SignIn
Kerala Kaumudi Online
Monday, 11 December 2023 1.28 AM IST

ശിരസോ പാദമോ? ശ്രീപദ്‌മനാഭസ്വാമിയെ വണങ്ങേണ്ടത് എപ്രകാരം, സംശയങ്ങൾക്കും വിവാദങ്ങൾക്കുമുള്ള ഉത്തരം

padmanabha-swamy-temple

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ദർശനക്രമം ചിങ്ങപ്പിറവിയായ നാളെ മുതൽ മാറുകയാണ്. ഭക്തർക്ക് കൂടുതൽ ദർശന സൗകര്യം ലഭിക്കുന്നതിനാണിത്. തെക്ക് കുലശേഖര മണ്ഡപത്തിനരികിലൂടെ അകത്ത് കിഴക്കേ നടയിലെത്തി നരസിംഹമൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിൽ കയറി വടക്കു ഭാഗത്തു കൂടെ പുറത്തിറങ്ങുന്ന രീതിയാണ് നിലവിൽ. പിന്നീട് അപ്രദക്ഷിണമായി വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരെ തൊഴുത്, നരസിംഹസ്വാമി ക്ഷേത്രത്തിന്റെ പുറകിലെത്തി തിരികെ മടങ്ങും. എല്ലാ നിലവറകളുമുള്ള അതിസുരക്ഷാ മേഖലയാണിത്. ഇരുഭാഗത്തുമായി ഭക്തർ പ്രദക്ഷിണം ചെയ്യുന്നത് അസൗകര്യമാകുന്നത് ഒഴിവാക്കാൻ തന്ത്രി തരണനല്ലൂർ എൻ.പി.ഗോവിന്ദൻ നമ്പൂതിരിപ്പാട്, തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് പുതിയ ദർശന രീതി.

കിഴക്കു ഭാഗത്തു നിന്നെത്തുന്ന ഭക്തരുടെ നിര ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലിൽ പ്രവേശിക്കും. ശ്രീരാമസ്വാമി, വിഷ്വക്‌സേന മൂർത്തി എന്നിവരെ തൊഴുത ശേഷം ശ്രീപദ്മനാഭന്റെ പാദ ഭാഗത്തു കൂടി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. പിന്നീട് ശിരോഭാഗം തൊഴുത് തെക്കേനടയിലൂടെ നരസിംഹമൂർത്തിയെ വണങ്ങി പ്രദക്ഷിണമായി വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി. അർച്ചന പ്രസാദം ക്ഷേത്രത്തിന് പുറകിലുള്ള മണ്ഡപത്തിൽ വച്ച് വിതരണം ചെയ്യും.

എന്നാൽ ദർശനക്രമത്തിൽ വന്ന മാറ്റങ്ങൾക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇപ്രകാരം ഒരു തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പേ ക്ഷേത്ര നിവാസികളെയോ പ്രദേശവാസികളെയോ ഉൾപ്പെടുത്തി ചർച്ച നടത്തി തീരുമാനം കൈകൊണ്ടിരുന്നോ എന്നാണ് ഇവരുടെ ചോദ്യം. പദ്‌മനാഭനെ തൊഴേണ്ടത് തിരുമുഖത്തിൽ നിന്നാണെന്നും പ്രതിഷേധക്കാർ വാദിക്കുന്നു.

എന്നാൽ പദ്‌മനാഭസ്വാമിയുടെ ദർശനം എപ്രകാരമെന്ന് ഓരോ ഭക്തനും അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. ഇതുമായിബന്ധപ്പെട്ട് ശ്രീ പദ്‌മനാഭന്റെ പൂജാചുമതലയുള്ള നമ്പി മഠത്തിന്റെ അഭിപ്രായം കേരളകൗമുദി ഓൺലൈൻ തേടുകയുണ്ടായി.

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഒരാൾ ആദ്യം തൊഴേണ്ടത് തിരുവമ്പാടി ശ്രീകൃഷ്‌ണനെയാണ്. തുടർന്ന് ക്ഷേത്രപാലനെ വണങ്ങണം. അതിനുശേഷം കിഴക്കേനടയിലെത്തി സ്വർണകൊടിമരത്തെ പ്രദക്ഷിണം ചെയ‌്ത് ഇടത്തോട്ട് തിരിഞ്ഞ് ശാസ്‌താവിനെ വണങ്ങണം. ശേഷം വടക്കേ നടവഴി അകത്തേക്കു കയറി നരസിംഹ സ്വാമി, വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരെ തൊഴുത് പ്രദക്ഷിണമായി വരണം. തുടർന്ന് ശ്രീരാമൻ, സീത, ലക്ഷ്മണാദികളെയും നിർമ്മാല്യധാരിയായ വിഷ്വക്സേനനെയും വണങ്ങി വേണം ശ്രീപദ്‌മനാഭന്റെ സവിധമെത്താൻ. ആദ്യം പാദവും പിന്നീട് ഉടലും തുടർന്ന് ശിരസും തൊഴണം.

ശ്രീകോവിലിനുള്ളിൽ

എല്ലാ ദേവതകളുടെയും സങ്കൽപം ശ്രീകോവിലിനുള്ളിലുണ്ട്. അനന്തശയനത്തിന്റെ നടുവിലായി ശ്രീദേവി, ഭൂദേവി വിഷ്‌ണു (അഭിഷേക വിഗ്രഹം) എന്നിവരെയാണ് കാണാൻ കഴിയുക. വലതുവശത്ത് കടുശർക്കരയോഗത്തിൽ പ്രതിഷ്‌ഠിതമായ ശ്രീദേവിയുടെ മറ്റൊരു വിഗ്രഹം കാണാം. വടക്കുഭാഗത്തും ഇത്തരത്തിൽ ഭൂമിദേവിയേയും കാണാം. പദ്‌നാഭന്റെ കൈയ്‌ക്കുള്ളിൽ ശിവലിംഗം, നാഭിയിൽ ബ്രഹ്മാവ്, ചുമരിൽ സപ്‌തഋഷികൾ, അഷ്‌ഠായുധങ്ങൾ, സൂര്യചന്ദ്രന്മാർ, നാരദൻ, മധുകൈടഭർ എന്നിവരുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, PADMANABHA SWAMY TEMPLE, DARSANAM
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.