തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ ഇരുവരും ഹെൽമറ്റ് ധരിക്കണമെന്നതും കാറിന്റെ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്നതും നിർബന്ധമാക്കി ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് പരിശോധന കർശനമാക്കാൻ ഡി.ജി.പിക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലായ് 6ന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധി പരാമർശിച്ചുകൊണ്ടാണ് കത്ത്.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന കർശനമാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കും ഗതാഗത സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാരും ഹെൽമറ്റ് ധരിക്കണമെന്നും കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചതാണെന്ന് ഗതാഗത സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ഈ നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ല. കേരള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹന പരിശോധനകളിൽ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
അതേസമയം, സുപ്രീം കോടതിയുടെ ഉത്തരവ് തിടുക്കപ്പെട്ട് നടപ്പാക്കുന്നതിൽ വാഹന ഉടമകൾക്കിടയിൽ ആശങ്കയും വ്യാപകമായിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയാതെയാണ് കമ്മിഷണർ ഉത്തരവ് പുറപ്പടുവിച്ചതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |