ഇംഗ്ലീഷിന്റെ നിലവാരം താഴ്ന്നുപോകുന്നതിന്റെ കാരണം സയൻസ്, മാത്സ്, സോഷ്യൽസയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകർ ഇംഗ്ലീഷ് പഠിപ്പിക്കുന്നതുകൊണ്ടാണെന്നും അതിന് ശാശ്വത പരിഹാരമുണ്ടാകണമെന്നുമുള്ള ദീർഘകാലത്തെ ചർച്ചകൾക്കും പഠനങ്ങൾക്കുമൊടുവിൽ ഇംഗ്ലീഷിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ ഹൈസ്ക്കൂളുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകരായി നിയമിക്കാൻ 2002-ൽ ഉത്തരവിറക്കി.
മറ്റു പലതുംപോലെ ഈ ഉത്തരവും ഒരു കബളിപ്പിക്കലാണെന്ന് കാലങ്ങൾ കഴിഞ്ഞാണ് മനസിലായത്. നമ്മളെല്ലാവരും 10-ാം ക്ലാസുവരെ ഇംഗ്ലീഷ് രണ്ടാം ഭാഷയായും പ്രിഡിഗ്രി (+2), ഡിഗ്രി എന്നീ ക്ലാസുകളിൽ ഇംഗ്ലീഷ് ഒന്നാം ഭാഷയുമായാണ് പഠിച്ചിട്ടുള്ളത്. എന്നാൽ 2002 ൽ ഇംഗ്ലീഷ് തസ്തിക അനുവദിച്ച ഉദ്യോഗസ്ഥപ്രഭുക്കൾക്കോ രാഷ്ട്രീയ പ്രമാണിമാർക്കോ ഇംഗ്ലീഷ് ഒരു ഭാഷയാണെന്ന് അറിഞ്ഞുകൂടായിരുന്നു. (ഇംഗ്ലീഷ് പഠിച്ചവരാരും കാണില്ലായിരിക്കുമോ). ഇംഗ്ലീഷിനെ 'കോർസബ്ജക്ടിൽ" ഉൾപ്പെടുത്തിയാണ് തസ്തിക അനുവദിച്ചിട്ടുള്ളത്. അതിലും ഒരു ചതിക്കുഴി ഒളിഞ്ഞിരിപ്പുണ്ട്. കോർസബ്ജക്ടിൽ അഞ്ചാമത്തെ സ്ഥാനമാണ് ഇംഗ്ലീഷിന് കല്പിച്ചിരിക്കുന്നത്.
അതായത് ഹൈസ്കൂളുകളിൽ ആദ്യം ഉണ്ടാകുന്ന ഡിവിഷൻ (1) ഫിസിക്കൽ സയൻസ് രണ്ടാമത്തെ ഡിവിഷനുണ്ടായാൽ (2) മാത്തമറ്റിക്സ്, മൂന്നാത്തെ ഡിവിഷനുണ്ടായാൽ (3) സോഷ്യൽ സയൻസ് നാലാമത്തെ ഡിവിഷനുണ്ടായാൽ (4) നാച്വറൽ സയൻസ് അതുംകഴിഞ്ഞ് അഞ്ചാമത്തെ ഡിവിഷനുണ്ടായാലേ കോർ ഗ്രൂപ്പിലെ (5) ഇംഗ്ലീഷിനെ നിയമിക്കുകയുള്ളു. സംസ്ഥാനത്ത് 2% സ്കൂളുകളിൽപോലും 8, 9, 10 ക്ലാസുകളിൽകൂടി 4 ൽ കൂടുതൽ ഡിവിഷനുകൾ ഉണ്ടാകില്ല. ഓരോ ഡിവിഷൻ തന്നെ ഉണ്ടാക്കുന്ന പെടാപാട് കയറിയിറങ്ങി സ്ക്വാഡ് വർക്ക് നടത്തി കുട്ടികളെ സ്വാധീനിച്ചാണ്. യഥാർത്ഥത്തിൽ 5 ഡിവിഷനുകൾ ഉണ്ടാകുവാൻ സാദ്ധ്യമല്ല. അതിനാൽ മിക്ക ഹൈസ്്കൂളുകളിലും ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കാൻ കഴിഞ്ഞ പതിനാറ് വർഷമായി കഴിഞ്ഞിട്ടുമില്ല. അഞ്ചോ, അതിൽകൂടുതലോ ഡിവിഷനുകൾ ഉള്ളിടത്തെ ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കുകയുള്ളു. ഈ ഉത്തരവ് ഇറക്കിയവർക്ക് കുട്ടികളോട് അല്പമെങ്കിലും ആത്മാർത്ഥതയുടെ കണിക ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു പാതകം ചെയ്യുമായിരുന്നില്ല. ഇംഗ്ലീഷിനെ മലയാളം, ഹിന്ദി എന്നപോലെ ഭാഷാഗണത്തിൽ പെടുത്തിയിരുന്നെങ്കിൽ എല്ലാ ഹൈസ്കൂളുകളിലും മലയാളവും ഹിന്ദിയും നിയമിക്കുംപോലെ ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കാൻ കഴിഞ്ഞേനെ.
ഇംഗ്ലീഷിന്റെ നിലവാരം ഉയർത്താനാണ് ഉത്തരവിറക്കിയതെങ്കിൽ അതിന്റെ ഗുണം ഒരുകുട്ടിക്കുപോലും നിഷേധിക്കുവാൻ പാടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെങ്കിൽ അത് എല്ലാകുട്ടികൾക്കും അനുഭവഭേദ്യമാക്കണം. നിലവാരം വർദ്ധിപ്പിക്കാനാണെങ്കിൽ കുട്ടികളുടെ എണ്ണം നോക്കാതെ എല്ലാ സ്കൂളുകളിലും എന്തുകൊണ്ട് ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിച്ചുകൂടാ. ഇംഗ്ലീഷിനെ ഭാഷാ അദ്ധ്യാപക ഗണത്തിൽപ്പെടുത്തി മലയാളവും ഹിന്ദിയും നിയമിക്കുംപോലെ യു.പി.സ്്കൂളുകളിലും ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കണം.
സ്മാർട്ടാകേണ്ടത് ക്ലാസ്മുറികളല്ല- കുട്ടികളാണ്. 'ഒരു കുട്ടിപോലും തോല്ക്കരുതെന്ന് പറഞ്ഞാൽ -എല്ലാകുട്ടികളെയും ജയിക്കാനുള്ള മിനിമം മാർക്കെങ്കിലും നേടാൻ പ്രാപ്തരാക്കണമെന്നാണ്. അല്ലാതെ അക്ഷരം അറിഞ്ഞുകൂടാത്തവനെപോലും ജയിപ്പിക്കണമെന്നല്ല "
ആർ.ചന്ദ്രമോഹൻ
9495746221
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |