കോട്ടയം: മിത്ത് വിവാദത്തിൽ പ്രതികരിച്ച് ബി ജെ പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. മിത്ത് വിവാദത്തിലൂടെ സ്‌പീക്കർ എ എൻ ഷംസീർ ലോകത്തിലെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ് ജിയെ അവഹേളിച്ചെന്ന് അനിൽ ആന്റണി പറഞ്ഞു.
'ബി ജെ പി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. ശ്രീ ഷംസീർ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ് ജിയെ അവഹേളിച്ചു. അതിനെക്കുറിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചപ്പോൾ അത്തരമൊരു പ്രസ്‌താവനയെ അപലപിക്കുന്നതിന് പകരം പിന്തുണയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്‌ട്രീയം ബി ജെ പിക്കില്ല. അങ്ങനെയുള്ള രാഷ്‌ട്രീയം ഇവിടെ വളരാൻ അനുവദിക്കില്ല.
കേരളത്തിലും നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ പ്രാവർത്തികമാക്കും. ഇവിടെയും ബി ജെ പി വലിയ പാർട്ടിയായി സർക്കാരുണ്ടാക്കും. വരും ദിവസങ്ങളിൽ കേന്ദ്ര, സംസ്ഥാന നേതാക്കൾ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങും. കേരളം ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിന് ബി ജെ പി അധികാരത്തിലെത്തണം.
കേരളത്തിലെ എൽ ഡി എഫും യു ഡി എഫും പല രീതിയിൽ നിരവധി വർഷങ്ങളായി ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. എന്നാലിന്ന് എന്താണ് ബി ജെ പിയെന്ന് തിരിച്ചറിഞ്ഞ് എല്ലാ വിഭാഗങ്ങളും ബി ജെ പിയോട് അടുക്കുന്നുണ്ട്'- അനിൽ ആന്റണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |