SignIn
Kerala Kaumudi Online
Monday, 26 February 2024 5.02 PM IST

മറുനാടൻ മലയാളിക്ക് നാട്ടിലെത്താനാവുമോ?

photo

മറുനാടുകളിൽ കഴിയുന്ന മലയാളികൾക്ക് ഓണക്കാലം ദുരിതകാലം കൂടിയാണ്. ആഘോഷനാളുകളിൽ നാട്ടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പം കുറച്ചുസമയമെങ്കിലും ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരില്ല. എന്നാൽ ഈ സമയത്ത് നാട്ടിലെത്തണമെങ്കിൽ കൈനിറയെ പണവും ലേശം ഭാഗ്യവും വേണമെന്നതാണ് അവസ്ഥ. അത്രയേറെയാണ് വിമാനത്തിലും ട്രെയിനിലും ബസിലുമുള്ള തിരക്ക്. ഓണം ബുക്കിംഗ് വളരെ നേരത്തെതന്നെ തുടങ്ങിയതിനാൽ ഓണം നാളുകളിൽ വിമാന - ട്രെയിൻ ടിക്കറ്റുകളൊന്നും കിട്ടാനേയില്ല. ദീർഘദൂര ബസുകളുടെ സ്ഥിതിയും അതുതന്നെ. ടിക്കറ്റ് മിച്ചമുണ്ടെങ്കിൽത്തന്നെ സാധാരണ നിരക്കിന്റെ പലമടങ്ങ് നല്‌കണം. ഓണത്തിന് മാത്രമല്ല മറ്റ് വിശേഷദിനങ്ങളിലും ഇതാണു സ്ഥിതി. ആഘോഷവേളകളിൽ യാത്രക്കാരെ പരമാവധി പിഴിഞ്ഞ് ബസുകൾ മാത്രമല്ല വിമാന കമ്പനികളും റെയിൽവേയുമൊക്കെ കൊള്ളലാഭം കൊയ്യുകയാണ്.

അയൽ സംസ്ഥാനങ്ങളിലും മുംബയ്, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങളിലും പതിനായിരക്കണക്കിനു മലയാളി കുടുംബങ്ങളുണ്ട്. നാട്ടിലെ ഓണം കൂടൽ അവരിൽ പലർക്കും ഗൃഹാതുര സ്‌മരണകളുടേതു കൂടിയാണ്. ചെലവ് എത്ര അധികമായാലും നാട്ടിലെത്താൻ അവർ ആഗ്രഹിക്കും. എന്നാൽ യാത്രാസൗകര്യമില്ലെങ്കിൽ എന്തുചെയ്യും? ഈ വിഷയത്തിൽ അവരെ ഏറെ സഹായിക്കാൻ കഴിയുന്നത് റെയിൽവേയ്ക്കാണ്. എന്നാൽ പേരിനുമാത്രം ഏതാനും സ്പെഷ്യൽ ട്രെയിനുകളിട്ട് റെയിൽവേ കടമ തീർക്കുന്നു. വിമാന സർവീസുകളുടെ കാര്യം പറയേണ്ട. പ്രത്യേക സർവീസിനെക്കുറിച്ച് ഇതുവരെ ഒന്നും കേട്ടില്ല. സാധാരണ സർവീസുകളിലാകട്ടെ നാലും അഞ്ചും ഇരട്ടിയാണ് ടിക്കറ്റ് നിരക്ക്. ഉത്സവനാളുകളിൽ വിമാനക്കമ്പനികൾ നിരക്ക് എത്രയധികം ഉയർത്തിയാലും തങ്ങൾക്ക് ഇടപെടാനാവില്ലെന്നാണ് വ്യോമയാന വകുപ്പിന്റെ നിലപാട്. യാത്രക്കാരെ പരസ്യമായി കൊള്ളയടിക്കാൻ സർക്കാർ തന്നെ കൂട്ടുനില്‌ക്കുന്ന അതിവിചിത്രമായ സ്ഥിതി ഇവിടെ മാത്രമേ കാണൂ.

യുവതീ യുവാക്കളുൾപ്പെടെ ലക്ഷക്കണക്കിനു മലയാളികൾ ജോലിചെയ്യുന്ന ബംഗളൂരുവിൽ നിന്ന് റെയിൽവേ ഓണക്കാലത്ത് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ടിക്കറ്റിനായി കാത്തിരിക്കുന്നവരുടെ നീണ്ടനിര നോക്കിയാൽ തീരെ അപര്യാപ്തമാണിത്. അതുപോലെ തന്നെയാണ് ചെന്നൈയിൽ നിന്നുള്ള സ്പെഷ്യലുകളുടെ കഥയും. ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്നാകട്ടെ ഓണം സ്പെഷ്യലുകൾ പേരിനുപോലുമില്ല. എപ്പോഴും വിമാനങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും സാധാരണക്കാരുടെ ഓണക്കാല യാത്രാദുരിതത്തിന്റെ തീവ്രത മനസിലായിട്ടില്ല. സീസൺ കഴിയുമ്പോൾ ജനങ്ങളും ഇതൊക്കെ മറക്കും. ടിക്കറ്റ് കൊള്ള വീണ്ടും വാർത്തയാകാൻ അടുത്ത ഓണക്കാലം വരണം..

ഓണം ഉൾപ്പെടെ ഏതു ആഘോഷവേളകളും വൻ വരുമാന മാർഗമാക്കാൻ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്കു കഴിയേണ്ടതാണ്. എന്നാൽ അതിനുവേണ്ടി കാര്യമായ ശ്രമമൊന്നും നടക്കാറില്ല. ഉള്ള സർവീസുകൾ തന്നെ ഓണനാളുകളിൽ എങ്ങനെ കുറയ്ക്കാനാകുമെന്ന ഗവേഷണത്തിലാണ് അവർ. കർണാടക, തമിഴ്‌നാട് നഗരങ്ങളിൽനിന്ന് പ്രത്യേക സർവീസ് നടത്താനുള്ള സാദ്ധ്യത പൂർണമായും പ്രയോജനപ്പെടുത്തുന്നില്ല. ഉന്നതതല ചർച്ച നടത്തി സ്പെഷ്യൽ സർവീസുകൾക്ക് അനുമതി തേടാനുള്ള ശ്രമവുമില്ല. ചുരുക്കത്തിൽ മറുനാടുകളിൽ ജീവിക്കുന്ന മലയാളികളുടെ യാത്രാസ്വപ്നം സഫലീകരിക്കാൻ സർക്കാർതല നടപടികൾ നാമമാത്രമാണ്. മറുനാടുകളിൽ കഴിയുന്ന മലയാളികളിൽ പലർക്കും നാട്ടിലെ ഓണം സ്വപ്നമായി അവശേഷിക്കാൻ കാരണം യാത്രാസൗകര്യത്തിന്റെ അഭാവം തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.