഗീത ജീവിതത്തിലാണെങ്കിലും എല്ലാത്തിലും ഒരു തീരുമാനം എടുക്കുന്നത് എന്റെ ഭർത്താവ് വിജയൻ ചേട്ടനാണ്. സ്റ്റുഡിയോ തുടങ്ങിയതാണെങ്കിലും ഓഡിയോ ട്രാക്സ് റെക്കോഡിംഗ് കമ്പനി തുടങ്ങിയതാണെങ്കിലും അതെല്ലാം വിജയൻ ചേട്ടന്റെ ഇനിഷ്യേറ്റീവാണ്. ഞാനിപ്പോഴും ഇൻഡസ്ട്രിയിൽ നിൽക്കുന്നതിന് ഒരു ഡിസിഷൻ എടുത്ത് കറക്ടായുള്ള രീതിയിൽ എന്നെ മുൻപോട്ട് കൊണ്ടുപോകുന്ന ആള് വിജയൻ ചേട്ടനാണ്. അത്രയും സപ്പോർട്ടീവായി വിജയൻ ചേട്ടൻ കൂടെ നിൽക്കുന്നത് കൊണ്ടാണ് ഇൻഡസ്ട്രിയിൽ ഇപ്പോഴും എന്റെ സംഗീത ജീവിതം മുന്നോട്ട് പോവുന്നത്.
നന്ദന
നന്ദനയെക്കുറിച്ച് പറയുമ്പോൾ എന്താ പറയേണ്ടേ, എനിക്ക് കിട്ടിയൊരു വരമാണവൾ. ഒരുപാട് സൗഭാഗ്യങ്ങൾ അവളെനിക്ക് കൊണ്ടുത്തന്നു. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് എനിക്ക് പറയാനുള്ളത്.എട്ടു വർഷം ഞങ്ങളോടൊപ്പം സുഖമായിട്ടും സന്തോഷമായിട്ടും ജീവിച്ചു. അതുകഴിഞ്ഞപ്പോൾ കൊണ്ടുപോയി. അവള് എനിക്ക് വേണ്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ഞാൻ കോൺസേർട്ടിനൊക്കെ പോകുന്ന സമയത്തൊക്കെ എന്നെക്കാണാതെ അത്രയും ദിവസം നിൽക്കുമ്പോഴൊക്കെ അവൾക്ക് സങ്കടമുണ്ടെന്ന് എനിക്കുമറിയാം,എനിക്കും സങ്കടമാണ്. പക്ഷെ എന്നാലുമവൾ മാക്സിമം അഡ്ജസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്താ ഞാൻ പറയേണ്ടത്.
ആനന്ദം
വിജയൻ ചേട്ടന്റെ അമ്മ
അമ്മ എന്നെ ഒരിക്കലും ഒരു മരുമകളായി കണ്ടിട്ടില്ല. സത്യം പറഞ്ഞാൽ അമ്മയുടെ മക്കൾ രാജിയും ജാനിക്കുമുള്ളതിനേക്കാൾ കൂടുതൽ സ്നേഹവും സ്ഥാനവും എനിക്ക് തന്നിട്ടുള്ള ആളാണ് അമ്മ. അത്രയും സപ്പോർട്ടീവായി നിന്നിട്ടേയുള്ളു. പക്ഷെ അധികനാൾ ഞങ്ങളുടെ കൂടെ അമ്മ ഉണ്ടായില്ല എന്നുള്ളത് വലിയ വിഷമമായി തന്നെ എന്നുമുണ്ട്. അമ്മയും വീണ വായിക്കുകയൊക്കെ ചെയ്യുന്ന ഒരാളായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ എന്റെ കലാ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ ഏറ്റവും കൂടുതൽ എന്നെ സപ്പോർട്ട് ചെയ്തിരുന്ന വ്യക്തികളിൽ ഒരാള് തന്നെയാണ് അമ്മയും.
എം.ജി.രാധാകൃഷ്ണൻ
എനിക്കൊരു അഞ്ച് വയസൊക്കെയുള്ളപ്പോൾ രണ്ട് വയസുള്ള ഉണ്ണിക്കൃഷ്ണന് വേണ്ടി പാടാനായിട്ടാണ് എന്നെ ആകാശവാണിയിൽ ആദ്യം രാധാകൃഷ്ണൻ ചേട്ടൻ കൊണ്ടുപോകുന്നത്. അതിനു ശേഷം ഓഡിഷൻ, മിനി കോറൽ ഗ്രൂപ്പിൽ രാധാകൃഷ്ണൻ ചേട്ടന്റെ മ്യൂസിക്കിൽ കുറെ പാട്ടുകൾ പാടി. ഇതെല്ലാം കുട്ടിയായിരിക്കുമ്പോഴാണ്. പിന്നെ കുമ്മാട്ടി എന്ന സിനിമ. അത് കഴിഞ്ഞ് ആദ്യം പാടിയ അഞ്ച് സിനിമയും രാധാകൃഷ്ണൻ ചേട്ടന്റെ സംഗീതത്തിൽ തന്നെയായിരുന്നു. എന്നെ ആദ്യമായി സിനിമയിൽ തുടങ്ങിപ്പിച്ച വ്യക്തി, അദ്ദേഹത്തിന്റെ ഒരുപാട് ലളിത ഗാനങ്ങൾ പഠിച്ചും പാടിയുമാണ് എന്റെയും എന്റെ ചേച്ചിയുടെയും ഒക്കെ തുടക്കം. അതിനൊക്കെ തലതൊട്ട് അനുഗ്രഹിച്ച ഒരാളാണ് രാധാകൃഷ്ണൻ ചേട്ടൻ.
ഓമനക്കുട്ടി
ഓമന ചേച്ചി എന്റെ ഒരു ഗുരുവാണെന്ന് പറയുന്നതിൽ എനിക്കൊരുപാട് അഭിമാനമുണ്ട്. ഞാൻ ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് നാഷണൽ ടാലന്റ് സർച്ച് സ്കോളർഷിപ്പ് കിട്ടി എന്റെ ഗുരുവായി ഓമന ചേച്ചിയെ തെരഞ്ഞെടുത്തിട്ട് ഞാനവിടെ പഠിക്കാൻ പോയിത്തുടങ്ങിയത്. ഏഴു വർഷത്തോളം ഓമനചേച്ചിയുടെ ശിക്ഷണത്തിൽ പഠിച്ചു. ഒരുപാട് കച്ചേരികൾക്ക് ഞാൻ വോക്കൽ സപ്പോർട്ടിന് ഓമനചേച്ചിയുടെ കൂടെ പോയിട്ടുണ്ട്. ആ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയായിരുന്നു ഞാൻ. ഓമന ചേച്ചിയുടെ മകൾ ലക്ഷ്മിയും ഞാനും പാട്ട് പഠിത്തം കഴിഞ്ഞാൽ അത്യാവശ്യം ഹോംവർക്ക് ഒക്കെ അവിടെ ഇരുന്ന് തന്നെ ചെയ്യും. എന്റെ അച്ഛൻ വന്നിട്ടാണ് എന്നെ വീട്ടിലേക്ക് തിരികെക്കൊണ്ടുപോകുന്നത്. അത് മിക്കവാറും ഒരു ഏഴുമണിയൊക്കെ ആവും. പാട്ടു പഠിത്തവും ഹോംവർക്കും കഴിഞ്ഞാൽ ലക്ഷ്മിയുടെ കൂടെ കളിച്ച് നടക്കുമായിരുന്നു. അതൊക്കെ എന്റെ നല്ല ഓർമ്മകളാണ്. രണ്ടാമത്തെ വീട് പോലെ തന്നെയായിരുന്നു ഒാമനചേച്ചിയുടെ വീട്.
കെ.ജെ.യേശുദാസ്
ഞാൻ ഏകനാണ് എന്ന ചിത്രത്തിലെ ' പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയ സഖി എന്തേ മൗനമെന്ന" പാട്ടാണ് ദാസേട്ടനൊപ്പം ഞാൻ ആദ്യമായി പാടി റെക്കാർഡ് ചെയ്യുന്നത്. അതിനു മുൻപ് ദാസേട്ടനെ പലവട്ടം കണ്ടിട്ടുണ്ട്. ദാസേട്ടൻ നമ്മുടെ ആറ്റുകാൽ അമ്പലത്തിൽ കച്ചേരി പാടുമ്പോൾ കാണാൻ പോയിരുന്നു. അന്ന് എന്നെ എടുത്ത് പൊക്കി ഷേക്ക് ഹാൻഡൊക്കെ തന്നു. അങ്ങനെ പലപല ഓർമ്മകളുണ്ട്.ഞാൻ കൂടെ നിന്ന് ആദ്യം പാടുന്നത് മുകളിൽ സൂചിപ്പിച്ച പാട്ടിന്റെ റെക്കോഡിംഗിനാണ്. അതിനു ശേഷം ദാസേട്ടൻ തന്നെ മ്യൂസിക്ക് ചെയ്ത ഒരു സിനിമയിൽ ഗാനമേ ഉണരൂ എന്ന പാട്ട് എന്നെക്കൊണ്ട് പാടിച്ചിരുന്നു. അത് കഴിഞ്ഞപ്പോൾ ഗാനമേളകൾക്ക് കൂടെ പാടാനായിട്ട് ദാസേട്ടൻ എന്നെ വിളിച്ചു കൊണ്ട് പോയി. തീർച്ചയായിട്ടും അതെല്ലാം എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.ദാസേട്ടന്റെ കൂടെ പാടിയ കുട്ടി എന്ന നിലയിലായിരുന്നു മറ്റുള്ള സംഗീത സംവിധായകർക്ക് എന്നെ വിളിച്ച് പാടിപ്പിക്കാനുള്ള ഒരു ധൈര്യം ഉണ്ടായത്. അതൊക്കെ തീർത്താൽ തീരാത്ത കടപ്പാടാണ്.
ഇളയരാജ
തമിഴിൽ ഞാൻ ആദ്യമായി പാടുന്നത് രാജാ സാറിനു വേണ്ടിയാണ് . നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയുടെ റീമേക്ക് ആയ പൂവേ പൂചൂടവാ എന്നുള്ള സിനിമയുടെ റെക്കോർഡിംഗ് വേളയിൽ ഫാസിൽ സാർ രാജാ സാറിനെ മലയാളം പതിപ്പ് കാണിച്ചു, എന്റെ ശബ്ദം കേട്ടപ്പോൾ ഇതാരുടെ വോയ്സ് എന്ന് ചോദിച്ചു. കേരളത്തിൽ പാടുന്ന ഒരു കുട്ടിയുടേതാണെന്ന് ഫാസിൽ സാർ മറുപടി നൽകി. നദിയാ മൊയ്തു അന്ന് വളരെ ചെറിയ കുട്ടിയാണ്. അപ്പോൾ ഈ ശബ്ദം തന്നെ നമുക്ക് ഉപയോഗിക്കാമെന്നും ഇളയരാജാ സാറിനെ ചെന്നു കാണാനും പറഞ്ഞു. ഫാസിൽ സാർ ഇക്കാര്യം എന്നെ വിളിച്ച് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. അതൊരു ഷോക്കായിരുന്നു. അതിനു ശേഷം ഞാൻ ചെന്നൈയിൽ ഒരു റെക്കോഡിംഗിന് പോയപ്പോൾ ദാസേട്ടന്റെ മാനേജറായിരുന്ന കുഞ്ഞുണ്ണി ചേട്ടനാണ് എന്നെയും അച്ഛനെയും രാജാ സാറിന്റെയടുത്ത് കൊണ്ടുപോയത്. അവിടെ ചെന്നപ്പോൾ എന്തെങ്കിലും ഏതാവത് പാടുങ്കോ എന്ന് സാർ പറഞ്ഞു ഞാൻ കാപ്പി രാഗത്തിൽ ഇന്ത സൗഖ്യ മനിനേ എന്ന ത്യാഗരാജ കൃതി പാടി. വെപ്രാളത്തിലായിരുന്നതിനാൽ തെറ്റിച്ചൊക്കെയാണ് പാടിയത്. ഇഷ്ടപ്പെട്ടെന്നോ ഇല്ലെന്നോ ഒന്നും ഇളയരാജ സാർ പറഞ്ഞില്ല. പക്ഷെ കറക്ഷൻ പറഞ്ഞുതന്നു. ജപജാല എന്നുള്ളത് ഒരുമിച്ച് തന്നെ വരണം. ഞാൻ ജപജാ.. ല എന്നാണ് പാടിയത്. ശ്വാസം കിട്ടാത്ത അവസ്ഥ. പക്ഷെ സാർ ഓൾ ദ ബെസ്റ്റ് ആശംസിച്ചാണ് വിട്ടത്. ഞാൻ വീട്ടിൽ എത്തിയപ്പോൾ അടുത്ത ദിവസം രാവിലെ റെക്കോഡിംഗിന് വരാൻ ആവശ്യപ്പെട്ടുള്ള വിളിയാണ് വന്നത്. രാജാ സാറിന്റെ അടുത്ത് പാടിയെന്നുള്ളത് എനിക്ക് എന്റെ കരിയറിൽ ലഭിച്ച വലിയ അംഗീകാരമായിരുന്നു.മറ്റു ഭാഷകളിലെ സംഗീത സംവിധായകരൊക്കെ എന്നെ പാടാൻ വിളിച്ചതും രാജാ സാറിന് പാടിയ കുട്ടി എന്ന് പേര് പറഞ്ഞിട്ടായിരുന്നു. തമിഴും തെലുങ്കും കന്നഡയുമൊക്കെ പാടിത്തുടങ്ങിയത് അതിനുശേഷമാണ്. ഒരുപാട് നല്ല പാട്ടുകൾ രാജാ സാറിന് പാടി, പല ജോണേഴ്സിലുള്ള പാട്ടുകളും എന്നെക്കൊണ്ട് പാടിച്ചിട്ടുണ്ട്.
ലതാ മങ്കേഷ്കർ
ഞാൻ ജനിച്ചപ്പോൾ മുതൽ കേട്ട് പരിചയമുള്ള ശബ്ദമാണ് ലതാജിയുടേത്. ജീവിതത്തിൽ ഒരിക്കൽ പോലും കാണുമെന്ന് പ്രതീക്ഷിച്ചതല്ല.
ലതാജിക്ക് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കിട്ടിയപ്പോൾ ചെന്നൈയിൽ തെലുഗു അക്കാഡമി അവർക്ക് സ്വീകരണമൊരുക്കി.അന്ന് ഉച്ചയ്ക്ക് എസ് .പി. ബാലസുബ്രഹ്മണ്യം സാറിനൊപ്പം ഒരു ഡ്യൂയറ്റ് റെക്കോർഡിംഗ് ഉണ്ടായിരുന്നു.ലതാജിയുടെ പരിപാടിക്കു പോകണമെന്നതിനാൽ അന്ന് രണ്ട് പാട്ടുപാടിയ ശേഷം ബാക്കി അടുത്ത ദിവസം പാടാമെന്ന് സാർ പറയുന്നതു കേട്ടു.അപ്പോൾ ലതാജിയെക്കാണാൻ എനിക്കു കൂടി വന്നാൽക്കൊള്ളാമെന്ന് ഞാൻ സാറിനോടു പറഞ്ഞു. എസ് പി ബി സാറിനൊപ്പമാണ് ഞാൻ ആദ്യമായി കാണുന്നത്. അന്ന് കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു. എസ് പി ബി സാർ എന്നെ ലതാജിക്കു പരിചയപ്പെടുത്തിയപ്പോൾ മേനേ സുനാതാ.. എന്റെ പേര് കേട്ടിട്ടുണ്ട് എന്ന് ലതാജി പറഞ്ഞു. അതിനുശേഷം ലതാജിയുടെ 75-ാമത് ബർത്ത്ഡേയ്ക്ക് ബോംബെയിൽ പോയി ഒരു ഫംഗ്ഷനിൽ ലതാജിയുടെ മുമ്പിൽ വച്ച് പാടി. പിന്നെ രണ്ട് തവണ ഞാൻ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒന്ന് ലതാജിയുടെ 88-ാമത് ബർത്ത് ഡേയിൽ ലതാജിക്ക് ഒരു ട്രിബ്യൂട്ടായിട്ട് ഒരു ആൽബം ചെയ്തു. അത് ലതാജിക്ക് വിജയൻ ചേട്ടൻ അയച്ചുകൊടുത്തത് ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു. ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വന്നു. ഫീമെയിൽ വോയിസാണ്. ലതാജി വാണ്ട്സ് ടു ടോക്ക് ടു യു എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ഗായികയായ ലതാജിയായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ആദ്യം ഹിന്ദിയിൽ പറഞ്ഞിട്ട് കുറച്ച് നേരം ശബ്ദം ഒന്നുമില്ലാതിരുന്നപ്പോൾ ഞാൻ കോൾ കട്ട് ചെയ്തു. പിന്നെയും വിളിച്ചു. ആരോ എന്നെ കളിപ്പിക്കുകയാണെന്നാണ് ഞാൻ കരുതിയത്.രണ്ടാമത്തെ വിളിയിൽ അങ്ങേത്തലയ്ക്കൽ ലതാജിയുടെ ശബ്ദം കേട്ടു. ഞാൻ അയച്ചുകൊടുത്ത ആൽബം കിട്ടിയെന്നും (അപ്പോഴാണ് വിജയൻ ചേട്ടൻ അയച്ചിരുന്നുവെന്ന് ഞാൻ മനസിലാക്കിയത്) സുഖമില്ലാത്തതിനാലാണ് മറുപടി അയക്കാതിരുന്നതെന്നും ലതാജി പറഞ്ഞു. ആൽബം ഇഷ്ടമായി എന്നും പറഞ്ഞു. അത് വലിയൊരു അനുഗ്രഹമായി ഞാൻ വിശ്വസിക്കുന്നു. അതിനുശേഷം ലതാജിയുടെ പേർക്കള്ള ലതാ മങ്കേഷ്കർ അവാർഡിന് എന്നെ സെലക്ട് ചെയ്തു എന്ന് പറഞ്ഞിട്ട് വിളിച്ചു. ജീവിതത്തിൽ ഏറ്റവും ഡിഫിക്കൽട്ടായിട്ടുള്ള ഒരു ടൈമിൽ ഇരിക്കുന്ന സമയത്താണ് ഈ കോൾ വരുന്നത്. അപ്പോൾ ഞാൻ ഒരു അവാർഡ് ഫംഗ്ഷന് പോകാനുള്ളൊരു മാനസികാവസ്ഥയിലായിരുന്നില്ല. ഓർഗനൈസറോട് വരാനുള്ള ബുദ്ധിമുട്ട് പറഞ്ഞു. അതു കേട്ടപ്പോൾ അവർ എന്നെ നിർബന്ധിച്ചില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ ലതാജിയുടെ വിളി വന്നു. ഫംഗ്ഷന് വരണം. താനുമുണ്ടാകും. വിഷമങ്ങളൊക്കെ അറിയാം. പക്ഷെ പാടാതിരിക്കരുതെന്നും അവാർഡ് ചെന്ന് സ്വീകരിക്കണമെന്നും എന്നെ കാണണമെന്നുമൊക്കെ ലതാജിപറഞ്ഞു. അങ്ങനെയാണ് ഞാൻ ആ ഫംഗ്ഷന് പോവാൻ തീരുമാനിച്ചത്. പക്ഷെ അന്ന് ലതാജിക്ക് വരാൻ പറ്റിയില്ല. ലാസ്റ്റ് മിനിട്ട് എന്തോ ബുദ്ധിമുട്ടുണ്ടായത് കാരണം വന്നില്ല. അതാണ് എനിക്ക് ലതാജിയെ കുറിച്ച് പറയാനുള്ളത്.
ബ്ലൂ ബേർഡ്സ് ഓർക്കസ്ട്ര
ബ്ളൂബേർഡ്സ് ഓർക്കസ്ട്രയുടെ കൂടെയാണ് ചെറിയ പ്രായത്തിൽ ഗാനമേളയിൽ പങ്കെടുക്കുന്നത്. അതിനു മുമ്പ് ലിറ്റററി ആർട്സ് ക്ളബുകളടക്കം ചെറിയ ക്ളബുകൾക്ക് പാടിയിട്ടുണ്ട്. തണ്ടർ ബേർഡ്സ് എന്ന് പറയുന്ന ഓർക്കസ്ട്രയിലും ഒരു കൂമാർ ചേട്ടന്റെ ഓർക്കസ്ട്ര ട്രൂപ്പിലും പാടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തവരും വിജയിച്ചവരുമെല്ലാം കൂടി തുടങ്ങിയ ഒരു ഓർക്കസ്ട്രയാണ് ബ്ളുബേർഡ്സ് ഓർക്കസ്ട്ര. എന്റെ ചേച്ചി ബീന ,അരുന്ധതി അങ്ങനെ എല്ലാവരും അതിലുണ്ടായിരുന്നു. ചേച്ചിയുടെ കൂടെയാണ് ഞാനും പാടിയത്. ഞങ്ങളെല്ലാവരും കൂടെ ഒരുപാട് പ്രോഗ്രാമുകൾക്ക് ബ്ളൂബേർഡ്സ് ഓർക്കസ്ട്രയിൽ പാടിയിട്ടുണ്ട്. തീർച്ചയായും എന്റെ ചെറിയ പ്രായത്തിൽ വലിയ പ്രോത്സാഹനം തന്നെയായിരുന്നു.
ഗായികയായി മുന്നോട്ട് പോകുവാൻതീരുമാനിച്ചത് എപ്പോൾ? ഏത് പാട്ട് പാടി കഴിഞ്ഞപ്പോൾ?
അങ്ങനെ ഒരു തീരുമാനം എന്നെന്ന് പറയാൻ പറ്റില്ല. ഞാനുദ്ദേശിച്ചത് മ്യൂസിക്ക് മെയിനെടുത്ത് പഠിച്ച് ഏതെങ്കിലും ഒരു കോളേജിലോ സ്കൂളിലോ മ്യൂസിക്ക് ലക്ചററായിട്ടോ ടീച്ചറായിട്ടോ ജോലി നേടാമെന്നായിരുന്നു. എന്റെ കരിയർ അങ്ങനെയായിരിക്കുമെന്നാണ് കരുതിയതും.തിരുവനന്തപുരത്ത് സ്റ്റുഡിയോ വന്നപ്പോൾ എം.ജി.രാധാകൃഷ്ണൻ ചേട്ടൻ കൊണ്ടുപോയി പാടിച്ചതും ദാസേട്ടനൊപ്പം പാടുകയും പ്രോഗ്രാംസിന് പോയതും മറ്റുള്ള സംഗീത സംവിധായകർ വിളിച്ച് പാടിച്ചതും നിമിത്തമായിരുന്നു.അങ്ങനെ പടിപടിയായിട്ടാണ് ഞാൻ ഇതിലോട്ട് വന്നത്. രാജാ സാറിനായി പാടിക്കഴിഞ്ഞപ്പോൾ ഒരുപാട് അവസരങ്ങൾ വന്ന് തുടങ്ങി. അങ്ങനെയങ്ങ് ഇത് പ്രൊഫഷനായി മാറുകയായിരുന്നു. എം.എ പൂർത്തിയാക്കാനും പറ്റിയില്ല. അപ്പോഴേക്കും തിരക്കുകൾ ആയി. അങ്ങനെ ഓട്ടോമാറ്റിക്കലായി ആയതാണ്. അത് ഏത് പാട്ട് പാടിക്കഴിഞ്ഞപ്പോൾ എന്ന് ഒരു ഉത്തരം പറയാനില്ല.
ഗായികയായി ഏറ്റവും സന്തോഷം തോന്നിയ ആദ്യ സന്ദർഭം
തീർച്ചയായിട്ടും. ഓരോ അംഗീകാരങ്ങളും അല്ലെങ്കിൽ ഒരു പാട്ട് പാടി നന്നായി എന്നുള്ള അപ്രീസിയേഷൻ കിട്ടുന്നത് തന്നെയാണ് ഏത് ഗായകർക്കും കൂടുതൽ സന്തോഷം തോന്നുന്ന നിമിഷം. എനിക്കും അതുപോലെ തന്നെയാണ്. പാടിയ പാട്ടുകളിൽ പലതും ആ സംഗീത സംവിധായകന് ഇഷ്ടമായി എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മുഖത്തൊരു സന്തോഷം, ഒരു സംതൃപ്തി ഉണ്ടാവുമ്പോഴാണ് ഒരു ഗായിക എന്ന നിലയിൽ എനിക്ക് മാത്രമല്ല എല്ലാവർക്കും സന്തോഷം തോന്നുന്നത്.
പുതിയ ഗായകരോട് പറയാനുള്ളത്
സത്യം പറഞ്ഞാൽ പുതിയ ഗായകരോടൊപ്പം നിന്നു പാടുന്ന ആ ഒരു പതിവ് ഇപ്പോളില്ല. എന്റെ സീനിയർ ഗായകർക്കൊപ്പം നിന്ന് പാടാൻ സാധിച്ചതും അവർ പാടുന്നത് കണ്ടും കേട്ടും പഠിക്കാനുള്ള അവസരം എനിക്കു പണ്ട് കിട്ടിയിരുന്നു. തീർച്ചയായും അതൊരു അനുഗ്രഹമായിരുന്നു. സാങ്കേതിക വിദ്യയിൽ മാറ്റം വന്നപ്പോൾ ഇപ്പോഴത്തെ കുട്ടികളുടെ കൂടെ നിന്ന് പാടാൻ എനിക്ക് സാധിക്കാറില്ല. പറഞ്ഞ് കേട്ടിട്ടുള്ളത് ഇങ്ങനെയാണ് 'റെക്കോഡിംഗിന് നമ്മൾ ഒരു സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ മുമ്പെ പാടിപ്പോയ ആൾ പാടിയ പേപ്പർ സ്റ്റാൻഡിൽ കിടപ്പുണ്ടാവും. ഹെഡ്ഫോൺ വലിച്ചവിടെ നിലത്ത് ഇട്ടിട്ടുണ്ടാവും. അങ്ങനെയൊക്കെ, എല്ലാം ഒരു ടേക്ക് ഇറ്റ് ഈസിയായി കാണുന്ന സമീപനം ചിലരിൽ നിന്നുണ്ടാകുന്നതായി കേട്ടിട്ടുണ്ട്. സംഗീതസംവിധായകരിൽ പലരും ഇങ്ങനെ പരാതിയായി പറഞ്ഞിട്ടുണ്ട്. വരുമ്പോൾ പെൻ കൊണ്ടുവരാറില്ല, പേപ്പർ കൊണ്ടുവരാറില്ല. സ്റ്റുഡിയോയിൽ നിന്ന് ഒരു പെൻ തരുമോ... ഒരു പേപ്പർ തരുമോ എന്നൊക്കെ ചോദിച്ച് വാങ്ങി എഴുതാറുണ്ടെന്നും."പ്രിപ്പയേർഡ് ആയി വേണം ഒരു സ്റ്റുഡിയോയിലേക്ക് പോകാൻ. നമ്മുടെ കംഫർട്ടിന് വേണ്ടതൊക്കെ കൈയ്യിൽ കരുതുന്നതാണ് ഞാനൊക്കെ ഫോളോ ചെയ്യുന്ന രീതി.കുറച്ചുകൂടി പ്രൊഫഷണലായി തന്നെ തൊഴിലിനെ കാണണമെന്ന് എനിക്ക് പറയാനുണ്ട്. ഇതാണ് നമ്മുടെ ജോലി, ഇതാണ് നമ്മുടെ അന്നം.നമ്മൾ ഈ ജോലിയാണ് ചെയ്യുന്നത്. അപ്പോൾ അതിനോട് ഒരു മര്യാദ കാട്ടണം. ആ പാട്ട് മര്യാദയ്ക്കിരുന്ന് എഴുതിയെടുത്ത് പഠിക്കണം. നൊട്ടേഷൻ അതിന്റെ മുകളിൽ സ്വരമെഴുതണമെങ്കിൽ അതെഴുതാം. എവിടെ തുടങ്ങണമെന്ന ബാക്ക് ഗ്രൗണ്ടിന്റെ ക്യൂ എഴുതാം. ഇതൊക്കെ എഴുതി പ്രിപെയേർഡായിട്ട് പോകുന്നതാണ് ഏറ്റവും നല്ലത്. മൊബൈൽ ഫോൺ വെച്ചിട്ട് സ്റ്റേജിലൊക്കെ പെർഫോം ചെയ്യുന്നത് കണ്ടിട്ടുണ്ട്. എനിക്കതിനോട് ഒട്ടും താത്പര്യമില്ല. നമ്മുടെ ചോറല്ലെ ഒന്ന് എഴുതിയെടുക്കാമല്ലോ. ഇപ്പോൾ ഒരു ഐപാഡിലാണെങ്കിൽ പോലും സാരമില്ല, പക്ഷെ നമ്മുടെ കൈപ്പടയിൽ എഴുതി പാടുമ്പോൾ ആത്മവിശ്വാസം കൂടും. അത്രയും നമ്മൾ അതിനുവേണ്ടി ഡെഡിക്കേറ്റ് ചെയ്ത് സമയം ചെലവഴിക്കണം. പ്രാക്ടീസ് ചെയ്യണമെന്നാണ് ഏറ്റവും അത്യാവശ്യമായി പറയാനുള്ളത് .
പ്രിയപാട്ടുകാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട്?
പ്രിയ ഗായകരുടെ ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതൊക്കെയാണെന്ന് ഒരുപാട്ടായിട്ട് പറയാൻ എനിക്ക് പ്രയാസമാണ്. അവരുടെ എല്ലാവരുടെയും ഒരുപാട് ഇഷ്ടമുള്ള പാട്ടുകളുണ്ട്.
പാട്ടിനുവേണ്ടി ആഹാരത്തിൽ വരുത്തിയ നിയന്ത്രണം
ഏതൊക്കെ ആഹാരം കഴിക്കുമ്പോൾ എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ അതെല്ലാം ഞാൻ ഒഴിവാക്കിയിട്ടുണ്ട്. ആദ്യം മുതലേ തണുത്ത ഭക്ഷണങ്ങളൊന്നും കഴിക്കാറില്ല. കാരണം ദാസേട്ടന്റെ ഒരു സ്കൂളിലാണല്ലോ ഞാൻ തുടങ്ങിയത്, എന്റെ വീട്ടിലാണെങ്കിലും എന്റെ അച്ഛനുമമ്മയുമാണെങ്കിലും തണുത്ത സാധനങ്ങളധികം തരാറില്ലായിരുന്നു. എനിക്ക് തണുപ്പിനോട് അത്ര വലിയൊരു ഇഷ്ടവുമില്ല. തണുത്തതൊന്നും തന്നെ കഴിക്കാറില്ല. ചില ഭക്ഷണം കഴിക്കുന്ന ദിവസം അസിഡിറ്റി പോലെയോ റിഫ്ളക്സ് പോലെയോ അന്നത്തെ ഒരു ദിവസം ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയാൽ പിന്നെ ഞാൻ കോൺസേർട്ട് ഉള്ള ദിവസമോ റെക്കോഡിംഗ് ഉള്ള ദിവസമോ ആ വക സാധനങ്ങൾ ഒഴിവാക്കും. അങ്ങനെയിപ്പോൾ ആഹാരകാര്യത്തിൽ ഒരുപാട് നിയന്ത്രണം ഉണ്ട്. എനിക്ക് തീരെ കഴിക്കാൻ പറ്റാത്ത സാധനങ്ങളുണ്ട്. എരിവ് , പുളി, എണ്ണ ഒക്കെ ഞാൻ കഴിവതും ഒഴിവാക്കാറുണ്ട്. പ്രോഗ്രാം ഉള്ള സമയത്ത് ഒട്ടും സ്പൈസി അല്ലാത്ത എന്തെങ്കിലും മാത്രമെ കഴിക്കാറുള്ളു.
ആഗ്രഹങ്ങൾ
അങ്ങനെ ആഗ്രഹങ്ങൾ എന്ന് പറയാനായിട്ട് ഒന്നുമില്ല. ജീവിതത്തിലെല്ലാം വരുന്നതു പോലെ (ടേക്ക് ലൈഫ് ആസ് ഇറ്റ് കംസ്) എന്ന് വിശ്വസിക്കുന്നൊരാളാണ്. നമ്മൾ എന്തൊക്കെ ആഗ്രഹിച്ചാലും എനിക്ക് വിധിച്ചത് എനിക്ക് വരും അതിൽ ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്നു.
പ്രിയപ്പെട്ടൊരു കൂട്ടുകാരി
കൂട്ടുകാരികൾ ഒരുപാട് പേരുണ്ട്. ഞങ്ങൾ അഞ്ചു പേരാണ് എപ്പോഴും കൂടുതൽ അടുപ്പത്തിലുള്ളത്.അഞ്ചല്ല ഒരു അഞ്ചാറുപേരുണ്ട്. എന്റെ തിരക്കറിയാവുന്നത് കൊണ്ട് അങ്ങനെ ഒരുപാട് മെസേജ് അയയ്ക്കാറില്ല. പക്ഷെ എങ്കിലും നല്ല നല്ല കാര്യങ്ങൾ പങ്കുവയ്ക്കും. ഞങ്ങൾ എന്നെങ്കിലും വർഷത്തിലൊരിക്കൽ ഒരുമിച്ച് മീറ്റ് ചെയ്യാൻ ശ്രമിക്കും.
എന്റെ കോളേജിൽ പഠിച്ച എന്റെ ക്ളോസ് ഫ്രണ്ട്സ്, അതുപോലെ സ്കൂളിലെ ഫ്രണ്ട്സുമുണ്ട്.
ഇനിയൊരു ജന്മത്തിൽ എന്താവണം
അത് ആലോചിച്ചിട്ടില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഗായിക ആവണമെന്ന് തന്നെയാണ് ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |