അധികാരം നഷ്ടപ്പെട്ടാൽ മുൻ ഭരണാധികാരികൾ വേട്ടയാടപ്പെടുന്നത് പാകിസ്ഥാൻ രാഷ്‌ട്രീയത്തിൽ പുതുമയുള്ള കാര്യമല്ല. അധികാരം നഷ്ടമാവുകല്ല പലപ്പോഴും പട്ടാളത്തിന്റെ അപ്രീതിക്ക് വിധേയരായി പുറത്താക്കപ്പെടുകയാണ് ചെയ്യുന്നത്. അന്താരാഷ്ട സമൂഹത്തെ ബോധിപ്പിക്കാൻ ഇതിനെല്ലാം ജനാധിപത്യത്തിന്റെ മേലാപ്പ് നൽകുമെങ്കിലും പാകിസ്ഥാൻ രാഷ്ട്രീയം എന്നും പട്ടാളത്തിന്റെ പിടിയിലാണ്. അവിടത്തെ കോടതികളും അതനുസരിച്ചാണ് കേസുകൾ പരിഗണിക്കുന്നതും വിധികൾ പറയുന്നതും.
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തോഷഖാനക്കേസിൽ മൂന്ന് വർഷത്തെ ജയിൽശിക്ഷയും അഞ്ച് വർഷത്തെ മത്സരവിലക്കുമാണ് ലഭിച്ചിരിക്കുന്നത്. ഇത് ഒരു കേസിലെ ശിക്ഷമാത്രം. നൂറിലേറെ കേസുകളാണ് ഇമ്രാൻ ഖാനെതിരെ എടുത്തിട്ടുള്ളത്. ഇതിൽക്കൂടി ശിക്ഷ ലഭിച്ചാൽ ഇമ്രാൻ ഖാന് തടവറയിൽനിന്ന് ഒരിക്കലും മോചനം ലഭിക്കില്ല. അല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ച് നാടുവിട്ട് പോകാൻ തയാറാകണം. അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അങ്ങനെ വരുമ്പോൾ ഇമ്രാന്റെ പാർട്ടിയായ പാക്സ്ഥാൻ തെഹ് രീകെ ഇൻസാഫ് വലിയ പ്രതിസന്ധിയിലാവും. ഇമ്രാന് പകരക്കാരനായി ചൂണ്ടിക്കാണിക്കാൻ മറ്റൊരു നേതാവ് പാർട്ടിക്കില്ല. അതിനാൽ പി.ടി.എയുടെ ഭാവിയും വലിയ ചോദ്യചിഹ്നമാവുകയാണ്. മുൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പാർട്ടിയെ നയിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും വേണ്ടത്ര അണികളുടെ പിന്തുണ ഖുറേഷിക്കില്ല.
സൈനിക നേതൃത്വവുമായി തെറ്റിയതാണ് ഇമ്രാന്റെ പതനത്തിന് ഇടയാക്കിയത്. ഇമ്രാന്റെ പ്രധാന ശത്രുവായ, നിലവിലെ പട്ടാളമേധാവി അസീം മുനീർ ആ സ്ഥാനത്ത് തുടരുന്നിടത്തോളം ഇമ്രാന്റെ തിരിച്ചുവരവ് അസാദ്ധ്യമാണ്. നിലവിൽ 2025 വരെയാണ് അസീം മുനീറിന്റെ ഒൗദ്യോഗിക കാലാവധി. പാകിസ്ഥാനിലെ കാര്യമായതിനാൽ കാലാവധി എന്ന് തീരുമെന്നോ എത്രനാൾ തുടരുമെന്നോ ആർക്കും പറയാനാവില്ല. കോടതിയും സർക്കാരിന്റെ മറ്റ് സംവിധാനങ്ങളും പതിവുപോലെ പട്ടാളത്തിന്റെ ചട്ടുകങ്ങളായി തുടരുകയും ചെയ്യും.
പാക് സൈന്യത്തിനൊപ്പം ഇമ്രാനെ പുറത്താക്കാനും ജയിലിലാക്കാനും പ്രധാനമായും കരുക്കൾ നീക്കിയത് അടുത്ത പ്രധാനമന്ത്രി പദം കാത്തിരിക്കുന്ന നവാസ് ഷെരീഫാണ്. മുസ്ലിം ലീഗ് (നവാസ്) കക്ഷിയുടെ നേതാവായ നവാസ് ഷെരീഫിനെതിരെയും നിരവധി അഴിമതിക്കേസുകൾ നിലവിലുണ്ട്. അതിന്റെ അർത്ഥം പ്രധാനമന്ത്രിയായാലും പാവയായി തുടരാനേ നവാസിനും കഴിയൂ എന്നതാണ്. നവാസിന് ഭരണം കൈമാറാൻ ആവശ്യമായ നിയമഭേദഗതികൾ അദ്ദേഹത്തിന്റെ സഹോദരൻ ഷഹബാസ് ഷെരീഷിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ പൂർത്തിയാക്കി വരികയാണ്. പട്ടാളത്തിന്റെ പാവയായി അധികാരത്തിലെത്തിയാൽ പോലും അഴിമതിയിലൂടെ കോടികൾ സമ്പാദിച്ച് കൂട്ടാനുള്ള അവസരം ലഭിക്കും. അഴിമതി കാരണം പാകിസ്ഥാനിലെ ജനജീവിതം വളരെ ദുസ്സഹമായിരിക്കുകയാണ്. എല്ലാ സാധനങ്ങളുടെയും വില റോക്കറ്റ് പോലെ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഭരണത്തെ കുറ്റം പറയുന്നവർക്ക് പാകിസ്ഥാനിലേക്ക് നോക്കിയാൻ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയാണ്. അഴിമതിയിലും പട്ടാളത്തിന്റെ ഭീഷണിയിലും അകപ്പെട്ട് എത്രനാൾ ഇൗ രാജ്യത്തിന് മുന്നോട്ട് പോകാനാവുമെന്നതും ആർക്കും പ്രവചിക്കാനാവാത്ത അവസ്ഥയിലാണ്. പാകിസ്ഥാൻ അരക്ഷിതാവസ്ഥയിൽ തുടരുന്നത് ഇന്ത്യയുടെ സുരക്ഷിതത്വത്തിന് നല്ലതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |