ആദ്ധ്യാത്മികജീവിതം നയിച്ചുകൊണ്ടുതന്നെ ആധുനിക ലോകവീക്ഷണം പിന്തുടർന്നും ധൈഷണികമായി അതിനെ വികസിപ്പിച്ചുമാണ് ശ്രീനാരായണഗുരു കേരളീയ സമൂഹത്തിന് വഴിവിളക്കായത്. ഗുരുവിന്റെ തെളിമയാർന്ന ബൗദ്ധികശേഷി, തത്വചിന്തയിൽ മാത്രമല്ല സമൂഹത്തിലും പുതിയവഴി വെട്ടിത്തുറന്നാണ് മുന്നോട്ടുപോയത്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള ഒരു സമൂഹമായി കേരള ജനതയെ മാറ്റിത്തീർത്തു എന്നതാണ് ഗുരു അടക്കമുള്ള ധൈഷണികരുടെ പ്രസക്തി. പവിത്രവത്കരിക്കപ്പെട്ട ചില കഥോപകഥകളെ അടിസ്ഥാനമാക്കിയാണ് മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ ഒരു ചെറിയ വിഭാഗം ചൂഷണം ചെയ്തുപോന്നത് എന്ന വസ്തുത കൗതുകകരവും അവിശ്വസനീയവുമായി തോന്നിയേക്കാം. അപൗരുഷേയമെന്ന് അവകാശപ്പെടുന്ന പവിത്രഗ്രന്ഥങ്ങളെ മുൻനിറുത്തിയുള്ള ഇത്തരം ചൂഷണങ്ങൾക്ക് അറുതിവരുത്താൻ അവയുടെ ആധികാരികതയെ ചോദ്യം ചെയ്യാനുള്ള ബുദ്ധിവൈഭവും ധീരതയും ഗുരു പ്രകടിപ്പിച്ചു. ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ആണിക്കല്ലായി ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ വർണിച്ചിരിക്കുന്ന ചാതുർവർണ്യ സങ്കല്പത്തിൽ അധിഷ്ഠിതമായ ഉൽപ്പത്തികഥയെ ഗുരു ഒന്നിലധികം സന്ദർഭങ്ങളിൽ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രന്മാർ യഥാക്രമം വിരാട് പുരുഷന്റെ മുഖം, കൈകൾ, തുട, പാദങ്ങൾ എന്നിവയിൽനിന്നു ജനിച്ചവരാണെന്ന കഥകേട്ട ഗുരു "ക്ഷത്രിയനു കൈയിൽനിന്നു പുറത്തിറങ്ങാനുണ്ടായ സൗകര്യമെങ്ങനെ? പുറത്തായിരുന്നില്ലേ കുറേകൂടി സൗകര്യം? " എന്നു ചോദിച്ചത് പ്രസിദ്ധമാണ്. മരം പൊട്ടി മുളക്കുന്നതു പോലെയാണോ അതെന്നും ഗുരു പരിഹസിച്ചു. ശങ്കരാചാര്യർ ഉൾപ്പെടെയുള്ളവർ പരമ പ്രമാണമായിക്കാണുന്ന വേദത്തെക്കുറിച്ചാണ് ഈ വിമർശനം എന്നോർക്കണം.
വേദങ്ങളടക്കമുള്ള മതഗ്രന്ഥങ്ങൾ അപൗരുഷേയമാണെന്നും അവയിലെ കല്പനകൾ വിമർശനാതീതമാണെന്നും ഗുരു കരുതിയതേയില്ല. അപൗരുഷേയം എന്നതിന് അജ്ഞാതകർതൃകം എന്ന അർത്ഥം മാത്രമേയുള്ളൂ എന്നായിരുന്നു ഗുരുവിന്റെ കാഴ്‌ചപ്പാട്. വേദം ദൈവദത്തമാണ് എന്നല്ല മറിച്ച് വേദങ്ങളുടെ രചയിതാക്കൾ ആരെന്നു നമുക്കു നിശ്ചചയമില്ല എന്നതുമാത്രമാണ് വേദം അപൗരുഷേയമാണ് എന്നതിനർത്ഥമെന്ന് ഗുരു അസന്നിഗ്ധമായി വ്യക്തമാക്കി. ഈ ചരിത്രബോധവും യുക്തിചിന്തയുമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ മൗലികവും മാനവികവുമാക്കിത്തീർത്തത്.
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് തന്റെ പോരാട്ടത്തിന് തുടക്കം കുറിച്ച ഗുരു ശിവനുൾപ്പെടെയുള്ള ദേവതാ സങ്കൽപ്പങ്ങളുടെ ഉൽപ്പത്തി വികാസങ്ങളെക്കുറിച്ച് ചരിത്രപരമായ നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ശിവഗിരിമഠം പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവ സൂക്തങ്ങൾ എന്ന പുസ്തകത്തിൽ ദേവതാ സങ്കല്പങ്ങളുടെ ആവിർഭാവം ഒരു ചരിത്രപരമായ വീക്ഷണം എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കാണുക. "ശിവനും ശ്രീരാമനും മറ്റും ഓരോ കാലത്തുള്ള നേതാക്കന്മാർ ആയിരുന്നുവെന്നാണ് നമ്മുടെ പക്ഷം. ശിവൻ കാട്ടിൽ നടന്നിരുന്ന ചില കൂട്ടരുടെയിടയിൽ സത്‌സ്വഭാവംകൊണ്ടും കരബലംകൊണ്ടും ഒരു പ്രമാണി ആയിരുന്നിരിക്കണം. ശ്രീരാമൻ ഒരു നല്ല പരാക്രമിയും ഉപകാരിയും ആയിരുന്നതിനാൽ ആളുകൾ സ്തുതിച്ചു. ക്രമേണ എല്ലാഗുണങ്ങളും തികഞ്ഞ ദൈവസമാനനാക്കി."
ദേവതാ പ്രതിഷ്ഠകൾ നടത്തുകയും ദേവതാസ്തുതികൾ എഴുതുകയും ചെയ്ത ഒരു കേവലമതാചാര്യൻ എന്ന് ഗുരുവിനെ ചുരുക്കിക്കാണിക്കാനും അതുവഴി ആത്മീയ വ്യാപാരത്തിനും പൗരോഹിത്യാധിപത്യത്തിനും കളമൊരുക്കാനും ശ്രമിക്കുന്ന ഒരുവിഭാഗം പുരോഹിതർ ഇന്ന് സമൂഹത്തിലുണ്ട് എന്നത് വസ്തുതയാണ്. ഗുരുവിന്റെ ചരിത്രബോധത്തേയും ശാസ്ത്രചിന്തയേയും തമസ്‌കരിച്ചുകൊണ്ട് നടത്തുന്ന വൈകാരികപ്രകടനങ്ങളിലൂടെ ശ്രീനാരായണീയരെ ആൾക്കൂട്ടമായി പരിണമിപ്പിച്ച് തകർക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
വിനായകനേയും ശിവനേയും പ്രതിഷ്ഠിക്കുക മാത്രമല്ല ദേവതകളെക്കുറിച്ചുള്ള ചരിത്രബോദ്ധ്യം കൂടി പകർന്നുതന്ന ഗുരുവാണ് ശ്രീനാരായണഗുരുദേവൻ. അതുകൊണ്ടു തന്നെ മനുഷ്യരെ തമ്മിൽ അകറ്റുകയും കലഹിപ്പിക്കുകയും ചെയ്യാൻ മതത്തെ കരുവാക്കുന്നവർക്ക് ശ്രീനാരായണീയരെ തെറ്റിദ്ധരിപ്പിക്കുക എളുപ്പമാവില്ല.
(പ്രഭാഷകനും ശ്രീശങ്കര സംസ്‌കൃത സർവകലാശാലാ തിരുവനന്തപുരം കേന്ദ്രത്തിലെ സംസ്‌കൃതം വേദാന്തവിഭാഗം അദ്ധ്യാപകനുമാണ് ലേഖകൻ. ഫോൺ: 9446722699 )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |