തിരുവനന്തപുരം: സംഗീത മേഖലയിൽ തനിക്കെതിരെ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കാരണം ഇഷ്ടംപോലെ സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും സംഗീത സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ എം.ജയചന്ദ്രൻ. അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടു. പക്ഷേ ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ട് എന്നതിന്റെ തെളിവാണ് 11ാമത് സംസ്ഥാന പുരസ്‌കാരമെന്ന് ജില്ലാ പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
സിനിമയിൽ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. മലയാള സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഓരോ നിമിഷവും ഞാൻ എന്നെ തന്നെ
വെല്ലുവിളിച്ച് ഹിറ്റുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കണം. സിനിമയുടെ കൊമേഴ്സ്യൽ മൂല്യത്തെക്കാളും സംഗീതത്തെ ഒരു കലയായി കണ്ട് പ്രവർത്തിക്കുന്നതിനാൽ സിനിമകളിലേക്ക് എനിക്കുള്ള ക്ഷണം അത്ര എളുപ്പമല്ല. പക്ഷേ, എനിക്കായി ഒരുപാതയുണ്ടെന്ന് വിശ്വസിക്കുന്നു. ആ പാതയിലൂടെ ഞാൻ നടക്കും. സിനിമാ സംഗീതമേഖലയിൽ സമാനതകളില്ലാത്ത ഒരാളായി മാറണമെന്നാണ് ആഗ്രഹം. ആ ആഗ്രഹത്തിനൊപ്പമാണ് ഞാൻ സഞ്ചരിക്കുന്നത്. മുമ്പത്തെ അപേക്ഷിച്ച് സംഗീതത്തിന് പ്രാധാന്യമുള്ള സിനിമകൾ ഇപ്പോൾ ഉണ്ടാകുന്നില്ല.
രഞ്ജിത്ത് ഇടപെട്ടെങ്കിൽ തെറ്റ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ ഘട്ടത്തിൽ ജൂറി അംഗം പോലുമല്ലാത്ത അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച അറിവ് മാത്രമേ തനിക്കുള്ളൂ. സത്യം ജയിക്കും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |