തൃശൂർ: പുതുതലമുറയ്ക്ക് ആവേശം പകർന്ന് ആറു വയസുകാരി രക്ഷ പുലിയായി. ശക്തൻ പുലിക്കളി സംഘത്തിന് ഒപ്പമാണ് ഈ ഒന്നാം ക്ലാസുകാരി ആൺപുലിക്കൾക്ക് ഒപ്പം ചുവടുവച്ചത്. ഇന്നലെ രാവിലെ മുതൽ പുലിവേഷം വരച്ച് തുടങ്ങിയതോടെ നിരവധിപേരാണ് രക്ഷയെ അഭിനന്ദിക്കാനെത്തിയത്. ആദ്യമായാണ് രക്ഷ പുലിവേഷം കെട്ടുന്നത്. മന്ത്രി കെ. രാജനും മേയർ എം.കെ. വർഗീസും കളക്ടർ വി.ആർ. കൃഷ്ണതേജയും എത്തിയിരുന്നു.
നിശ്ചല ദൃശ്യം
ഉറവിടത്തിൽ തന്നെ മാലിന്യ സംസ്കരണം നടത്തിയില്ലെങ്കിൽ കുട്ടികൾ കൂട്ടിലും നായ്ക്കൾ പുറത്തും എന്ന സന്ദേശമുണർത്തി ശക്തൻ പുലിക്കളി സംഘം ഒരുക്കിയ നിശ്ചല ദൃശ്യം ജനങ്ങൾക്കും ഭരണവർഗത്തിനും മുന്നറിയിപ്പ് നൽകുന്നതായിരുന്നു. അതോടൊപ്പം ദുർഗാ ദേവിയുടെയും നിശ്ചല ദൃശ്യവും ശക്തൻ സംഘം അണിയിച്ചൊരുക്കി. വളരുന്ന മാലിന്യത്തെക്കുറിച്ചും സൂര്യനെ വിഴുങ്ങാൻ പോകുന്ന ഹനുമാനെയും സീതാറാം മിൽ അവതരിപ്പിച്ചപ്പോൾ ഭൂമിക്കൊരു ചരമഗീതവും കാടവെിടെ മക്കളെ എന്ന കവിതകളെ ആസ്പദമാക്കി കാനാട്ടുകര ദേശത്തിന്റെ നിശ്ചലദൃശ്യം പുതിയ സന്ദേശം പകരുന്നതായി. ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവായിരുന്നു അയ്യന്തോൾ ദേശത്തിന്റെ ടാബ്ളോ. തെയ്യം രൂപമാണ് വിയ്യൂർ പുലിവണ്ടിയാക്കിയത്.
പൊലീസും പുലിയായി
പൂങ്കുന്നം ദേശക്കാരനായ കേരള പൊലീസ് അക്കാഡമിയിലെ സിവിൽ പോലീസ് ഓഫീസർ എ.കെ. ശരത് ആണ് കരിമ്പുലി വേഷമിട്ടത്. കഴിഞ്ഞ പത്ത് വർഷമായി പുലിക്കളി സംഘാടകനായിരുന്നു ശരത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |