തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനിയറിംഗ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റായിട്ടും പകുതി സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു ഏറെയും സ്വാശ്രയ കോളേജുകളിൽ. കുറഞ്ഞ ഫീസുള്ള സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലും സർക്കാർ കോളേജുകളിലും സമാന സ്ഥിതി. എൻട്രൻസിൽ ആദ്യ 100 റാങ്കുകാരിൽ ഒരാൾപോലും കേരളത്തിൽ പ്രവേശനം നേടിയില്ല.
ഇക്കൊല്ലം ആകെയുള്ളത് 49,903 സീറ്രുകൾ. എൻട്രൻസ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടത് 49,671കുട്ടികൾ. 50ശതമാനത്തോളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. മൂന്നാം അലോട്ട്മെന്റ് നടപടി പൂർത്തിയാകുമ്പോഴേ കൃത്യമായ കണക്ക് അറിയാനാവൂ എന്ന് എൻട്രൻസ് കമ്മിഷണറേറ്റ് വ്യക്തമാക്കി.
30 സ്വാശ്രയ കോളേജുകളിൽ 10കുട്ടികൾ പോലും പ്രവേശനം നേടിയിട്ടില്ല. 3 കുട്ടികൾ മാത്രമുള്ള നിരവധി കോളേജുകളുണ്ട്. അഞ്ച് കുട്ടികൾ മാത്രമുള്ള 14 കോളേജുകൾ. ഒരാൾ പോലും പ്രവേശനം നേടാത്ത കോളേജുകളുമുണ്ട്. 40കോളേജുകളിൽ 25 വിദ്യാർത്ഥികൾ മാത്രം. 60 കോളേജുകളിൽ 50പേരേ പ്രവേശനം നേടിയുള്ളൂ. 19സ്വാശ്രയ കോളേജുകളിൽ 100ലേറെ കുട്ടികൾ പ്രവേശനം നേടി.
എൻട്രൻസ് എഴുതാത്തവർക്ക്
അലോട്ട്മെന്റ് ഒൻപതു മുതൽ
സർക്കാർ നിയന്ത്രിത, സ്വകാര്യ മേഖലയിലെ 126 കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് എൻട്രൻസ് എഴുതാത്തവർക്കും 9 മുതൽ 13വരെ സ്പോട്ട് അലോട്ട്മെന്റിലൂടെ പ്രവേശനം അനുവദിക്കും. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് പ്ളസ്ടുവിന് 45 ശതമാനം മാർക്ക് മതി. ഐ.എച്ച്.ആർ.ഡി, കേപ്പ് എന്നിവയുടെ 9വീതം കോളേജുകൾ, എൽ.ബി.എസിന്റെ രണ്ട്, കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ മൂന്നാർ എൻജി. കോളേജ്, കെ.എസ്.ആർ.ടി.സിയുടെ ശ്രീചിത്ര തിരുനാൾ കോളേജ്, കേരള, കാലിക്കറ്റ്, എം.ജി വാഴ്സിറ്റികൾ നേരിട്ട് നടത്തുന്ന കോളേജുകൾ എന്നിവിടങ്ങളിലും ഇത്തരത്തിൽ പ്രവേശനം നേടാം.
ഒഴിവുകളുടെ ലിസ്റ്റ് 8ന്
സർക്കാർ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളുടെ പട്ടിക 8ന് പ്രസിദ്ധീകരിക്കും. കോളേജടിസ്ഥാനത്തിൽ സ്പോട്ട് അഡ്‌മിഷൻ നടത്തും. ഒഴിവുള്ള സ്വാശ്രയ സീറ്റുകളിൽ മാനേജ്മെന്റുകൾക്ക് പ്രവേശനം നടത്താം.
പ്രിയം സി.ഇ.ടിക്ക്
ഏറ്റവുമധികം കുട്ടികൾ ഇതിനകം പ്രവേശനം നേടിയത് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലാണ് (സി.ഇ.ടി). 757പേർ. എയ്ഡഡ് മേഖലയിലെ കൊല്ലം ടി.കെ.എം കോളേജിൽ 701പേർ മെരിറ്റിൽ പ്രവേശനം നേടി. തൃശൂർ ഗവ. കോളേജിൽ 689, പാലക്കാട് എൻ.എസ്.എസ് 598, കോതമംഗലം മാർ അത്തനേഷ്യസ് 593പേർ. കാക്കനാട് രാജഗിരിയിലാണ് (403) സ്വാശ്രയ കോളേജുകളിൽ കൂടുതൽ അലോട്ട്മെന്റ്.
മുൻവർഷങ്ങളിലും
സീറ്റുകൾ കാലി
(വർഷം,സീറ്റുകൾ, പ്രവേശനം,കാലി,ശതമാനം)
2022-23------45,073------30,012------15,061------33
2021-22------44,946------26,777------18,169------59
2020-21------45,197------27,757------17,440------61
2019-20------47,268------26,622------20,646------56
2018-19------50,051------24,836------25,215------49
2017-18------55,310------27,282------28,028------49
''അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കുട്ടികൾ പഠിക്കാൻ പോകുന്നതാണ് പ്രതിസന്ധിക്ക് കാരണം. സ്പോട്ട്അലോട്ട്മെന്റിലൂടെ പരമാവധി കുട്ടികൾക്ക് പ്രവേശനം നൽകും.
-ബിജുരമേശ്
പ്രസിഡന്റ്, സ്വാശ്രയകോളേജ്
മാനേജ്മെന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |