ഇന്റർനെറ്റിന്റെ വേഗത വർദ്ധിച്ച് നമ്മുടെ ആശയങ്ങൾ പെട്ടെന്ന് വിനിമയം ചെയ്യാൻ തുടങ്ങിയതോടെ ലോകം കൈക്കുമ്പിളിലായിരിക്കുന്നു. വിദ്യാർത്ഥിസമൂഹം പ്രായഭേദമെന്ന്യ ഇന്റർനെറ്റ് സാങ്കേതികവിദ്യ പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും സമൂഹനന്മക്കും മറ്റുമായി മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ഇന്ന് നാം സാക്ഷ്യം വഹിക്കുകയാണ്. കൊവിഡ് മഹാമാരിയെത്തുടർന്ന് 2020 മാർച്ച് മുതലിങ്ങോട്ടുള്ള കാലത്താണ് വിദ്യാഭ്യാസരംഗത്ത് ഇന്റർനെറ്റ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തിയത്.
ലോക്‌ഡൗണിൽ മൊബൈലിലൂടെ രാജ്യത്തൊട്ടാകെ, പ്രത്യേകിച്ച് കേരളത്തിൽ പഠനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ അദ്ധ്യാപകർക്ക് കഴിഞ്ഞത് വൻനേട്ടമായി. വിദ്യാലയങ്ങളിലും കലാലയങ്ങളിലുമുള്ള പുതിയ തലമുറ സാങ്കേതികവിദ്യയുടെ പ്രയോജനത്തോടെ വിപ്ലവകരമായ മുന്നേറ്റത്തിന് കാലുറപ്പിച്ചു കഴിഞ്ഞു.
വിദ്യാഭ്യാസ സമ്പ്രദായത്തിൽ അദ്ധ്യാപക പരിശീലന രീതിയിലും വിദ്യ അഭ്യസിപ്പിക്കുന്ന സമീപനത്തിലും ഈ സാങ്കേതിക സൗകര്യം നിർണായക സ്വാധീനം ചെലുത്തുമെന്നുറപ്പാണ് .
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ വരുംനാളുകളിൽ പത്താം ക്ലാസിലെ ബോർഡ് പരീക്ഷ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസിൽ ബോർഡ് പരീക്ഷ നടത്തി ഉന്നതവിദ്യാഭ്യാസം നേടാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഭാവിയിൽ പന്ത്രണ്ടാം ക്ലാസിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കില്ല വിവിധ മേഖലകളിലെ തിരിച്ചറിവുകൾ കൂടി പരീക്ഷിക്കുന്ന പ്രവേശന പരീക്ഷകളിലൂടെയാവും സർവകലാശാലകൾ ഉന്നതപഠനത്തിന് അർഹത നൽകുക. മനഃപാഠമാക്കിയത് പരീക്ഷിക്കുന്ന പരീക്ഷാ സമ്പ്രദായത്തിന് മാറ്റം വന്നുകഴിഞ്ഞു. പ്രതിസന്ധികളെ മറികടന്ന് വിജയം കൈവരിക്കുന്ന കാഴ്ചപ്പാടുകളിലൂടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പരീക്ഷകളെയാണ് ഇനി കുട്ടികൾ അഭിമുഖീകരിക്കാൻ പോകുന്നത്. അതിന് പുതുപുത്തൻ ആശയങ്ങളിലൂടെ വ്യക്തമായ കാഴ്ചപ്പാടുകളിലൂടെ ഭാവിതലമുറയെ സജ്ജമാക്കുകയാണ് അദ്ധ്യാപകരുടെ കടമ.
അടിസ്ഥാന വിദ്യാഭ്യാസം മുതൽ ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുത്തി കൊണ്ടാകണം കുട്ടികളെ അഭ്യസിപ്പിക്കാൻ.
വരുംനാളുകളിൽ കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറാവാൻ എത്രസമയം ചെലവഴിക്കുന്നുവോ അതിലും പലമടങ്ങ് സമയം അദ്ധ്യാപകർ ചോദ്യപേപ്പർ തയ്യാറാക്കാൻ ചെലവിടേണ്ടിവരും. ജീവിത സാഹചര്യങ്ങളേയും പ്രതിസന്ധികളേയും പരീക്ഷണങ്ങളേയും ശരിയായ രീതിയിൽ മറികടക്കാനുള്ള അറിവ് ആർജ്ജിക്കുന്ന രീതിയിൽ പഠനവും പരീക്ഷയും മാറുകയാണ്. പുതിയ തലമുറയുടെ ജീവിതവിജയം ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതികൾ വരാനിരിക്കുന്നത്. അതിന് അദ്ധ്യാപകർ സുസജ്ജരായേ തീരൂ. അതിനുവേണ്ടി നമ്മുടെ അദ്ധ്യാപകർ
സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാൻ തയ്യാറെടുക്കേണ്ടതുണ്ട്. അതിന് അദ്ധ്യാപകസേനയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ലേഖകൻ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാനാണ്
ഫോൺ: 94460 65751, jyothischandran2122@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |