തിരുവനന്തപുരം: വിദ്യാസമ്പന്നരായ ഒരു ലക്ഷം പേർക്ക് വീടിന് സമീപം ഓഫീസ് സൗകര്യമൊരുക്കി ഐ.ടി, അനുബന്ധമേഖലകളിൽ സർക്കാർ തൊഴിലവസരമൊരുക്കും. കെ- ഡിസ്കിന്റെ 1000 കോടിയുടെ 'വർക്ക് നിയർ ഹോം" പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകി. സർവേ നടപടികൾ പുരോഗമിക്കുന്നു. ഒന്നരമാസത്തിനുള്ളിൽ തുടങ്ങും. നാലു വർഷം കൊണ്ട് പൂർത്തിയാക്കും.
കേരള നോളജ് എക്കോണമി മിഷനാണ് പദ്ധതി തയ്യാറാക്കിയത്. സ്‌റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിർവഹണച്ചുമതല. ഐ.ടി, ക്രിയേറ്റീവ് എക്കോണമി (ഓൺലൈൻ മാർക്കറ്റിംഗ് പോലുള്ള പ്രവൃത്തികൾ), ഭക്ഷ്യസംസ്കരണം തുടങ്ങി വ്യത്യസ്ത മേഖലകളിലെ സംരംഭങ്ങളാവും ഉൾപ്പെടുന്നത്.
ഒറ്റയ്ക്കും കൂട്ടായും ജോലി സ്ഥലം തിരഞ്ഞെടുക്കാം. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ഫ്രീലാൻസർമാർ, സംരംഭകർ തുടങ്ങിയവർക്ക് ഒരുകുടക്കീഴിൽ പ്രവർത്തിക്കാനാകും. വീഡിയോ കോൺഫറൻസിംഗ്, വൈദ്യസഹായം, റിക്രിയേഷൻ, വ്യായാമം തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തും.
തദ്ദേശ സ്ഥാപനങ്ങളാണ് ഓഫീസുകൾക്ക് സ്ഥലം കണ്ടെത്തേണ്ടത്. ഓഫീസുകളിലെ വരുമാനം ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങൾ തന്നെ കിഫ്ബി മുതൽമുടക്ക് തിരിച്ചടയ്ക്കും. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും പരിഗണിക്കും.
1145 ഓഫീസുകളുടെ ശൃംഖല
സൂക്ഷ്മ, ചെറുകിട, കമ്മ്യൂണിറ്റി എന്നിങ്ങനെ 1145 വർക്ക് നിയർ ഓഫീസുകളുടെ ശൃംഖലയാണ് വരുന്നത്. സൂക്ഷ്മ വിഭാഗത്തിൽ 675, മറ്റു വിഭാഗങ്ങളിൽ 400, 70 ഓഫീസുകൾ
സൂക്ഷ്മ വിഭാഗം: 15 മുതൽ 50 പേർക്ക് വരെ ഉപയോഗിക്കാവുന്ന 2000 ചതുരശ്ര അടി ഓഫീസ്. നിർമ്മാണച്ചെലവ് 50 ലക്ഷം മുതൽ
ചെറുകിട ഓഫീസ്: 5000 - 10,000 ചതുരശ്ര അടി വിസ്തൃതി. 51 മുതൽ 100 പേർക്കുവരെ ഉപയോഗിക്കാം. ചെലവ് ഒരു കോടി മുതൽ
കമ്യൂണിറ്റി വിഭാഗം: 100 - 250 പേർക്ക് ജോലി ചെയ്യാം. വിസ്തൃതി 25,000 ച.അടി. മുനിസിപ്പൽ, കോർപ്പറേഷൻ മേഖലയിലും ബ്ലോക്കുകളിലും നിർമ്മിക്കും. ചെലവ് 3.75 കോടി മുതൽ
സ്ത്രീകൾക്കാണ് കമ്മ്യൂണിറ്റി വിഭാഗത്തിൽ മുൻഗണന. അടിസ്ഥാന സൗകര്യങ്ങളും കുട്ടികളെ പാർപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |