SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.18 AM IST

മഹാഗുരു മെഗാ പരമ്പര ചിത്രീകരണം പൂർത്തിയായി

mahaguru

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ സമാധി വരെയുള്ള ജീവിതസന്ദർഭങ്ങളെ ആസ്പദമാക്കി കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന മഹാഗുരു മെഗാ പരമ്പരയുടെ ചിത്രീകരണം പൂർത്തിയായി. ശിവഗിരിയിലാണ് പരമ്പരയുടെ അവസാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഷൂട്ടിംഗ് ലൊക്കേഷൻ സന്ദർശിച്ച് അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു. കഴിഞ്ഞ വർഷം പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചതും ശിവഗിരിയിൽ ആയിരുന്നു.
ഗുരുവിന്റെ ജനനം, പഠനം, മരുത്വാമലയിലെ താപസകാലം, അവധൂത കാലം, അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരി, ആലുവ എന്നിവിടങ്ങളിലെ കർമ്മകാണ്ഡങ്ങൾ, മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും സന്ദർശനങ്ങൾ ഉൾപ്പെടെയുള്ള മർമ്മപ്രധാനമായ ഭാഗങ്ങൾ ഇതിനോടകം ചിത്രീകരിച്ച് സംപ്രേഷണം ചെയ്തു കഴിഞ്ഞു. ഗുരുവിന്റെ ആദ്യ സിലോൺ യാത്ര, ദൈവദശകപ്പിറവി, കേരളകൗമുദിയുടെ ഉദയം എന്നിവയാണ് ഒടുവിൽ ചിത്രീകരിച്ചത്. 84 എപ്പിസോഡുകളാണ് ഇതുവരെ സംപ്രേഷണം ചെയ്തത്. 100 എപ്പിസോഡുകളുള്ള പരമ്പര ആഗസ്റ്റ് ഒന്നിന് സമാപിക്കും.
തിരുവനന്തപുരം കൈരളി തിയേറ്ററിൽ ട്രെയിലർ പ്രദർശനത്തോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് മഹാഗുരു പരമ്പരയുടെ സംപ്രേഷണത്തിന് തുടക്കമിട്ടത്. ഇൗ വർഷം ഫെബ്രുവരിയിലായിരുന്നു ഇത്. തുടർന്ന് എല്ലാ ജില്ലകളിലും മഹാഗുരു റോഡ് ഷോയും നടന്നു. ശ്രീനാരായണീയർ ആദരവോടെ ഏറ്റെടുത്ത പരമ്പരയ്ക്ക് ശിവഗിരി മഠത്തിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു.

മഹേഷ് കിടങ്ങിൽ സംവിധാനവും മഞ്ചു വെള്ളായണി രചനയും നിർവഹിച്ച പരമ്പരയുടെ നിർമ്മാണം കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHAGURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA