ജയിലറിലെ വിനായകന്റെ കഥാപാത്രം വർമൻ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ വർമൻ കഥാപാത്രം ഇത്രയും ഹിറ്റാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് വിനായകൻ പ്രതികരിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
'മനസിലായോ ഞാൻ താൻ വർമൻ. ജയിലറിലേക്ക് വിളിക്കുന്ന സമത്ത് ഞാൻ കാട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഫോണിനൊന്നും റെയിഞ്ച് ഉണ്ടായിരുന്നില്ല. പതിനഞ്ച് ദിവസം അവിടെയായിരുന്നു. തിരിച്ചുവന്നപ്പോൾ കുറേ മിസ്ഡ് കോൾ കണ്ടു. അപ്പോഴാണ് രജനി സാറിന്റെ കൂടെ പടം ചെയ്യുന്നതിനെക്കുറിച്ച് അറിയുന്നത്. കൂടുതലൊന്നും ആലോചിക്കേണ്ട കാര്യമില്ല. രജനി സാറിന്റെ സിനിമയല്ലേ. പ്രധാന വില്ലൻ ഞാനാണെന്നൊക്കെ അവർ പറഞ്ഞുതന്നു. അതായിരുന്നു ഈ സിനിമയിലേക്കുള്ള ഫസ്റ്റ് സ്റ്റെപ്.
വർമൻ കഥാപാത്രം അത്രയും ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കില്ല സാർ... പടത്തിലെ ഡയലോഗാണ്. സിനിമയിലെ എല്ലാ സീനുകളും എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. റൊമ്പ നന്ദിയപ്പാ...രജനി സാർ...മറക്കമാട്ടെ. പ്രൊഡ്യൂസർ കലാനിധി മാരൻ സാറിനും ഒരുപാട് നന്ദി. '- വിനായകൻ പറഞ്ഞു.
രജനികാന്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വിനാകൻ പ്രതികരിച്ചു. ഒന്ന് കാണാൻ പോലും കഴിയാതിരുന്ന ആളിനൊപ്പം അഭിനയിക്കുക, അദ്ദേഹം ചേർത്തുപിടിച്ച് തന്ന ആത്മവിശ്വാസം മറക്കാൻ പറ്റില്ല. വർമൻ എന്ന കഥാപാത്രം ഇത്രയും ഉയരത്തിലെത്താൻ കാരണം രജനി സാറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |