പുതുപ്പള്ളി: വോട്ടിംഗ് യന്ത്രത്തിന് ചിലയിടങ്ങളിൽ വേഗത കുറഞ്ഞതിനാൽ പലരും വോട്ട് ചെയ്യാതെ തിരിച്ചുപോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. മൂന്ന് മണിക്കൂർ വരെ വോട്ട് ചെയ്യാൻ വരിയായി കാത്തിരുന്നവർ ഉണ്ടെന്നും ഒരാൾക്ക് വോട്ട് രേഖപ്പെടുത്താൻ അഞ്ച് മിനിട്ടിലേറെ സമയം എടുത്തെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. ഇത്തരം ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടിംഗ് യന്ത്രങ്ങൾ സ്ളോയാണെന്ന് അധികൃതർ മറുപടി നൽകിയതായും എന്തുകൊണ്ടാണിതെന്ന് ചോദിച്ചാൽ മറുപടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. 31ബൂത്തുകളിൽ പ്രശ്‌നമുണ്ടെന്ന് മനസിലാക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. റിട്ടേണിംഗ് ഓഫീസറോട് ഇക്കാര്യം രാവിലെ മുതൽ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചില ബൂത്തുകളിൽ പോളിംഗ് വൈകിയത് സംശയാസ്‌പദമാണെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ കളക്‌ടറോടും ഇക്കാര്യത്തിൽ പരാതിപ്പെട്ടു.
പോളിംഗ് സമയം അവസാനിച്ചതോടെ ഇതുവരെ 73.04 ശതമാനം പോളിംഗാണ് പുതുപ്പള്ളി മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. പോളിംഗ് സമയത്തിന് ശേഷവും തുടർന്നവർക്ക് ടോക്കൺ നൽകി പോളിംഗ് സ്‌റ്റേഷനുകളുടെ ഗേറ്റകൾ അടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |