തൃശൂർ: ആദ്യസംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ താരമായ ഗായകൻ പി.ജയചന്ദ്രൻ അന്തരിക്കുന്നത് 63-ാം സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് സമാപിച്ചതിന്റെ പിറ്റേന്ന്. 1958ലെ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ പി. ജയചന്ദ്രൻ മൃദംഗത്തിൽ ഒന്നാമനായി. ലളിതസംഗീതത്തിൽ രണ്ടാമതും. ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലും ഒന്നാമതെത്തിയത് സാക്ഷാൽ കെ.ജെ.യേശുദാസായിരുന്നു.
1965 ൽ ഡിഗ്രിയെടുത്ത ശേഷം ജോലിക്കായി മദിരാശിയിലെത്തി. ഇന്ത്യാ-പാക് യുദ്ധഫണ്ടിനായി എം.ബി.ശ്രീനിവാസൻ നടത്തിയ ഗാനമേളയിൽ യേശുദാസിന് പകരക്കാരനായി 'പഴശ്ശിരാജ' യിലെ 'ചൊട്ട മുതൽ ചുടല വരെ' പാടിയതാണ് വഴിത്തിരിവായത് ചന്ദ്രതാരയുടെ 'കുഞ്ഞാലിമരയ്ക്കാർ' സിനിമയിൽ പാടാൻ ക്ഷണം കിട്ടി. ഒരു മുല്ലപ്പൂമാലയുമായ്... അതായിരുന്നു തുടക്കം . എ.വിൻസെന്റിന്റെ നിർദ്ദേശപ്രകാരം ജി. ദേവരാജൻ, 'കളിത്തോഴൻ' എന്ന ചിത്രത്തിൽ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി ' എന്ന ഗാനം പാടിച്ചു. അതോടെ ജയചന്ദ്രൻ മലയാളി മനസിൽ കുടിയേറി. 'അനുരാഗഗാനം പോലെ..' 'പിന്നെയും ഇണക്കുയിൽ..' 'കരിമുകിൽ കാട്ടിലെ..' 'കല്ലോലിനി...,' 'ഏകാന്തപഥികൻ ഞാൻ...' തുടങ്ങി നിരവധി ഹിറ്റുകൾ. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |