തിരുവനന്തപുരം: ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം കെ.പി.സി.സി പുനഃസംഘടനയിൽ കർക്കശമാക്കില്ല. ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ളവരെ വേണം ഭാരവാഹികളായി നിശ്ചയിക്കാനെന്നും ഒരു പ്രത്യേക പ്രദേശത്തിനപ്പുറത്തേക്ക് അറിയപ്പെടാത്തവരെ തിരുകിക്കയറ്റേണ്ടെന്നുമുള്ള നിർദ്ദേശത്തിനാണ് കഴിഞ്ഞദിവസത്തെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ മേൽക്കൈയുണ്ടായത്. ഭൂരിപക്ഷവികാരം യോഗം അംഗീകരിച്ചതോടെ എം.എൽ.എ, എം.പി പദവികളിലിരിക്കുന്നവരും പുതിയ കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് കടന്നുവരുമെന്നുറപ്പായി.
ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കി എം.എൽ.എമാരെയും എം.പിമാരെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിറുത്തണമെന്ന നിർദ്ദേശമുയർന്നപ്പോൾ, സി.പി.എമ്മിൽ മന്ത്രിമാരടക്കം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായി ഇരിക്കുന്നില്ലേ എന്ന മറുചോദ്യമുയരുകയുണ്ടായി. ജനസ്വീകാര്യത മാത്രം മതി മാനദണ്ഡം എന്ന നിലപാടിലേക്ക് കാര്യങ്ങളെത്തിയത് അങ്ങനെയാണ്.
വൈസ് പ്രസിഡന്റുമാരും ജനറൽസെക്രട്ടറിമാരും ചേർത്ത് കെ.പി.സി.സിയുടെ പ്രധാനഭാരവാഹികളായി 28 പേരാണ് നിലവിൽ. ഇത്രയും അംഗസംഖ്യ പുനഃസംഘടനയിൽ വേണ്ടെന്നാണ് ധാരണ. ഇരുപതിൽ താഴെയായി പരിമിതപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കൂടിയാലോചന നടത്തിയാവും കരട് പട്ടിക തയ്യാറാക്കുക. അതേസമയം, കെ.പി.സി.സി സെക്രട്ടറിമാരുടെ എണ്ണത്തിൽ കുറവ് വരുത്താനിടയില്ല. നാല്പത് പേരെങ്കിലും ആ സ്ഥാനത്ത് വന്നേക്കും.
കൺവീനർസ്ഥാനം മാറുമോ?
ബെന്നി ബഹനാൻ എം.പിയായി ഡൽഹിയിലേക്ക് മാറുന്ന സാഹചര്യത്തിൽ യു.ഡി.എഫ് കൺവീനർസ്ഥാനത്തേക്കും പകരക്കാരൻ വന്നേക്കുമെന്ന സൂചനയുണ്ട്.
വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും എം.പിമാരാണ്. കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയിലെ പാർട്ടി ചീഫ് വിപ്പുമാണ്. ഈ സ്ഥിതിക്ക് ഇരുവർക്കും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടി വരുമെന്നതിനാൽ മാറ്റണമെന്ന അഭിപ്രായങ്ങൾ പാർട്ടിക്കകത്തുണ്ട്. വർക്കിംഗ് പ്രസിഡന്റ് സ്ഥാനം തന്നെ വേണ്ടെന്നുവയ്ക്കണമെന്ന വാദവും ശക്തമാണ്. പകരം പഴയ നിലയിൽ വൈസ് പ്രസിഡന്റുമാർ മതിയെന്നാണ് വാദം. ഇതിലെല്ലാം പക്ഷേ ഹൈക്കമാൻഡിന്റെ അനുമതിയോടെ മാത്രമാകും അന്തിമതീരുമാനമുണ്ടാവുക.
പ്രളയബാധിതർക്കായി കെ.പി.സി.സി വീട് നിർമ്മിച്ചുനൽകുമെന്ന വാഗ്ദാനം നടപ്പായില്ലെന്ന് കാട്ടി പാർട്ടി അദ്ധ്യക്ഷനായ തനിക്കെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകൾ ആരോപണവുമായി വന്നത് മുല്ലപ്പള്ളി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യഥാർത്ഥസ്ഥിതി ജനങ്ങളെ അറിയിച്ച് ആശയക്കുഴപ്പം നീക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് എം.എം. ഹസന്റെ നേതൃത്വത്തിൽ പ്രളയബാധിത മേഖലകളിൽ വാർത്താസമ്മേളനം നടത്താനുള്ള തീരുമാനമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |