സംസ്ഥാനത്ത് തുടർച്ചയായി ട്രെയിനുകൾക്ക് നേരെയുണ്ടാക്കുന്ന കല്ലേറ് അടക്കമുള്ള ആക്രമണങ്ങൾ ഈ യാത്ര സംവിധാനത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ ജീവന് സുരക്ഷാ ഭീഷണി ഉയർത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്രയേറെ ആക്രമണങ്ങൾ ഉണ്ടായിട്ടും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാർക്ക് പരിക്കേൽക്കാത്തത്. കൃത്യമായി പ്രതികളെ പിടികൂടാൻ നടപടിയുണ്ടാകണം. ഒപ്പം ശക്തമായ ശിക്ഷ ഉറപ്പാക്കുകയും വേണം
അജയ്.എസ്. കുമാർ
പ്ലാവോട്
ആനുകൂല്യങ്ങൾക്കു പകരം
രോഗങ്ങൾ സമ്മാനിച്ചു
പൊലീസ് സേനയിൽ യഥാസമയം ആവശ്യാനുസരണമുള്ള സംഖ്യാബലം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകാതെ നിലവിലുള്ളവരെക്കൊണ്ടുതന്നെ സമയപരിധിയില്ലാതെ ജോലി ചെയ്യിച്ചതിന്റെ തിക്തഫലമാണ് വിരമിച്ചശേഷം നല്ലൊരു ശതമാനംപേർ രോഗികളായിമാറിയത്.
2011 ൽ ഒരുപരിധിവരെ അംഗസംഖ്യ വർദ്ധിപ്പിച്ചുകൊണ്ടു പൊലീസിന്റെ ഡ്യൂട്ടിസമയം എട്ടുമണിക്കൂറായി അംഗീകരിക്കുന്നതുവരെ ഇത്തരത്തിൽ കഠിനമായ ജോലിഭാരം വഹിക്കേണ്ടിവന്നവരാണ് വിരമിച്ച ഒരു വിഭാഗം പൊലീസുകാർ. ഇന്നത്തെപ്പോലെ ആധുനിക ഇലക്രോണിക് ട്രാഫിക് സിഗ്നൽ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ എരിപൊരിവെയിലത്ത് എട്ടുമണിക്കൂറോളം ചുട്ടുപൊള്ളുന്ന ടാർ റോഡുകളിൽ നിന്നുകൊണ്ടു ട്രാഫിക് ഡ്യൂട്ടികൾ ചെയ്യുമ്പോൾ വാഹനങ്ങളുടെ വിഷലിപ്തമായ പുകശ്വസിച്ചും അതിനുപുറമേ മറ്റുള്ള സമയപരിധിയില്ലാത്ത ക്രമസമാധാനപാലന ഡ്യൂട്ടികൾ ചെയ്തും സേവനം പൂർത്തിയാക്കി വിരമിച്ചവർ ഗുരുതര രോഗങ്ങൾക്കു അടിമകളായി. ഔദ്യോഗിക ജോലിഭാരത്തിന്റെ ഇരകളായി മാറിയ ഈ വയോധികരുടെ ആരോഗ്യസംരക്ഷണം എന്ന ബാധ്യതയിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുകയാണ് പൊലീസ് ആക്‌ടിലെ 104(എ) വകുപ്പിൽ വിരമിച്ച പൊലീസ് സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തണമെന്നു അനുശാസിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ പൊലീസ് വെൽഫെയർ ബ്യൂറോയുടെ സമീപനം പോലും വിരമിച്ചവർക്കു ആശ്വാസകരമല്ല. സർവീസിലുള്ളവരെ പരിഗണിച്ചശേഷം മാത്രമേ വിരമിച്ച രോഗികൾക്കു എന്തെങ്കിലും നാമമാത്രമായ സാമ്പത്തിക സഹായം അവിടെനിന്നും ലഭിക്കും. മെഡിസെപ്പിന്റെ കാര്യവും തഥൈവ. ഇതുവരെ പരിഹരിക്കാൻ കഴിയാത്ത പോരായ്മകൾ ഈ പദ്ധതിയിൽ നിലനിൽക്കുന്നതുകൊണ്ട് വിരമിച്ച പൊലീസുകാർക്കു യാതൊരു പ്രയോജനവുമില്ലാതായി. ഈ സാഹചര്യ ത്തിൽ സർക്കാരിന്റെ അനാസ്ഥ കൊണ്ടുമാത്രം അമിതമായ ജോലിഭാരം വഹിക്കേണ്ടിവന്നതിന്റെ പരിണിത ഫലമായി രോഗികളായിത്തീർന്ന വിരമിച്ച പൊലീസുകാരുടെ ചികിത്സ സൈനിക സമാനമായ (ഇ.സി.എച്ച്.എസ് ) രീതിയിൽ ഏറ്റെടുക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണം.
എം. പ്രഭാകരൻ നായർ
മുൻ ജില്ലാ പ്രസിഡന്റ് ( തിരുവനന്തപുരം )
പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ
ഫോൺ - 9400499918
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |