'പുതുപ്പള്ളി പള്ളിയിൽ ഞാൻ രാവിലെ വരും. അപ്പ ഇവിടെയുണ്ട്. എങ്ങും പോയിട്ടില്ല. അപ്പയുടെ പ്രസൻസ് ഇവിടൊക്കെയുണ്ട്. മാറിനിൽക്കാൻ തോന്നില്ല. എവിടെ നിന്നെല്ലാം ജനങ്ങൾ വരുന്നു. അവർ കരയുന്നു. ഞാൻ വൈകുന്നേരമെ പിന്നെ വീട്ടിലേക്ക് മടങ്ങൂ. ഭക്ഷണം പോലും രാത്രിയിൽ മാത്രമെ കഴിക്കാറുള്ളൂ. അപ്പ ജനസമ്പർക്ക പരിപാടിയിലൊക്കെ ഭക്ഷണമൊന്നും കഴിക്കാതെ നിന്നത് എന്തുകൊണ്ടാണെന്ന് എനിക്കിപ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്. ജനങ്ങൾ നൽകുന്ന എനർജി എന്താണെന്ന് ഞാനും തിരിച്ചറിയുന്നു." -ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മറിയ ഉമ്മൻ സംസാരിക്കുകയായിരുന്നു.
കരച്ചിൽ ഇനിയും അടങ്ങിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ മരണം ഉൾക്കൊള്ളാനാവാതെ കണ്ണീർ പൊഴിക്കുകയാണ് കേരളം. പുതുപ്പള്ളി പള്ളിയിലെ കുഴിമാടത്തിനു മുന്നിൽ മെഴുകുതിരി കത്തിക്കുകയും പൂക്കൾ അർപ്പിക്കുകയും ചെയ്യുന്ന അനേകർ. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നവർ. അവരാരും അദ്ദേഹത്തിന്റെ ബന്ധുക്കളല്ല. നാനാജാതികളിൽപ്പെട്ട അവർക്കെല്ലാം ഏറ്റവും വേണ്ടപ്പെട്ട ഒരാളാണ് ആ കുഴിമാടത്തിൽ ഒന്നും മിണ്ടാതെ അന്ത്യവിശ്രമം കൊള്ളുന്നത്. അതോർത്ത് പലരും വിതുമ്പുന്നു. തങ്ങൾക്ക് ചെയ്ത സഹായത്തെക്കുറിച്ചു പറഞ്ഞ് വിലപിക്കുന്നു. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയപ്പോഴും ഈ അനുഭവസാക്ഷ്യങ്ങൾ കേരളം കേട്ടിരുന്നു. അധികാരത്തെ അക്ഷരാർത്ഥത്തിൽ ജനസേവനമാക്കിയ ഒരാളെന്ന യാഥാർത്ഥ്യം പലരും തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പാർട്ടിയും. ശരിക്കും ഉമ്മൻചാണ്ടിയുടെ വലിപ്പം കേരളം മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ വേർപാടിനുശേഷമാണെന്നു പറയുന്നതാണ് ശരി. ഉമ്മൻചാണ്ടിയുടെ ജനപ്രീതി എന്താണെന്ന് കേരളം വിളിച്ചു പറയുകയായിരുന്നു.
പാർട്ടിയുടെ ആഹ്വാനം കേട്ട് വന്നവരായിരുന്നില്ല അവരാരും. തങ്ങൾക്കുവേണ്ടി ജീവിച്ച ഒരാൾ പോയി എന്ന അടക്കാനാവാത്ത ദുഃഖഭാരത്തോടെയാണ് അവർ ഓരോരുത്തരും ഒരുനോക്കു കാണാനെത്തിയത്. എത്ര വൈകിയാലും, എത്ര കാത്തുനിന്നാലും ഞങ്ങൾ കണ്ടിട്ടേ പോകൂ എന്ന് അവർ വാശിപിടിച്ചതും ഉള്ളിൽനിന്നുയരുന്ന അഗാധമായ സ്നേഹത്തിന്റെയും കടപ്പാടിന്റെയും ആഴത്താലായിരുന്നു. ഒരു നേതാവിന് ഇങ്ങനെയും ജനങ്ങളെ സ്നേഹിക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും കഴിയുമെന്ന വലിയൊരു പാഠം സ്വന്തം ജീവിതത്തിലൂടെ തുറന്നുകാട്ടിയാണ് ഉമ്മൻചാണ്ടി മടങ്ങിയത്.
എന്താണ് ഉമ്മൻചാണ്ടി കേരള സമൂഹത്തിനു മുന്നിൽ ബാക്കിവയ്ക്കുന്നത്? പൊതുപ്രവർത്തനമെന്നാൽ ജനങ്ങളെ സേവിക്കുക, ദുഃഖിതന്റെ കണ്ണീരൊപ്പുക, നിരാലംബർക്ക് ആശ്രയമാവുക, നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുക എന്നതൊക്കെയാണ്. അല്ലാതെ അധികാരത്തിന്റെ ദന്തഗോപുരങ്ങളിൽ വസിച്ച് ഭരണത്തിന്റെ ശീതളച്ഛായയിൽ എല്ലാം മറന്ന് ജനങ്ങളിൽനിന്നകന്ന് കഴിയുകയല്ല. ഭരണാധിപനായപ്പോഴും അല്ലാത്തപ്പോഴും തന്റെ ഓരോ നിമിഷവും ഉമ്മൻചാണ്ടി ചിന്തിച്ചത് ജനങ്ങൾക്ക് എന്ത് സഹായം ചെയ്യാമെന്നു മാത്രമായിരുന്നു. രണ്ടുതരം ജീവിതം തനിക്കില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചു. അതിനെല്ലാം അദ്ദേഹത്തിന്റെ കുടുംബം ഒപ്പം നിന്ന് പിന്തുണ നൽകി. ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ സ്വകാര്യജീവിതവും പൊതുജീവിതത്തിന്റെ ഭാഗമായിരുന്നു.
മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ കൂടെ കോട്ടയത്ത് പുതുപ്പള്ളിയിൽ ഒരു ഞായറാഴ്ച സഞ്ചരിച്ചത് ഓർക്കുന്നു. മുഖ്യമന്ത്രിപദവിയുടെ കാലാവധി തീരാറായ വേളയാണ്. പുതുപ്പള്ളിയിൽനിന്ന് തിരികെ തിരുവനന്തപുരത്തേക്ക് വരുമ്പോൾ കാറിൽ വച്ചാകാം അഭിമുഖം എന്നു പറഞ്ഞതിനാലാണ് പുതുപ്പള്ളിയിൽ പോയത്. രാവിലെ പള്ളിയിൽനിന്ന് വന്നയുടനെ കുടുംബവീട്ടിൽ നിവേദനം സ്വീകരിക്കൽ. രണ്ടുമണിക്കൂർ കഴിഞ്ഞായിരുന്നു യാത്ര. രണ്ട് ഞായറുകൾക്കിടയിൽ പുതുപ്പള്ളി മണ്ഡലത്തിൽ സംബന്ധിക്കാൻ പറ്റാതിരുന്ന വിവാഹ വീടുകളിലും മരണം നടന്നയിടങ്ങളിലുമെല്ലാം കയറണമെന്നും അധികം സമയമെടുക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അങ്ങനെ ഒരു വിവാഹ വീട്ടിലെത്തി. രണ്ടു ദിവസം മുമ്പായിരുന്നു കല്യാണം. പെൺകുട്ടിയുടെ വീടാണ്. അവർ ഭർത്താവിന്റെ വീട്ടിലാണ്. പെൺകുട്ടിയെ ഫോണിൽ വിളിച്ചുകൊടുക്കാൻ ഉമ്മൻചാണ്ടി പറഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ ഫോണിൽ വിളിക്കുന്നു. അങ്ങേത്തലയ്ക്കൽ പെൺകുട്ടി.'ഉമ്മൻചാണ്ടിയാ മോളെ... വിവാഹത്തിന് എത്താൻ പറ്റിയില്ല." ക്ഷമാപണം നടത്തുന്നു. ഭർത്താവിനു ഫോൺ കൊടുക്കാൻ പറയുന്നു. 'ഞങ്ങടെ കൊച്ചാണേ. പൊന്നുപോലെ നോക്കണേയെന്നും ഇനി പുതുപ്പള്ളിയിൽ വരുമ്പോൾ കാണാതെപോകരുത്" എന്നും ഉമ്മൻചാണ്ടി പറയുന്നു. ആ പെൺകുട്ടിക്ക് ഭർത്തൃഗ്രഹത്തിൽ കിട്ടുന്ന ഒരംഗീകാരം എന്തായിരിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് വിളിക്കുന്നത്. ഇതാണ് ഉമ്മൻചാണ്ടി. എല്ലാവരുടെയും നന്മയാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എല്ലാവർക്കും എപ്പോഴും സമീപിക്കാനാവുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി. പാവപ്പെട്ടവരോട് ഇത്രയും കാരുണ്യം കാട്ടിയ മറ്റൊരാളുണ്ടോയെന്ന് ഇപ്പോൾ കേരളം ചോദിക്കുന്നുണ്ട്. ഇതൊക്കെ രാഷ്ട്രീയത്തിലും ഭരണത്തിലും പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ പോകുന്നവർക്കും അനുകരിക്കാൻ ഉദാത്തമായ മാതൃകയാണ്.
'കേരളമായിരുന്നു അപ്പയുടെ മനസ്സിൽ. ഇടയ്ക്കിടെ പോകാം... പോകാം... എന്ന് അപ്പ പറയുമായിരുന്നു. തികച്ചും സമാധാന പൂർണ്ണമായ മരണമാണ് അപ്പയ്ക്ക് ലഭിച്ചത്. അവസാന ദിവസങ്ങളിൽ ഉറക്കത്തിലായിരുന്നു അപ്പ. വേദന ഒന്നും അറിയാതെ തികച്ചും പീസ്‌ഫുളായി പോയി. കഴിഞ്ഞ മാർച്ച് മുതൽ അപ്പയ്ക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. എഴുതിക്കാണിക്കുമായിരുന്നു. പിന്നെ അതും പാടായപ്പോൾ ഞങ്ങൾ അപ്പയ്ക്ക് ആവശ്യമുള്ളത് എഴുതും. അപ്പ അതിൽ തൊട്ടുകാണിക്കും. ട്രക്കിയോസ്റ്റമി ചെയ്തിരുന്നു. അതിനാൽ ട്യൂബിലൂടെ ലിക്വിഡ് ഭക്ഷണമാണ് നൽകിവന്നത്. ഒരു ഘട്ടത്തിൽ 39 കിലോ വരെ ഭാരം കുറഞ്ഞിരുന്നു. പിന്നീടത് 53.1 കിലോ ആയി ഉയർന്നു. സി.ടി എടുത്തപ്പോൾ ട്യൂമർ അതുപോലെ ഉണ്ടായിരുന്നു. പക്ഷേ, ഒട്ടും സ്പ്രെഡ് ചെയ്തിട്ടേയില്ലായിരുന്നു. ശാരീരിക ക്ഷീണം കാരണം സർജറി എളുപ്പമായിരുന്നില്ല. അപ്പയ്ക്ക് അസുഖമായിരുന്നു...ക്ഷീണമുണ്ടായിരുന്നു... പക്ഷേ, ഇത്രവേഗം മരിക്കുമെന്ന് ഞങ്ങളാരും കരുതിയില്ല. ജീവിതത്തിൽ വേട്ടയാടലുകൾ ഉണ്ടായപ്പോഴൊക്കെ അപ്പ ചിരിച്ചതേയുള്ളൂ. സത്യം ജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ചു. ദൈവം അപ്പയ്ക്ക് ജനങ്ങളിലൂടെ എല്ലാം തിരികെ നൽകുന്നു. ജനങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാനാവില്ല."- മറിയ പറയുന്നു.
ഉമ്മൻചാണ്ടി പോയി... ഇതുപോലൊരാൾ...ഇനി എന്നുവരാൻ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |