തിരുവനന്തപുരം: ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ ലാ ഓഫീസർ തസ്തിക സൃഷ്ടിച്ച് റവന്യൂ വകുപ്പ് ഉത്തരവായി. ഇതു മൂലമുണ്ടാവുന്ന അധിക സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാൻ നിലവിലുള്ള മൊച്ചി, ഡഫേദാർ തസ്തികകൾ നിറുത്തലാക്കി. ഈ രണ്ട് തസ്തികകളിൽ ജോലി ചെയ്തിരുന്നവരെ പ്യൂൺ/ ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്ക് മാറ്റി നിയമിക്കും. ലാ ഓഫീസർ തസ്തിക അഡിഷണൽ സെക്രട്ടറി റാങ്കിലായിരിക്കും. രണ്ടര ലക്ഷത്തിന് മേലായിരിക്കും ശമ്പളം.
സർക്കാർ കത്തുകളിൽ സ്റ്റാമ്പ് പതിച്ച് പശതേച്ച് ഒട്ടിക്കുന്ന ജോലി ചെയ്യുന്നവരുടെ റവന്യുവകുപ്പുതല പേരാണ് 'മൊച്ചി'. ജില്ലാ കളക്ടറേറ്രുകളിൽ കളക്ടറുടെ സഹായത്തിനു നിൽക്കുന്ന 'ശിപായി'യാണ് ഡഫേദാർ. ലാൻഡ് റവന്യൂ കമ്മിഷണറേറ്രിലും ഈ തസ്തികയുണ്ട്. 23,700-52,600 ആണ് രണ്ട് തസ്തികകളുടെയും ശമ്പള സ്കെയിൽ.
ലാ ഓഫീസർ
ലാൻഡ് റവന്യൂ കമ്മിഷണറേറ്റിന് കീഴിൽ വരുന്ന വിവിധ ഓഫീസുകളിൽ നിന്ന് നിയമോപദേശത്തിനും ഭൂമിയുമായി ബന്ധപ്പെട്ട അപ്പീൽ, റിവിഷൻ ഹർജികളായും നിരവധി വിഷയങ്ങൾ പരിഗണനയ്ക്ക് വരാറുണ്ട്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും വിവിധ കോടതികളിൽ ഫയൽ ചെയ്യുന്ന ഹർജികളിൽ ലാൻഡ് റവന്യു കമ്മിഷണർ പലപ്പോഴും കക്ഷിയാവും. റവന്യുവകുപ്പ് കൈകാര്യം ചെയ്യുന്ന 120 ഓളം നിയമങ്ങളും ചട്ടങ്ങളും കാലാകാലങ്ങളിൽ വരുത്താറുള്ള ഭേദഗതികളും ഹൈക്കോടതിയും മറ്റു കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവുകളും പരിശോധിച്ച് നിയമപരമായ തീരുമാനമെടുക്കേണ്ടിയും വരും. ഈ ഘട്ടത്തിലാണ് നിയമ ഓഫീസറുടെ ആവശ്യകത. ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ ജോയിന്റ് സെക്രട്ടറി പദവിയിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥനെയാവും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുക. എല്ലാ ജില്ലാ കളക്ടറേറ്റുകളിലും നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിമാരെ ലാ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ ലാ ഓഫീസർ ആവശ്യമാണ്.
റവന്യൂവിന് കീഴിൽ തന്നെയുള്ള സർവേ, ലാൻഡ് ബോർഡുകളിൽ ലാ ഓഫീസർ തസ്തിക നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |