നാട്ടിലാണെങ്കിൽ അസൂയ്യാലുക്കളും കഷണ്ടികളും നിറഞ്ഞ് നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. രണ്ടിനും മരുന്നില്ലാത്തതാണ് കാര്യം. മരുന്നില്ലാത്ത പീഡകളും വ്യാധികളും പെരുകിക്കൊണ്ടേയിരിക്കുമല്ലോ. അതുകൊണ്ടാണ് അസൂയ്യാലുക്കളും കഷണ്ടികളും നാട്ടിൽ കണ്ടമാനം വർദ്ധിച്ചത്. ഇവരോട് പൊരുതി നിൽക്കാൻ ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ നടക്കുന്നവർക്ക് പോലും സാധിക്കില്ല. സ്വാഭാവികമായും 'പ്രത്യേക ഏക്‌ഷനി'ൽ കുമ്പക്കുടി സുധാകർജിയെ പോലും വീഴ്ത്തിക്കളഞ്ഞ പിണറായി സഖാവിനും അത് സാധിച്ചില്ല. സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, സാധിക്കുന്നുമില്ല.
അസൂയ്യ, കഷണ്ടി പീഡകളുമായി നടക്കുന്നവരുടെ ആധിക്യമുണ്ടായാൽ അത് സമൂഹത്തിന് ഒരു ബാദ്ധ്യതയാകുമെന്നാണ് തത്വം. നാടിന് ഒരു വെല്ലുവിളിയുമായിരിക്കും. അങ്ങനെ ബാദ്ധ്യതയാകുന്നവരെക്കൊണ്ട് വല്ലാത്ത ദോഷമാണ്. വേറെ പണിയൊന്നുമില്ലാത്ത ഉത്തരവാദിത്വമില്ലാത്ത സമൂഹമായതിനാൽ വെറുതെ പരദൂഷണം പറഞ്ഞ് നേരം പോക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുക. അതുതന്നെയാണ് ഇപ്പോൾ കാണുന്നത്. പിണറായി സഖാവ് എങ്ങോട്ട് തിരിഞ്ഞാലും പരദൂഷണമാണ്. പിണറായി സഖാവ് വെളുത്ത കാറിൽ പോയാൽ കുറ്റം. കറുത്ത കാറിൽ പോയാൽ അതിലും വലിയ കുറ്റം. പത്തുനാല്പത് അംഗരക്ഷകരെ കൂടെകൊണ്ടുനടന്നാൽ മഹാഅപരാധം. ഇതെന്താ പതിനെട്ട് അക്ഷൗഹിണിപ്പടയോ എന്നാകും ചോദ്യം. അക്ഷൗഹിണിപ്പടയൊക്കെ നാട്ടുനടപ്പല്ലേ. പക്ഷേ അതും കണ്ണിൽ പിടിക്കില്ല.
പിണറായി സഖാവിന് പറക്കാൻ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു എന്നാണ് പുതിയ അപരാധമായി ഇപ്പോൾ പാടി നടക്കുന്നത്. "അരിമണിയൊന്ന് കൊറിക്കാനില്ല, തരിവളയിട്ട് കിലുക്കാൻ മോഹം" എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് പോലെയല്ലേ ഈ പരിപാടി എന്നാണ് ഇവന്മാരുടെ കുശുമ്പുപറച്ചിൽ.
ഹെലികോപ്‌റ്ററൊക്കെ ഒരു നാട്ടുനടപ്പാണ്. ആർക്കാണ് ഇതൊന്നും അറിയാത്തത്. പണ്ട് രാവണന്റെ കാലത്തേയുള്ള സംഗതിയാണ്. അന്ന് പുഷ്പകവിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് രാവണൻ അതും കൊണ്ട് പറന്നു. ഇന്ന് കാലം മാറി. പിണറായി സഖാവിന്റെ കാലമായപ്പോൾ ഹെലികോപ്റ്റർ വന്നു. അതുകൊണ്ട് സഖാവ് ഹെലികോപ്റ്ററിൽ പറക്കും. ഇനി ഇക്കാലത്തും പുഷ്പകവിമാനമാണ് ലഭ്യമാകുന്നതെങ്കിൽ പിണറായി സഖാവ് അതിലേ പറക്കൂ.
വേറൊരു പണിയുമില്ലാത്ത പീഡാവാഹകർക്കേ ഇങ്ങനെ പലതും പറഞ്ഞ് നടക്കാൻ സാധിക്കൂ. നാട്ടിലാണെങ്കിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബാലഗോപാലൻ സഖാവ് കഷ്ടപ്പെടുന്നുവെന്നാണ് ഈ പീഡാവാഹകരായ അസൂയ്യ, കഷണ്ടിയാലുക്കൾ പറഞ്ഞ് നടക്കുന്നത്. ബാലഗോപാലൻ സഖാവ് എത്ര കൂട്ടിമുട്ടിക്കാൻ ശ്രമിച്ചിട്ടും ഒരറ്റം മുട്ടുന്നില്ലത്രെ. അതിനിടയിൽ എന്തിന് ഈ പിണറായി സഖാവ് പറക്കാൻ വേണ്ടി മാത്രമായി പത്തെൺപത് ലക്ഷം ചെലവിടുന്നു എന്നാണ് ചോദിക്കുന്നത്. എന്ത് ചെലവ്. ഈ ചോദ്യം കേൾക്കുമ്പോൾ പിണറായി സഖാവിന് ഓർമ്മ വരുന്നത് കുഞ്ചൻനമ്പ്യാർ പാടിയത് തന്നെയാണ്. "ക്ലേശങ്ങൾ കൂടാതെ കാര്യം ലഭിക്കുമോ, കാശഴിയാതെ കുറിക്കൂട്ട് കിട്ടുമോ" എന്ന്. എന്തൊക്കെ ദാരിദ്ര്യം വന്നുപെട്ടാലും പത്രാസിനൊന്നും ഒരു കുറവും വരരുത്. അപ്പോൾ പിന്നെ പത്രാസ് കിട്ടണമെങ്കിലോ, അല്പം ത്യാഗം സഹിക്കേണ്ടിവരാം.
നാട്ടിൽ പട്ടിണിയും പരാധീനവും പരിവട്ടവുമാണെന്ന് ആളുകളെക്കൊണ്ട് പറയിക്കുന്നത് ഒട്ടും ശരിയല്ല. അത് നാലാളറിയുന്നത് തന്നെ മഹാപരാധമാകുന്നു. അതുകൊണ്ടാണ് പിണറായി സഖാവ് ഇതിനൊക്കെ തയാറാവുന്നത്. മുണ്ടിന് നിവൃത്തിയില്ലാത്തത് കൊണ്ട് പട്ടുടുത്തു എന്ന് ചിന്തിച്ചാൽ മതി. അസൂയ്യാലുക്കൾക്കും കഷണ്ടിക്കാർക്കും വേറെ പണിയില്ലാത്തത് കൊണ്ടും അവരെ ചികിത്സിക്കാൻ മറ്റ് മാർഗങ്ങളൊന്നും ഇല്ലാത്തത് കൊണ്ടും ഈ പരദൂഷണം പറച്ചിലിനെ സഹിക്കുകയേ മാർഗമുള്ളൂ.
....................................
- "ലക്ഷം കുറുനരി കൂടുകിലും, ഒരു ചെറുപുലിയോട് അടുക്കില്ലേതും" എന്ന് തന്നെയാണ് കുഞ്ചൻനമ്പ്യാരെപ്പോലെ ന.മോ.ജി- അമിത് ഷാ ജി സഖ്യത്തിനും പറയാനുള്ളത്. രാഹുൽജിയും ഖാർഗേജിയും നിതീഷ് കുമാർജിയും ലാലുജിയും യെച്ചൂരിസഖാവും മറ്രും ഇന്ത്യാ മുന്നണി എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുമായിരിക്കും. പക്ഷേ, ന.മോ.ജിക്ക് പുല്ലാണ്, പുല്ല്! ഇതൊക്കെ വെറും ഐ.എൻ.ഡി.ഐ.എ മുന്നണിയല്ലേ. ഇന്ത്യാ എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ!
അതുകൊണ്ടാണ് ഇന്ത്യാ മുന്നണിക്കാർ സകലമാന അസ്ത്രങ്ങളും പായിച്ച് വിരട്ടാൻ നോക്കുമ്പോഴും കുലുങ്ങാതെ അമ്പത്തിയാറ് ഇഞ്ച് നെഞ്ച് വിരിച്ച് ന.മോ.ജി നിൽക്കുന്നതായി നമുക്ക് തോന്നിപ്പോകുന്നത്.
കാണുമ്പോൾ ന.മോ.ജിക്ക് കുലുക്കമില്ലെന്നാണ് തോന്നുന്നതെങ്കിലും ആ 56 ഇഞ്ചിന്റെ അകക്കാമ്പിനകത്ത് എന്തോ കിടന്ന് പിടയുന്നില്ലേയെന്ന് ചിലരൊക്കെ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ആ ചോദിക്കുന്ന കൂട്ടരും ചിലപ്പോൾ നാട് നിറഞ്ഞ് നിൽക്കുന്ന അസൂയ്യാലുക്കളായിരിക്കാം.
അസൂയ്യാലുക്കൾ പറയുന്നതിലും ചിലതുണ്ട് എന്നത് കൊണ്ടാണ് ന.മോ.ജി - ഷാ ജി സഖ്യം എടുപിടിയെന്നും കൊണ്ട് പാർലമെന്റ് സമ്മേളനം വിളിച്ചത് എന്നൊരു സംസാരവുമുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലും ഇന്ത്യൻ പാർലമെന്റിലേക്കും ഒരുമിച്ചൊരു വോട്ടെടുപ്പ് നടത്തി പണച്ചെലവ് കുറയ്ക്കാനാണ് ന.മോ.ജിയുടെ പദ്ധതി എന്നാണ് ന.മോ.ജിയെ അടുത്തറിയാവുന്നവരുടെ അഭിപ്രായം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നാണ് ന.മോ.ജി കാണുന്ന സ്വപ്നം. ആ സ്വപ്നത്തിലേക്ക് അത്രപെട്ടെന്ന് നടന്നെത്താനായില്ലെങ്കിൽ പോലും അങ്ങനെയൊന്നിനായുള്ള തന്റെ ആത്മാർത്ഥമായ ആഗ്രഹം മാലോകരെ ബോദ്ധ്യപ്പെടുത്താൻ അഞ്ച് സംസ്ഥാനങ്ങളിലും ലോകസഭയിലും ഒരുമിച്ച് വോട്ടെടുപ്പ് നടത്തുക വഴി സാധിച്ചെങ്കിൽ അത്രയും നന്നല്ലേ. ഇക്കൂട്ടത്തിൽ ന.മോ.ജിക്ക് വീണ്ടും കടന്നുകയറാൻ സാധിച്ചെങ്കിൽ പിന്നെ ഒരു രാജ്യവും ഒരു തിരഞ്ഞെടുപ്പും പടിപടിയായി ആകാം. അപ്പോൾ പിന്നെ, ശിഷ്ടകാലം ഭാ.ജ.പാക്ക് കീഴിൽ രാജ്യം നാമജപവുമായി കഴിഞ്ഞോളും.
1970 വരെ ഇന്ത്യയിൽ ഒരു രാജ്യവും ഒരു തിരഞ്ഞെടുപ്പുമായിരുന്നില്ലേയെന്ന് ചോദിക്കുന്നവരുണ്ട്. അതെ. പക്ഷേ അന്നുവരെ കോൺഗ്രസേ കാര്യമായി ഉണ്ടായിട്ടുള്ളൂ നാട്ടിൽ. (കമ്മ്യൂണിസ്റ്റ്പച്ച കൂടിയുണ്ടായ കേരളത്തിൽ ഇതിനിടയ്ക്ക് മൂന്ന്-നാല് തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തിട്ടുണ്ട്.) ഇന്നിതല്ല സ്ഥിതി. നാട്ടിൽ സകലസ്ഥലത്തും ഭരിക്കുന്നത് പ്രാദേശികന്മാരും കൂട്ടുകക്ഷികളും ചേർന്ന അവിയൽ മുന്നണികളാണ്. ഒരവിശ്വാസം വന്നാൽ തീർന്നു സംഗതി. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഫോർമുല വച്ച് അപ്പോൾ രാഷ്ട്രപതിഭരണമാക്കാം. കേന്ദ്രന് കീഴിൽ കിടന്നോളും. എന്തേ, നല്ലതല്ലേ!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |