കൊച്ചി: എ.ഐ ക്യാമറകളുടെ സഹായത്തോടെ വാഹനഗതാഗതം നിരീക്ഷിച്ചു തുടങ്ങിയതോടെ അപകടങ്ങൾ കുറഞ്ഞെന്നും പദ്ധതിക്കെതിരായ ആരോപണം ശരിയല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡുകളിൽ എ.ഐ ക്യാമറ സ്ഥാപിച്ചതിൽ വൻ ക്രമക്കേടുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലാണ് വിശദീകരണം.
5 വർഷത്തോളം നീണ്ട കൂടിയാലോചനകൾക്കൊടുവിലാണ് എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ അനുമതി നൽകിയത്. ഇതിനെതിരെയുള്ള ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ക്രമക്കേടുകൾ സംബന്ധിച്ച തെളിവുകൾ ഹർജിക്കാർ സമർപ്പിച്ചിട്ടില്ല. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി ക്രമക്കേടുകൾ എന്തെങ്കിലുമുണ്ടോ എന്ന് കണ്ടെത്താനാണ് ഹർജിക്കാരുടെ ശ്രമമെന്ന് സർക്കാരിനു വേണ്ടി ഗതാഗത വകുപ്പു സെക്രട്ടറി ബിജു പ്രഭാകർ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
ഇതിനു മറുപടി നൽകാൻ ഹർജിക്കാർ സമയം തേടിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി സെപ്തംബർ 18നു പരിഗണിക്കാൻ മാറ്റി.
സത്യവാങ്മൂലത്തിൽ നിന്ന്
രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളത് കേരളത്തിലാണ്. 1.69 കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ക്യാമറ സ്ഥാപിക്കാൻ നികുതിയടക്കമുള്ള മൂലധനച്ചെലവ് 165 കോടി രൂപയും 5 വർഷത്തെ പദ്ധതി നിർവഹണച്ചെലവ് 66.92 കോടി രൂപയുമടക്കം 232 കോടിയാണ് ആകെച്ചെലവ്.
പിഴയിനത്തിൽ 59.72 കോടി
ജൂൺ അഞ്ചിനാണ് എ.ഐ ക്യാമറകൾ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങിയത്. സെപ്തംബർ 5 വരെ 59.72 കോടി രൂപ പിഴ ചുമത്തി. 7.14 ലക്ഷം ചെലാനുകൾ അയച്ചു. പിഴത്തുകയിൽ ഇതുവരെ 7.62 കോടി ലഭിച്ചു.
അപകടങ്ങൾ കുറഞ്ഞു
എ.ഐ ക്യാമറ വന്നതോടെ റോഡിൽ വാഹനയാത്രികർ ജാഗ്രത പുലർത്തിത്തുടങ്ങിയതിനാൽ അപകടങ്ങളുടെ എണ്ണം വൻതോതിൽ കുറഞ്ഞു. ഇക്കാര്യം വ്യക്തമാക്കാൻ കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും കണക്കുകൾ താരതമ്യം ചെയ്ത് ആഗസ്റ്റിലെ കണക്ക് ഹാജരാക്കി.
(വർഷം, അപകടങ്ങളുടെ എണ്ണം, മരണം, പരിക്ക് എന്നീ ക്രമത്തിൽ)
2022 ആഗസ്റ്റ് - 3366 - 307 - 4040
2023 ആഗസ്റ്റ് - 1065 - 58 - 1197
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |