കുമാരപുരത്തെ വായനശാലയിൽ എല്ലാ ഞായറാഴ്ചയും ഒരു പയ്യൻ എത്തും. സമീപത്തെ എസ്.എൻ.വി ടെയിലേഴ്സിൽ തയ്യൽപണി ചെയ്യുന്ന സുരേന്ദ്രേൻ.നാടകങ്ങളാണ് സുരേന്ദ്രൻ തിരഞ്ഞെടുത്ത് വായിക്കുന്നത്. ജഗതി എൻ.കെ.ആചാരി, കെ.ജി.സേതുനാഥ്, കടവൂർ ചന്ദ്രൻ പിള്ള... തുടങ്ങിയവരുടെ നാടകങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്ക് പറ്റിയ കഥാപാത്രം ഏതുണ്ടെന്നാകും സുരേന്ദ്രൻ തിരയുക. തയ്യൽപണി കഴിഞ്ഞാൽ സുരേന്ദ്രൻ പോകുന്നത് നാട്ടിലെ ക്ലബിലെ നാടക റിഹേഴ്സൽ സ്ഥലത്തേക്കാണ്. അഭിനയം കൊതിയോടെ നോക്കി കൊണ്ടിരുന്ന സുരേന്ദ്രൻ ആദ്യം പ്രോംപ്റ്റർ ആയി.
നാലാം ക്ലാസിൽ പഠിത്തം നിറുത്തി അമ്മാവൻ അപ്പുവിന്റെ തയ്യൽകടയിൽ പണി പഠിക്കാൻ പോയ സുരേന്ദ്രനിലെ കലാകാരനെ വളർത്തിയത് വായനശാലയും ക്ലബിലെ നാടകങ്ങളുമായിരുന്നു. അന്ന് നാട്ടിൽ റേഡിയോ ഉള്ള അപൂർവസ്ഥലങ്ങളിലൊന്ന് ഈ വായനശാലയായിരുന്നു. പിന്നീട് കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകൻ സുരേന്ദ്രൻ ഇന്ദ്രൻസ് ആയി. കോമഡി നടനിൽ നിന്ന് കരുത്തുറ്റ കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ''സിനിമയെ ഗൗരവമായി കണ്ട് തുടങ്ങാൻ കാരണം വായനാശീലമാണ്. അതുകൊണ്ടാണ് പിടിച്ചു നിന്നത്. ഇല്ലെങ്കിൽ എപ്പോഴേ ഒടുങ്ങിപ്പോയേനെ. വായനശാല, ക്ലബ് സംസ്കാരം എന്നു പറഞ്ഞാൽ അത് അറിവിന്റെ ലോകമായിരുന്നു എനിക്കു തന്നത്"". കൊവിഡ് കാലത്ത് സിനിമാസ്വാദനം വീടുകൾക്കുള്ളിൽ ഒതുങ്ങിയ കാലത്ത് 'ഹോമി" ലെ ഒലിവർ ട്വിസ്റ്റായി ഒരിക്കൽ കൂടി പ്രേക്ഷകരെ അമ്പരപ്പിച്ച ഇന്ദ്രൻസ് അതേ ചിത്രത്തിൽ ദേശീയ അംഗീകാരവും സ്വന്തമാക്കി. ഇനിയും കൂടുതൽ എന്ത് ചെയ്യാം എന്ന് തിരയുന്നതിനിടയിൽ അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചു.
എന്നിലുമുണ്ട് ഒലിവർ ട്വിസ്റ്റ് .'ഹോം"നമ്മുടെ എല്ലാം വീടാണ്
ഹോം സിനിമയിലെ ചില കാര്യങ്ങൾ എന്റെ വീട്ടിലെ ചിലതിനോടൊക്കെ സാമ്യം ഉണ്ടാകും. ഒലിവർ ട്വിസ്റ്റും കുട്ടിഅമ്മയുമൊക്കെ ഏത് വീട്ടിലും കാണാം. ഒലിവർ ട്വിസ്റ്റിന്റെ സാഹചര്യങ്ങളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.വീട്ടിൽ ഭാര്യശാന്തകുമാരിയുടെ ശബ്ദമാണ് ഉയർന്നു കേൾക്കുന്നത്. അങ്ങനെ തന്നെയാണ് വേണ്ടതും. കാരണം കുടുംബം അവരുടെ കൈയിലാണ്. ഞാൻ സിനിമാ തിരക്കുകളുമായി വീട്ടിനു പുറത്തായിരിക്കുമ്പോൾ മക്കളുടെ പഠനം ഉൾപ്പെടെ എല്ലാം കാര്യങ്ങളും നോക്കിയത് ഭാര്യയാണ്. അതിനാലാണ് ഇങ്ങനെ നന്നായി പോകുന്നത്. സിനിമയിൽ കുട്ടിഅമ്മ അങ്ങനെയാണ്. അവരെന്തെല്ലാം സഹിക്കുന്നു. പകരം വയ്ക്കാനില്ലാത്ത മഹത്വം ഉണ്ട് കുട്ടിഅമ്മയ്ക്ക്.
പിന്നെ ഫോൺ സംബന്ധിച്ച കാര്യങ്ങൾ. മക്കളുടെയടുത്തും ഞാൻ ഫോൺ സംശയങ്ങളൊക്കെ ചോദിച്ചിട്ടുണ്ട്. കാരണം ഇതിന്റെ സംവിധാനങ്ങളെല്ലാം അറിയില്ല. അപ്പോൾ പിന്നെ അവരോട് ചോദിക്കണം, അവരോട് വിധേയപ്പെട്ടു നിൽക്കണം.എന്റെ പ്രായത്തിലുള്ളവർ പറയുന്നതും ഇങ്ങനെ തന്നെയാണ്. നമ്മളെ കൊണ്ട് പറ്റുന്നില്ല. പിള്ളേരൊക്കെ പെട്ടെന്ന് പെരുമാറുന്നത് കാണുമ്പോൾ കൊതിയാകും എന്ന്. അത് തലമുറവ്യത്യാസം കൊണ്ടുണ്ടാകുന്ന വേഗതയാണ്അവരോടൊപ്പംഓടി എത്താനാകില്ല. സ്മാർട്ട് ഫോൺ രണ്ടുവട്ടം പരീക്ഷച്ച് കുഴപ്പമായതിനു ശേഷം ആ പരിപാടി നിറുത്തി. ഇപ്പോൾ വീണ്ടും ശ്രമം ആരംഭിച്ചിട്ടുണ്ട്. വലിയ ഫോണല്ലേഎപ്പോൾ വേണമെങ്കിൽ കൈയിൽ നിന്നും തെറിച്ചു വീഴാം.
പന്ത്രണ്ടാം വയസിൽ തുന്നിത്തുടങ്ങി
നമ്മൾ എന്തു ചെയ്യുമ്പോഴും പ്രാർത്ഥിച്ചിട്ടുവേണമെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. ദിവസം തുടങ്ങുന്നത് പ്രാർത്ഥനയോടെയാകണമെന്നാണ് അമ്മയുടെ നിഷ്ഠ. പ്രാർത്ഥനയുടെ ഫലം കിട്ടുമ്പോൾ അത് നീതി പൂർവമായിരിക്കും. അമ്മയാണ്സൂര്യനെ നോക്കി പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്. അങ്ങനെ ആദിത്യ നമസ്കാരം ചെയ്തു തുടങ്ങി. ആഗ്രഹം തോന്നുമ്പോൾ പ്രാർത്ഥിക്കും. പഠിത്തമാണ് ഏറ്റവും ആവശ്യം എന്നറിയാമെങ്കിലും അത് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അപ്പു മാമന്റെ തയ്യൽ മെഷീൻ കറങ്ങുന്നത് കണ്ടിട്ട് എനിക്കും അതുപോലെ ചെയ്യാൻ തോന്നിയ ആഗ്രഹമായിരുന്നു എന്നെ തയ്യൽക്കാരനാക്കിയത്. അച്ഛന് കുമാരപുരത്ത് തടിപ്പണിയായിരുന്നു. അച്ഛനെ പോലെ തടിഅറുക്കാൻ ആഗ്രഹിച്ചില്ല. അതിന് നല്ല ആരോഗ്യം വേണമല്ലോ!12-ാം വയസിൽ തയ്യൽ എന്റെ പ്രൊഫഷൻ ആക്കാൻ തീരുമാനിച്ചതോടെ പഠിത്തം അവസാനിച്ചു. മറ്റ് കുട്ടികളൊക്കെ സ്കൂളിലേക്കു പോകുമ്പോൾ സങ്കടം തോന്നി. വീട്ടിലെ അവസ്ഥയൊക്ക കാരണമാണ് എനിക്ക് സ്കൂളിൽ പോകാൻ കഴിയാതിരുന്നത്. അന്ന് അത്രയൊക്കെ ഉണ്ടായിരുന്നുള്ളൂ. കാരണവരൊക്കെ പറയുന്നത്. തലകുത്തി മറിയാതെ വല്ല പണിക്കുംപോകാനായിരുന്നു.നമ്മുടെ വീട്ടിൽ മാത്രമല്ല, അന്ന് പരക്കെ ദാരിദ്ര്യം ഉള്ള കാലമാണ്. തയ്യൽക്കടയിൽ പോകുമ്പോൾതന്നെ നാടകത്തിലെ റിഹേഴ്സൽ ക്യാമ്പിൽ പോകുമായിരുന്നു. ക്രമേണ നാടക നടനായി.
അബ്ദുൽകലാം, പ്രേംനസീർ പിന്നെ വേലായുധൻ
സ്വന്തമായി തയ്യൽ കട തുടങ്ങിയത് സെക്രട്ടേറിയറ്റിനു കുറച്ചുമാറി ഗാന്ധാരിഅമ്മൻ കോവിലനു സമീപമായിരുന്നു. ഇപ്പോഴും അവിടെയുള്ള ഗുരുവായൂരപ്പൻ ഹോട്ടലിനോടു ചേർന്നായിരുന്നു കട .കെൽവിൽ ടെയിലേഴ്സ് എന്നായിരുന്നു പേരിട്ടത്. ആ ഹോട്ടലിൽ രാത്രി കഞ്ഞിയും ചുട്ട പപ്പടവും പയറുമൊക്കെ കഴിക്കാനും സമീപത്തെ ചെരുപ്പുകടയിൽ ചെരുപ്പ് തുന്നിക്കെട്ടാനുമൊക്കെയായി ഒരാൾ സ്ഥിരം എത്തുമായിരുന്നു. അദ്ദേഹത്തിന്റെ കുപ്പായം കണ്ട് ഞാൻ ശ്രദ്ധിച്ചിരുന്നു. അടുത്തെവിടേയോ വാടകയ്ക്ക് കഴിയുന്ന ഒരു ഉദ്യോഗസ്ഥനെന്നല്ലാതെ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് അത് സാക്ഷാൽ എ.പി.ജെ.അബ്ദുൽകലാമാണെന്ന് തിരിച്ചറിഞ്ഞത്.
ക്ലബ് നാടക സംഘത്തിലുണ്ടായിരുന്ന മോഹൻദാസ് എന്നൊരു അണ്ണൻ മെരിലാൻഡിൽ പുരാണ പടങ്ങളിൽ അഭിനിയിക്കാൻ പോകുമായിരുന്നു. അണ്ണന്റെ ശുപാർശയിലാണ് കലാസംവിധായകൻ സി.എസ്. ലക്ഷ്മണന്റെ സഹായിയായി അവിടെ പോയത്. അപ്പോഴാണ് നസീർ സാറിനെയൊക്കെ അടുത്തുകണ്ടത്. ആ ജോലികൊണ്ട് കാര്യമായ വരുമാനമൊന്നും കിട്ടിയില്ലെങ്കിലും കട നോക്കാതെയായി. ക്ലബിൽ തന്നെയുണ്ടായിരുന്ന വേലായുധൻ ചേട്ടൻ മദ്രാസിലേക്ക് വിളിച്ചു. ഇങ്ങനെ പോയാൽ ജീവിക്കാനാകില്ലെന്ന് മനസിലാക്കി തിരിച്ചെത്തി കട വീണ്ടും തുറന്നു. മദ്രാസിൽ വച്ചാണ് സി.പി.വിജയകുമാറിനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ചിത്രം 'സമ്മേളന'ത്തിലൂടെയാണ് ഞാൻ 1985ൽ സ്വതന്ത്ര വസ്ത്രലങ്കാരകനായത്. അതിനു മുമ്പ് ഒരു സിനിമയിലേക്ക് അവസരം കിട്ടിയെങ്കിലും അതുപൂർത്തിയായില്ല.
ബഹദൂർ, നാഗേഷ്, ചാർലി ചാപ്ലിൻ
1981ൽ ചൂതാട്ടത്തിൽ പപ്പുചേട്ടന്റെ കൂടെ ചായക്കടയിലെ ജോലിക്കാരനായി ചെറിയ വേഷം .അതായിരുന്നു സിനിമാ അഭിനയത്തിലെ തുടക്കം. ആ ചിത്രത്തിന്റെ നിർമ്മാതാവ് ചാർളി ഒരു നാടകഭ്രാന്തനായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കണ്ടിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് ആ സിനിമയിൽ അവസരം വന്നത്. നസീർ സാറായിരുന്നു നായകൻ. ബ്രേക്ക് തന്ന സി.ഐ.ഡി ഉണ്ണിക്കൃഷ്ണനു മുമ്പ് ആധാരം, മാലയോഗം, സ്ഫടികം, അയലത്തെ അദ്ദേഹം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ബഹദുർ ഇക്ക, അടൂർഭാസി, നഗേഷ് എന്നിവരുടെ പടങ്ങളൊക്കെ കണ്ടാൽ അതു തന്നെ വേട്ടയാടിക്കൊണ്ടിരിക്കും. ചാർളി ചാപ്ലിന്റെ നോട്ടവും കണ്ണിൽ കൂടി കാണിക്കുന്ന ഭാവങ്ങൾ ഇതൊക്കെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതൊന്നും വിട്ടുമാറിയിട്ടില്ല. എന്റെ രൂപം വച്ച് അതൊന്നും ആരും കണ്ടുപിടിച്ചിട്ടില്ല.
ഹീറോ വേഷം ചെയ്യണമെന്ന് കൊതി തോന്നിയിരുന്നു.എങ്കിലും ബോദ്ധ്യമുണ്ട് നമ്മുക്ക് ചേരില്ലെന്ന്. അതുകൊണ്ട് കോമഡി വേഷം പരമാവധി നന്നാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.
എം.പി സുകുമാരൻ നായർ തന്ന അവസരങ്ങൾ
ആദ്യം മുതൽ സിനിമയോടുള്ള കാഴ്ചപ്പാട് സീരിയസ് തന്നെയാണ്. കാണുന്ന സിനിമകൾ അതെല്ലാം ഗൗരവ സിനിമകളൊയിരുന്നു. രാജ്യത്തും പുറത്തും ഫിലിം ഫെസ്റ്റിവലുകൾ കണ്ട് നല്ല സിനിമകളെ ഗൗരവത്തോടെ വിലയിരുത്തി.എം.പി.സുകുമാരൻ നായർ സാറുമായി അടുപ്പമുണ്ടായത് ഈ യാത്രയിലാണ്. അദ്ദേഹമാണ് എനിക്ക് ഗൗരവമുള്ള വേഷങ്ങൾ നൽകിയത്. ചൂതാട്ടത്തിൽ അഭിനിച്ച ശേഷം നേരെ ചെന്ന് നിൽക്കുന്നത് സുകുമാരൻ നായർ സാറിന്റെ ക്യാമറയ്ക്കു മുന്നിലാണ്. കളിവീട് എന്ന സീരിയലിനു വേണ്ടി. അതിനൊക്കെ ശേഷമാണ് രാമാനം, ദൃഷ്ടാന്തം സിനിമകളിൽ അഭിനയിക്കുന്നത്. ഷാജി എൻ കരുൺ , പദ്മരാജൻ സാർ എന്നിവരിലേക്കൊക്കെ എത്തിയത് സുകുമാരൻ നായർ സാറിലൂടെയാണ്.
കൊമേഡിയൻ, ജാതിയിൽ താഴ്ന്നവൻ, ജഗതിച്ചേട്ടനെപ്പോലെ മികച്ച നടനില്ല
2018ൽ സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ തുടങ്ങിയിട്ടല്ലേ ഉള്ളൂ. എന്ന് ഞാൻ പറഞ്ഞത് സത്യമാണ്. അതിനു മുമ്പ് വരെ ഏറെയും കോമാളി വേഷമല്ലേ ചെയ്തിരുന്നത്. കോമഡി നല്ലതാണ് എല്ലാവരും ചിരിക്കും. പക്ഷേ, അഭിനേതാവിന്റെ സ്ഥാനം വളരെ താഴത്താണ്.അഭിനയിക്കാൻ പ്രയാസം കോമഡി തന്നെയാണ്. പക്ഷേ വലിയ മതിപ്പില്ല. കോമാളി വേഷം ചെയ്യുന്നവനെ ജാതിയിൽ താഴ്ന്നവനായിട്ടാണ് സമൂഹം കാണുന്നത്. ഞാൻ മഹത്വത്തോടെയാണ് എനിക്കും കിട്ടിയ വേഷങ്ങളെ കാണുന്നത്.
ഒരു കോമഡി നടൻ ചെയ്യുന്ന റോൾ മറ്റൊരു നടന് അതേ ടൈമിംഗിൽ ചെയ്യാനാകില്ല. അങ്ങനെയൊക്കെ നോക്കുമ്പോൾ ജഗതിചേട്ടനെ പോലെ മികച്ച നടനില്ല. കല്യാണത്തിനൊക്കെ വിളിക്കണോ? നമ്മുടെ ആളൊക്കെ തന്നെ .പക്ഷേ ഈ ചടങ്ങിനൊക്കെ വിളിക്കണോ ? കോമഡിയല്ലേ എന്നു പറയും.അതേ സമയം സീരിയസായുട്ടുള്ള വേഷങ്ങൾ ഞാൻ ചെയ്തില്ലെങ്കിൽ ഈ അംഗീകാരങ്ങളൊന്നും കിട്ടില്ല. ഗൗരവ വേഷങ്ങൾ എന്നേക്കാൾ നന്നായി ചെയ്യാൻ കഴിവുള്ളവർ കോമഡി നടന്മാരുടെ കൂട്ടത്തിലുണ്ട് പക്ഷേ, അവർക്ക് അവസരം കിട്ടുന്നില്ല.എന്റെ മിടുക്കല്ല, കിട്ടുന്ന അവസരങ്ങളാണ് പ്രധാനം. അടൂർഭാസി, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മാളച്ചേട്ടൻ, പിന്നീട് സലിംകുമാർ ഇവരൊക്കെ ഗൗരവവേഷം ചെയ്തിട്ടുണ്ട്. ഇവർക്കൊക്കെ അനായാസം ഗൗരവ വേഷം ചെയ്യാനാകുന്നത് പ്രായാസമേറിയ കോമഡി വേഷങ്ങൾ നല്ല താളത്തിൽ അഭിനയിച്ചതുകൊണ്ടാണ്.
മലയാളം വിട്ട് പോകുന്നില്ല
മറ്റ് ഭാഷകളിൽ നിന്ന് ധാരാളംഓഫർ വന്നു. പോകാത്തതാണ്. അനിയൻബാവ ചേട്ടൻ ബാവ തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോൾ എന്നെ വിളിച്ചു. ഞാൻ അതിന്റെ പുറകെ പോയാൽ ഇവിടെ വേറൊരെണ്ണം നഷ്ടപ്പെടും. ഇവിടെ ചെയ്തതിനേക്കാളും നന്നായി അവിടെ ചെയ്യാൻ പറ്റും എന്ന് ബോദ്ധ്യമില്ലാത്തതുകൊണ്ട് പോയില്ല. ഇപ്പോഴും വിളിക്കുന്നു. അങ്ങന പോകേണ്ടതില്ലെന്ന് തോന്നുന്നു. ഭാഷ അറിയാമായിരുന്നിട്ടും ഇവിടെ തന്നെ പരിക്കുപറ്റാതെ നിൽക്കാൻ പാടുപെടുകയാണ്.
ഇനിയും ചെയ്യാൻ ആഗ്രഹമുള്ള വേഷങ്ങൾ എത്രയോ ഉണ്ട്. നെഗറ്റീവായാലും പൊസിറ്റീവായാലും അഭിനയ സാദ്ധ്യത വേണം. നമ്മുക്ക് മാറിചെയ്യാൻ പറ്റുന്ന എന്തുണ്ട് എന്നു നോക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |