തിരുവനന്തപുരം:എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്‌താവനകൾക്ക് നേരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. സ്പീക്കറുടെ പരാമർശത്തിന്റെ സന്ദർഭം ഇത്തരം പ്രതികരണം നടത്തുന്നതിന് മുമ്പ് എൻ എസ് എസ് ജനറൽ സെക്രട്ടറി വ്യക്തമായി മനസ്സിലാക്കേണ്ടതായിരുന്നുവെന്ന് എ കെ ബാലൻ പ്രതികരിച്ചു.
സുകുമാരൻ നായരുടെ ഇത്തരത്തിലുളള ചിന്താഗതി മോശമാണെന്നും ഷംസീറിനോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ പൂർണ്ണമായ ആശയം മനസ്സിലാക്കാതെ മറ്റു പാർട്ടികൾ സംസ്ഥാനത്ത് ജാതീയത കൊണ്ടുവരാനാണ് നോക്കുന്നത്. സാമുദായികപരമായ സംഘടനകളുടെ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കുന്നില്ല. ബിജെപിയോടും സംഘപരിവാറിനോടുമുള്ള പക്ഷപാതത്തെ സൂചിപ്പിക്കുന്നതാണ് എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്പീക്കർ ഒരിക്കലും ഒരു മതവിശ്വാസത്തിനെതിരെയും അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയിട്ടില്ല. സ്പീക്കറല്ല മാപ്പ് പറയേണ്ടതെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണന്നും എ കെ ബാലൻ പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്നതിൽ നിന്ന് വിശ്വാസികളെ പിൻതിരിപ്പിക്കുന്ന തരത്തിലുളള നിലപാടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി കൈകൊളളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന്റെ പ്രസംഗത്തെ പിന്തുണച്ച് സംസാരിച്ച എ.കെ ബാലനെ നുറുങ്ങുതുണ്ട് എന്ന് ജി.സുകുമാരൻ നായർ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബാലൻ ശക്തമായ വിമർശനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |