ഒരു ബൈക്കിൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും. എത്ര വേണമെങ്കിലും സഞ്ചരിക്കാൻ കഴിയുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ലോകം കീഴടക്കാൻ ഇറങ്ങിയ പലരും തങ്ങളുടെ യാത്രയ്‌ക്കൊപ്പം പ്രിയപ്പെട്ട ബൈക്കിനെയും കൂടെക്കൂട്ടിയത് വെറുതയല്ല. പക്ഷേ ഇതൊന്നുമല്ല പറഞ്ഞുവരുന്നത്, മൂന്ന് ഇന്ത്യൻ ബൈക്ക് റൈഡർമാർ ഇന്ത്യയിൽ തന്നെ നിർമിച്ച ബൈക്കിൽ ഭൂമിയുടെ ആർട്ടിക്ക് ധ്രുവത്തിൽ നിന്നും അന്റാർട്ടിക്കയിലേക്കുള്ള 51,000 കിലോമീറ്റർ ദൂരം 99 ദിവസം കൊണ്ട് പിന്നിട്ട ചരിത്രമാണ്. ഡൊമിനോറിന്റെ പോളാർ ഒഡീസി റൈഡിന്റെ ഭാഗമായി ദീപക് കമ്മത്ത്, അവിനാഷ് പി.എസ്, ദീപക് ഗുപ്‌ത എന്നിവരാണ് ചരിത്ര ദൗത്യം പൂർത്തിയാക്കിയത്. മൂന്ന് ഭൂഘണ്ഡങ്ങളും പതിനഞ്ചിലേറെ രാജ്യങ്ങളും പിന്നിട്ട് മൂന്ന് പേരും ഓടിക്കയറിയത് ലോക റെക്കോഡിലേക്കാണ്. ഇതിനൊപ്പം ആർട്ടിക് മുതൽ അന്റാർട്ടിക്ക വരെ സഞ്ചരിച്ച ആദ്യ ഇന്ത്യൻ ബൈക്കെന്ന ബഹുമതി ബജാജ് ഡൊമിനോറിനും സ്വന്തമായി.
51,000 കിലോമീറ്റർ നീണ്ടുകിടക്കുന്ന പാത 99 ദിവസമെടുത്താണ് പിന്നിട്ടത്. ഓരോ ദിവസവും 515 കിലോമീറ്റർ വീതം സഞ്ചരിച്ചു. വഴിയിൽ കാത്തിരുന്ന തടസങ്ങളൊന്നും യാത്രയ്‌ക്ക് വിലങ്ങുതടിയായില്ല. കാര്യമായ സർവീസ് പിന്തുണ ഇല്ലാതെയായിരുന്നു ഇവരുടെ യാത്രയെന്നതും ശ്രദ്ധേയമാണ്. വഴിയിൽ എവിടെയും വാഹനം പണിമുടക്കിയതുമില്ല. മോട്ടോർ ബൈക്കിൽ സാഹസിക യാത്രകൾ നടത്തി മുപ്പതിലേറെ വർഷം പരിചയമുള്ള ദീപക് കാമത്ത് ആയിരുന്നു സംഘത്തിന്റെ ക്യാപ്‌ടൻ. 2017ലെ സൈബീരിയൻ ഡൊമിനോർ ഒഡീസിയിലും കാമത്ത് പങ്കെടുത്തിട്ടുണ്ട്. മികച്ച യാത്രികനും ഫോട്ടോഗ്രാഫറുമായ അവിനാശ് മെക്കാനിക്കൽ എഞ്ചിനീയറാണ്. ഗ്രൂപ്പ ഒഫ് ഡൽഹി സൂപ്പർ ബൈക്കിലെ സജീവ അംഗമാണ് ദീപക് ഗുപ്‌ത.
ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റോഡുകളിലൂടെയാണ് സംഘം യാത്ര പൂർത്തിയാക്കിയതെന്ന കാര്യവും ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലമായ അമേരിക്കയിലെ ഡെത്ത് വാലിയും ഏറ്റവും തണുപ്പുള്ള സ്ഥലമായ അന്റാർട്ടിക്കയും യാത്രയുടെ ഭാഗമായി. ഈ പ്രദേശങ്ങളിലൊന്നും ബൈക്കിന് കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിക്കാത്തത് ബജാജിന്റെ നിർമാണ മികന്റെ ഗുണമാണെന്നാണ് സംഘാംഗങ്ങളുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |