ജനറിക് മരുന്നുകളെല്ലാം ഗുണനിലവാരം ഇല്ലാത്തതും ബ്രാൻഡഡ് മരുന്നുകൾ മാത്രം ഗുണമുള്ളതും എന്നും സൂചിപ്പിക്കുന്ന രീതിയിലുള്ള ചെറുകിട ആശുപത്രി ഉടമസ്ഥരുടെ സംഘടനയുടെ ഭാരവാഹിയുടെ ലേഖനം 'കേരളകൗമുദി"യിൽ കണ്ടു. ഗുണനിലവാരം ഉറപ്പാക്കി വളരെ കുറഞ്ഞ നിരക്കിൽ പാവപ്പെട്ടവർക്ക് മരുന്ന് നൽകുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ പോലെയുള്ള സംവിധാനങ്ങളും സർക്കാർ ആശുപത്രികളിലെ മരുന്നുകളുമെല്ലാം മോശവും വൻകിട കമ്പനികളുടെ വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾ മാത്രമാണ് ഗുണനിലവാരമുള്ളത് എന്നും തെറ്റിദ്ധരിപ്പിക്കുന്നതാണ് ലേഖനം.
ചില മരുന്ന് കമ്പനികളും സ്വകാര്യ ആശുപത്രികളും ചേർന്നു ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ നൽകി പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്നു എന്ന ഗുരുതരമായ ആക്ഷേപം പലപ്പോഴും പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുകേട്ടിട്ടുണ്ട്. അത്തരം അധാർമ്മിക പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളുടെ നടപടികളെ സമൂഹത്തിനു മുമ്പിൽ തുറന്നുകാണിക്കുന്ന നിലപാടുകൾ എടുക്കുന്നതിനു പകരം ലേഖനത്തിൽ രോഗികളോട് പ്രതിബദ്ധതയുള്ള ഡോക്ടറും യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഫാർമസിസ്റ്റും എന്നൊരു പ്രയോഗം നടത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാവുന്നില്ല. കേരളത്തിലെ എല്ലാ മേഖലയിലും ജോലിയെടുക്കുന്ന ഫാർമസിസ്റ്റുമാരെയും പൊതുവിൽ അപമാനിക്കുന്നതും ഫാർമസിസ്റ്റുമാരെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിൽ തെറ്റായ ചിത്രം വരച്ചുനൽകുന്നതിനു തുല്യവുമാണ് ലേഖികയുടെ പരാമർശം. കേരളത്തിലെ ആരോഗ്യസേവനരംഗം ലോകനിലവാരത്തിലേക്കെത്തിച്ചതു ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗം ജീവനക്കാരുടെ സാമൂഹ്യപ്രതിബദ്ധതയിൽ അധിഷ്ഠിതമായ കൂട്ടായ പ്രവർത്തനം ഒന്നുകൊണ്ടു മാത്രമാണ് എന്നിരിക്കെ താൻ പ്രതിനിധീകരിക്കുന്ന വിഭാഗം ഒഴികെയുള്ളവർ മോശക്കാരാണെന്നു ചിത്രീകരിക്കുന്നത് ഉത്തരവാദിത്തമുള്ളവർക്കു ചേർന്നതല്ല.
എസ്. വിജയകുമാർ
പ്രസിഡന്റ്
കേരള ഗവ. ഫാർമസിസ്റ്റ്
അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |