ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ റിമാൻഡിലുള്ള റിമാൻഡിലുള്ള എസ്.ഐ കെ.എ. സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെ കൂടുതൽ ചോദ്യംചെയ്യലിനായി അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ജില്ലാ പൊലീസ് മേധാവിയുടെ അറിവോടെയാണ് രാജ്കുമാറിനെ നാലു ദിവസം നെടുങ്കണ്ടം സ്റ്റേഷനിൽ കസ്റ്റഡിയിൽ മർദ്ദിച്ചതെന്ന് എസ്.ഐ ഉൾപ്പെടെ നൽകിയ മൊഴിയിൽ നിന്നും സാഹചര്യത്തെളിവുകളിൽ നിന്നും അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ എസ്.പിയെയും ഡിവൈ.എസ്.പിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത കാര്യം കീഴുദ്യോഗസ്ഥർ തന്നെ അറിയിച്ചില്ലെന്നാണ് തുടക്കം മുതൽ എസ്.പി പറഞ്ഞിരുന്നത്. പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റാണ് രാജ്കുമാർ മരിച്ചതെന്നും, കൃത്യനിർവഹണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും എസ്.പി റിപ്പോർട്ടും നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തത്.
അതേസമയം, രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതു മുതൽ എല്ലാ വിവരങ്ങളും എസ്.പിയെ അറിയിച്ചിരുന്നതായി എസ്.ഐ സാബു അന്വേഷണസംഘത്തിന് മൊഴി നൽകി. എസ്.പിയുടെ വാട്സ്ആപിലേക്ക് എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രാജ്കുമാറിന്റെ ചിത്രവും കേസ് വിവരങ്ങളും നൽകിയിരുന്നു. ഇതിനു പുറമെ, 12നു വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആരോഗ്യനില മോശമാണെന്ന് പിറ്റേന്നും, അതിനടുത്ത ദിവസവും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പിയെയും കട്ടപ്പന ഡിവൈ.എസ്.പിയെയും രേഖാമൂലം അറിയിച്ചു. എന്നാൽ രണ്ടു ദിവസം കൂടി രാജ്കുമാറിനെ മർദ്ദിച്ച് പണം എവിടെയെന്നു കണ്ടെത്താൻ എസ്.പി നിർദ്ദേശം നൽകിയതായാണ് വിവരം. ഇദ്ദേഹത്തിനു മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്.
അതേസമയം കേസിലെ രണ്ടാം പ്രതിയായ എ.എസ്.ഐ റെജിമോൻ, മൂന്നാം പ്രതിയായ സി.പി.ഒ നിയാസ് എന്നിവരുടെ അറസ്റ്റ് വൈകുകയാണ്. ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. എന്നാൽ ഇവർക്ക് മുൻകൂർ ജാമ്യം നേടാനുള്ള സൗകര്യത്തിനാണ് അറസ്റ്റ് വൈകിക്കുന്നതെന്ന് ആഷേപമുണ്ട്. കേസിൽ രണ്ടു പേരെക്കൂടി പ്രതി ചേർക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |