ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരുന്നവരെ ഭീകരമായി ഞെട്ടിക്കാൻ പോരുന്നതാണ് കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിലെ അൻപതോളം ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനകളിൽ വെളിപ്പെട്ട വിവരം. ഭക്ഷണശാലകളിൽനിന്ന് പഴകിയതും ഉപയോഗിക്കാനാകാത്തതുമായ ഭക്ഷ്യപദാർത്ഥങ്ങൾ കണ്ടെടുക്കുന്നതും കേസാക്കുന്നതുമൊക്കെ ഇടയ്ക്കിടെ പതിവാണ്. എന്നാൽ ഒരൊറ്റദിവസം തന്നെ ഇത്ര വിപുലമായി പരിശോധന നടത്തി വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തുന്നത് ആദ്യമാണെന്ന് തോന്നുന്നു. മനുഷ്യജീവനുകളോട് ഇത്രയധികം ദ്റോഹം ചെയ്യുന്ന തരത്തിൽ ഭക്ഷണശാലകൾ മാറാൻ പാടില്ലാത്തതാണ്. ശുചിത്വവും വെടിപ്പും ഉറപ്പാക്കി ഭക്ഷ്യയോഗ്യമായ ആഹാരം വിളമ്പാൻ ബാദ്ധ്യതപ്പെട്ട ഹോട്ടലുകൾ ഉപഭോക്താക്കളുടെ ആരോഗ്യത്തെ തകർക്കുംവിധം പെരുമാറിയാൽ അത്തരക്കാരെ നേരായ വഴിയേ കൊണ്ടുവരാൻ നഗരസഭയ്ക്കും ഭക്ഷ്യസുരക്ഷാവിഭാഗത്തിനും കഴിയേണ്ടതാണ്. ഇൗ വിഷയത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമ്പോഴാണ് പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കപ്പെടുന്നത്. നിയമലംഘകരായ സ്ഥാപനങ്ങൾ നോട്ടീസ് ലഭിച്ചശേഷവും അനുസരിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ അത്തരം സ്ഥാപനങ്ങൾ പൂട്ടുകതന്നെയാണ് വേണ്ടത്.
വ്യാഴാഴ്ച തിരുവനന്തപുരം നഗരത്തിലെ ചില പ്രധാന കേന്ദ്രങ്ങളിൽ നഗരസഭാ അധികൃതർ നടത്തിയ മിന്നൽ പരിശോധനകളിൽ ത്രീസ്റ്റാർ പദവിയുള്ള സ്ഥാപനമടക്കം മികച്ച നിരവധി ഹോട്ടലുകൾ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. പഴകിയ ആഹാരം വിളമ്പിയതിന്റെ പേരിൽ ഏതാനും ദിവസം മുമ്പ് പ്രതിക്കൂട്ടിലായ ഒരു ഹോട്ടലും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ശ്രദ്ധേയം. നഗരസഭയുടെ പരിശോധനയും നടപടിയുമൊന്നും തങ്ങൾക്ക് പ്രശ്നമല്ലെന്ന മട്ടിൽ നിയമ നിഷേധികളായ ഇത്തരക്കാർ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിതന്നെയാണ്. വ്യാഴാഴ്ച പരിശോധന നടന്ന 46 ഭക്ഷണശാലകൾക്ക് നഗരസഭാ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്.
ഏഴുദിവസത്തിനകം അപാകതകൾ തീർത്ത് വിവരം അറിയിക്കാനാണ് നിർദ്ദേശം. പണം കൊടുത്തുവാങ്ങുന്ന ഭക്ഷ്യവസ്തുക്കൾ മനുഷ്യന് കഴിക്കാൻ പാകത്തിലുള്ളതല്ലെങ്കിൽ നിയമം അനുശാസിക്കുന്നവിധം നടപടി സ്വീകരിക്കാൻ അധികൃതർ ബാദ്ധ്യസ്ഥരാണ്. ഭക്ഷ്യവസ്തുക്കളുടെ ശേഖരണം മുതൽ വയ്പും വിതരണവും വരെയുള്ള ഘട്ടങ്ങൾ വൃത്തിയും വെടിപ്പുമുള്ളതാകണമെന്ന് പ്രത്യേക നിഷ്കർഷ ഉള്ളതാണ്. എന്നാൽ സംസ്ഥാനത്ത് എവിടെയും സ്ഥിതി അത്ര മെച്ചമെന്നു പറയാനാവില്ല. പഴകിയ ഭക്ഷണ സാധനങ്ങൾ പുതിയ രൂപത്തിൽ തീൻമേശകളിലെത്തുന്നത് സർവസാധാരണമാണ്. പാകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളുടെ വൃത്തിയില്ലായ്മ, പഴകിയ മത്സ്യമാംസാദികൾ, വ്യക്തിശുചിത്വം കമ്മിയായ ജീവനക്കാർ, വീണ്ടും വീണ്ടും ഉപയോഗിക്കുന്ന പാചക എണ്ണ തുടങ്ങി ആരോഗ്യത്തെ തകർക്കുന്ന ഘടകങ്ങൾ പലതാണ്. ശീതീകരണിയിൽ സൂക്ഷിച്ചാൽ ഒന്നും കേടാകുകയില്ലെന്ന വിശ്വാസത്തിൽ എത്രദിവസം പഴക്കമുള്ളവപോലും അതിൽ സൂക്ഷിക്കാറുണ്ട്.
സാധാരണഗതിയിൽ അധികൃതരുടെ പരിശോധനയൊന്നും ഉണ്ടാകാത്തതിനാൽ ഭക്ഷണശാലകളുടെ അടുക്കളക്കാര്യം പുറത്തു ആരും അറിയാറുമില്ല. വല്ലപ്പോഴുമൊരിക്കൽ നടക്കുന്ന പരിശോധനയാണ് പിന്നാമ്പുറത്തെ ഞെട്ടിക്കുന്ന കാഴ്ചകൾ പുറത്തുകൊണ്ടുവരാറുള്ളത്. പരിശോധനയും നോട്ടീസ് വിതരണവുമൊക്കെ മുറപോലെ നടക്കും. കുറച്ചുകഴിയുമ്പോൾ ജനങ്ങളും അതൊക്കെ മറക്കും. ഭക്ഷണശാലകളിൽ വൃത്തിയും വെടിപ്പും നല്ല ഭക്ഷണം തന്നെയാണ് വിളമ്പുന്നതെന്ന് ഉറപ്പാക്കാനും വല്ലപ്പോഴും ഒരിക്കൽ നടക്കുന്ന മിന്നൽ പരിശോധന കൊണ്ട് സാധിക്കില്ല. ചുമതലപ്പെട്ടവർ നിരന്തരം അവ നിരീക്ഷിക്കേണ്ടതുണ്ട്. പരിശോധകർ ഏത് അവസരത്തിലും കടന്നുവരുമെന്ന് ബോദ്ധ്യമുണ്ടെങ്കിൽ വൃത്തിയും വെടിപ്പുമൊക്കെ താനേ വന്നുകൊള്ളും. ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെയും നഗരസഭാ അധികൃതരുടെയും അനാസ്ഥയും അലംഭാവവും മുതലെടുത്താണ് ഭക്ഷണശാലകൾ മനുഷ്യരെ വിഷം തീറ്റാൻ തയ്യാറാകുന്നത്.
ഭക്ഷണശാലകളിൽ മാത്രം പോരാ മിന്നൽ പരിശോധനകൾ. മാർക്കറ്റുകളിലും അവരുടെ ദൃഷ്ടി സദാ പതിയേണ്ടതുണ്ട്. മത്സ്യചന്തകളിൽ ഇൗ അടുത്ത ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ കണ്ടെത്തിയ കാഴ്ചകളും ഞെട്ടിക്കുന്നവയാണ്. വിഷലായനിയിൽ മുക്കിയെത്തുന്ന മത്സ്യങ്ങൾ പതിവുകാഴ്ചയായിട്ടുണ്ട്. ഉപയോഗ ശൂന്യമായവയാണ് സംസ്ഥാനത്തെത്തുന്ന മത്സ്യത്തിൽ നല്ലൊരു പങ്ക്. ഇതൊക്കെ തടയാൻ സ്ഥിരം പരിശോധനാ സംവിധാനങ്ങൾ നിലവിൽ വരണം. പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഏത് കച്ചവടവും പൂർണമായി തടയുകതന്നെവേണം. നഗരസഭയും സർക്കാരും ഇൗ വിഷയത്തിൽ തങ്ങളിൽ അർപ്പിതമായ ചുമതലകൾ നിറവേറ്റാൻ മടിക്കുന്നതുകൊണ്ടാണ് ഭക്ഷണശാലകളും കച്ചവടക്കാരുമൊക്കെ മനുഷ്യോപയോഗത്തിന് പറ്റാത്ത ആഹാരപദാർത്ഥങ്ങൾ ഒരു കൂസലുംകൂടാതെ വിൽക്കാനൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |