ചെക്ക് റിപ്പബ്ലിക്കിലെ വിദൂരഗ്രാമമായ ലുക്കോവയിൽ സ്ഥിതി ചെയ്യുന്ന 700 വർഷം പഴക്കമുള്ള ആരാധനാലയമാണ് സെന്റ് ജോർജ്ജ് പള്ളി. പുരാതനമായ ഈ പള്ളിയ്‌ക്കുള്ളിലേക്ക് പ്രവേശിക്കുമ്പോൾ വെള്ള ശിരോവസ്ത്രമണിഞ്ഞ ഒരു കൂട്ടം പ്രേതങ്ങളാണ് നമ്മെ സ്വീകരിക്കുക! പള്ളിയിൽ ഇടനാഴികളുടെ ഇരുവശവും ഇരിപ്പിടങ്ങളിലും പേടിപ്പെടുത്തുന്ന ഈ പ്രേതാത്മാക്കളെ കാണാം. പക്ഷേ, സന്ദർശകരെ ഈ പ്രേതങ്ങൾ ഒന്നും ചെയ്യില്ല. കാരണം ഇവർ പ്ലാസ്റ്റർ ഒഫ് പാരീസിൽ നിർമിക്കപ്പെട്ടവയാണ്. സെന്റ് ജോർജ്ജ് പള്ളിയിലെ ഈ 'പ്രേത സാന്നിദ്ധ്യത്തിന് ' പിന്നിൽ ഒരു കഥയുണ്ട്.
1968ൽ ഒരു സംസ്‌കാര ശുശ്രൂഷയ്‌ക്കിടെ പള്ളിയുടെ മേൽക്കൂര തകർന്നു വീഴുകയുണ്ടായി. ഇതോടെ ശാപം കിട്ടിയ പള്ളിയാണിതെന്ന് പ്രചരിക്കാൻ തുടങ്ങി. ഗ്രാമീണർ പള്ളിയെ പൂർണമായും ഉപേക്ഷിച്ചു. മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ അവർ മറ്റിടങ്ങളെ ആശ്രയിക്കാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം പള്ളിയിൽ അലങ്കാര പണികൾ ചെയ്‌ത് ആകർഷണം കൂട്ടി പ്രതാപം വീണ്ടെടുക്കാൻ ജേക്കബ് ഹദ്രവ എന്ന കലാകാരനെ പള്ളി അധികൃതർ ചുമതലപ്പെടുത്തി. ആളുകളെ പള്ളിയിലേക്ക് എങ്ങനെ ആകർഷിക്കാമെന്നാലോചിച്ച് ഹദ്രവ തല പുകച്ചു.
ഒടുവിൽ പള്ളിയിലേക്ക് കുറച്ച് ' പ്രേതങ്ങളെ ' കൊണ്ടുവരാൻ ഹദ്രവ തീരുമാനിച്ചു. 2014 ലാണ് പള്ളിയിൽ വെള്ള ശിരോവസ്ത്രമണിഞ്ഞ പ്രേത ശിൽപ്പങ്ങൾ ഹദ്രവ സ്ഥാപിച്ചത്.
ഇന്ന് ഹദ്രവയുടെ കരവിരുത് ആകർഷിക്കുന്നത് ഗ്രാമീണരെ മാത്രമല്ല, നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ടൂറിസ്റ്റുകളെ കൂടിയാണ്. ടൂറിസ്റ്റുകളുടെ വരവോടെ പള്ളിയുടെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും ലഭിച്ചു തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ലുക്കോവ ഗ്രാമത്തിൽ ജീവിച്ചിരുന്ന സുഡേറ്റൻ ജർമൻകാരുടെ ആത്മാവിന്റെ പ്രതീകമാണ് ഈ പ്രേത പ്രതിമകളെന്ന് ഹദ്രവ പറയുന്നു. സെന്റ് ജോർജ്ജ് പള്ളിയിൽ എല്ലാ ഞായറാഴ്‌ചകളിലും പ്രാർത്ഥനയ്‌ക്കായി ഇവർ എത്താറുണ്ടായിരുന്നത്രെ. 1352 ലാണ് സെന്റ് ജോർജ്ജ് പള്ളി നിർമിക്കുന്നത്. അന്നത്തെ അതേ നെടുംതൂണുകൾ തന്നെയാണ് ഇന്നും കാണാൻ സാധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |