മലപ്പുറം : താനൂർ കസ്റ്റഡി മരണത്തിൽ എട്ടു പൊലീസുകാർക്കെതിരെ സർക്കാർ നടപടിയെടുത്തു. എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് ഉത്തരവിറക്കിയത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. കെമിക്കൽ ലാബ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണത്തിൽ സ്ഥിരീകരണം ഉണ്ടാകൂ.
താമിർ ജിഫ്രിയുടെ ആമാശയത്തിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. ഇത് എം.ഡി.എം.എ ആണെന്ന് സംശയമുണ്ട്.
തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയെയും മറ്റ് നാലുപേരെയും എം.ഡി.എംഎയുമായി കഴിഞ്ഞ ദിവസം പുലർച്ചെ 4.15ഓടെയാണ് താനൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. ലോക്കപ്പിൽ വച്ച് ശാരിരീക പ്രശ്നങ്ങൾ ഉണ്ടായെന്ന് പുലർച്ച െകൂടെയുള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം.
പൊലീസ് നടപടിക്രമങങളിൽ വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മലപ്പുറം എസ്.പി അറിയിച്ചു. അസ്വാഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചു.