കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് മാലിന്യത്തിന്റെ കുന്നുകൂടലാണ്. എറണാകുളത്ത് ബ്രഹ്മപുരം മാലിന്യക്കൂനയ്ക്ക് തീപടർന്ന് നഗരം ഒരാഴ്ചയോളം പുകയിലമർന്നപ്പോൾ കേരളത്തിന്റെ മാലിന്യപ്രശ്നം അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് പോകരുതെന്നു പോലും വിലക്കുകളുണ്ടായി. മാലിന്യ നിർമ്മാർജ്ജനം ശരിയായ രീതിയിൽ നടക്കാത്തതിന് സർക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാലിന്യം റോഡിൽ വലിച്ചെറിയുന്നതിൽ നമ്മുടെ നാട്ടുകാരും പിന്നിലല്ല. എവിടെയെങ്കിലും മാലിന്യപ്ളാന്റ് സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾ പദ്ധതിയിടുമ്പോൾത്തന്നെ അതിനെതിരെ എതിർപ്പുമായി ആളുകൾ രംഗത്തിറങ്ങുകയും ചെയ്യും. മാലിന്യത്തെ പണമുണ്ടാക്കാനുള്ള വലിയൊരു മാർഗമായാണ് ചില വിദേശരാജ്യങ്ങൾ കാണുന്നത്. ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ വലിയ അളവിൽ ഉൗർജ്ജം നല്‌കുന്ന സ്രോതസായി മാലിന്യം മാറും. വൃത്തിയുടെ കാര്യത്തിൽ പഴയ കാലത്ത് തിരുവനന്തപുരം നഗരം മുന്നിലായിരുന്നു. ഇന്ന് ആ സ്ഥാനം വളരെ പിന്നിലായി.
മദ്ധ്യപ്രദേശിലെ ഇൻഡോർ എന്ന നഗരമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം. അവിടെ പ്രധാന മാലിന്യപ്ളാന്റ് സ്ഥിതിചെയ്യുന്നത് നഗരത്തിന്റെ ഒത്ത നടുവിലാണ്. എന്നാൽ അവിടെനിന്ന് ഒരു ദുർഗന്ധവും വമിക്കാറില്ല. ഇൻഡോറിലെ മിക്ക മാലിന്യപ്ളാന്റുകളും ഇങ്ങനെ വളരെ ശാസ്‌ത്രീയരീതിയിൽ സ്ഥാപിക്കപ്പെട്ടതാണ്. ജനങ്ങൾ മാലിന്യപ്ളാന്റുകൾ സ്ഥാപിക്കുന്നതിനെ ഒരിടത്തും എതിർത്തിട്ടില്ല. ഈ മാതൃക ഇന്ത്യയിലെ എല്ലാ നഗരങ്ങൾക്കും സ്വീകരിക്കാവുന്നതാണ്. ബ്രഹ്‌മപുരത്തെ പുകയ്‌ക്ക് ശേഷമാണ് സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിർമ്മാർജ്ജനം കൂടുതൽ ഊർജ്ജിതപ്പെടുത്താൻ നടപടികൾ തുടങ്ങിയത്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ പ്രത്യേക മേൽനോട്ടത്തിലാണ് മാലിന്യമുക്ത കേരളം പദ്ധതി നടന്നുവരുന്നത്. ഇത് നാലുമാസം പിന്നിടുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ 91.65 ശതമാനം മാലിന്യവും നീക്കി എന്നത് അഭിനന്ദനാർഹമാണ്. വിചാരിച്ചാൽ കേരളത്തിലും കാര്യങ്ങൾ ഭംഗിയായി നടക്കുമെന്ന് തെളിയിച്ച സംഗതിയായിത്തന്നെ ഇതിനെ വിലയിരുത്തണം. റിപ്പോർട്ട് ചെയ്ത 5965 മാലിന്യക്കൂനകളിൽ 5473 സ്ഥലങ്ങളിലും മാലിന്യം പൂർണമായി നീക്കിയെന്ന് തദ്ദേശവകുപ്പിന്റെ കണക്കുകൾ അഭിമാനപൂർവം ചൂണ്ടിക്കാട്ടുന്നു.
വാതിൽപ്പടി മാലിന്യശേഖരണം 100 ശതമാനമാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. നിലവിൽ ഇത് 78 ശതമാനമാണ്. 422 തദ്ദേശസ്ഥാപനങ്ങളിൽ വാതിൽപ്പടി ശേഖരണത്തിൽ 90 - 100 ശതമാനവും ലക്ഷ്യം നേടി. ശുചിത്വ മിഷൻ, നവകേരള മിഷൻ, ക്ളീൻ കേരള കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലൂടെയാണ് മാലിന്യമുക്ത കേരളം പദ്ധതി നടപ്പാക്കുന്നത്. ഉറവിട ജൈവമാലിന്യ സംസ്‌കരണം സാധിക്കാത്ത ഇടങ്ങളിൽ കേന്ദ്രീകൃത പ്ളാന്റ്, മാലിന്യ പരിപാലനത്തിനുള്ള ഗതാഗത സംവിധാനം, നിഷ്‌ക്രിയ മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്കായി ആധുനിക സംവിധാനം ഒരുക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |